വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ സര്‍വ്വനാശം വിതച്ച് ജീവന്റെ തുടിപ്പുകളെ കവര്‍ന്നെടുത്തപ്പോള്‍ പ്രകൃതി, ഒന്നു തൊട്ടുപോലും വേദനിപ്പിക്കാത്ത ഒരു വിഭാഗമുണ്ടായിരുന്നു. കാടിനെയും, മലകളെയും, മരങ്ങളെയും മൃഗങ്ങളെയും സ്‌നേഹിച്ചും സംരക്ഷിച്ചും ജീവിക്കുന്ന ആദിവാസിക വിഭാഗമാണവര്‍. ഉരുള്‍പൊട്ടലില്‍ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീര ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇിയും കണ്ടെത്താനുള്ളത് 130 പേരെയെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി പറയുമ്പോള്‍ ഈ കണക്കുകളില്‍ ഒന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാളുപോലും ഇല്ല എന്നതാണ് പ്രകൃതി നല്‍കുന്ന മറുപടി.
ഇതിന്റെ കാരണമെന്ത് എന്നാണ് പഠിക്കേണ്ടത്. അടച്ചുറപ്പുള്ള വീടുകളും, വൈദ്യുതിയും, ഇന്റര്‍നെറ്റും, കാലാവസ്ഥാ പ്രവചനങ്ങളും, ദുരന്ത സാധ്യതാ പഠനങ്ങളും തുടങ്ങി അത്യന്താധുനിക സംവിധാനങ്ങള്‍ ഉണ്ടായിട്ടും മുണ്ടക്കൈയില്‍ എല്ലാം വെറുതേയായി. കുത്തിയൊലിച്ചെത്തിയ ഉരുള്‍ അത്യാധുനികതയെ ചവിട്ടിയരച്ചു മണ്ണിനടിയിലാക്കി. അപ്പോഴും തങ്ങളുടെ കിടപ്പാടത്തെക്കുറിച്ചും, കൂട്ടരെക്കുറിച്ചും വിശപ്പിനെ കുറിച്ചും മാത്രമായിരുന്നു ആദിവാസി വിഭാഗത്തിന്റെ ചിന്ത. അത്യാധുനിക സംവിധാനങ്ങളൊന്നുമില്ലാതെ, പുല്ലിലും, ടാര്‍പോളിന്‍ ഷീറ്റിലും, പാറയുടെ മറവിലെ ഗുഹയിലും താമസിച്ചിരുന്നവര്‍ രക്ഷപ്പെട്ടു. കാരണം, അവര്‍ക്കു തുണ കാടും, കാട്ടാറും കല്ലും മണ്ണുമാണ്.
ഉന്നതികള്‍ (ആദിവാസി ഊരുകള്‍)
ആദിവാസി ഊരുകളെ ഉന്നതികള്‍ എന്നാണ് വിളിക്കുന്നത്. നഗരപ്രദേശത്തു നിന്നും പുഴകടന്ന്, കിലോമീറ്ററുകള്‍ താണ്ടി കാടിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നതാണ് ആദിവാസി ഉന്നതികള്‍. ഈ ഉന്നതികളിലേക്ക് വെട്ടമോ വെളിച്ചമോ എത്താറില്ല. എന്നാല്‍, സിറ്റിയുമായി ബന്ധം പുലര്‍ത്തുന്ന കുറച്ചുപേരുണ്ടാകും. അവരാണ് ഉന്നതിയിലേക്ക് അരിയും, മറ്റു സാധനങ്ങളും എത്തിക്കുന്നത്. കാട്ടില്‍ നിന്നും കിട്ടുന്ന വനവിഭവങ്ങള്‍ വില്‍ക്കാനായി മാത്രമാണ് ഇത്തരം വിഭാഗക്കാര്‍ കാടിറങ്ങുന്നത്. ചൂരല്‍മല മുണ്ടക്കൈ ഭാഗങ്ങളില്‍ ആകെ അഞ്ച് ആദിവാസി ഉന്നതികളാണ് ഉള്ളത്. ചൂരല്‍ മലയില്‍ മൂന്നും, മുണ്ടക്കൈയില്‍ രണ്ടും. ചൂരല്‍ മലയിലെ ഉന്നതികള്‍ അംബേദ്ക്കര്‍ ഉന്നതി, അന്തിച്ചുവട് ഉന്നതി, പുതിയ വില്ലേജ് ഉന്നതി എന്നിവയാണ്. മുണ്ടക്കൈയിലെ ഉന്നതികള്‍ ഏറാത്ത്കുണ്ട് ഉന്നതി, പുഞ്ചിരിമട്ടം ഉന്നതി എന്നിവയുമാണ്.
ചൂരല്‍മലയിലെ ഉന്നതികള്‍
ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്, ജൂലായ് 30 പുലര്‍ച്ചെയാണ്. അതിനും മൂന്നുദിവസം മുമ്പുതന്നെ വയനാട് കനത്ത മഴയാണ് പെയ്തിരുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരന്തത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നു കണ്ട് ചൂരല്‍മലയിലെ മൂന്നു ഉന്നതികളിലുള്ളവര്‍ക്ക് ട്രൈബര്‍ വികസന വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇവരെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥ ഉണ്ടായില്ല. ദുരന്തം വന്ന വഴിയിലോ, അതുമായി ബന്ധപ്പെടുന്ന സ്ഥലത്തോ അല്ല ഉന്നതികള്‍ സ്ഥിതി ചെയ്യുന്നത്. “അംബേദ്ക്കര്‍ ഉന്നതിയും, അന്തിച്ചുവട് ഉന്നതിയിലും, പുതിയ വില്ലേജ് ഉന്നതിയിലുമായി” നൂറോളം കുടുംബങ്ങളുമുണ്ട്. ഇവരെല്ലാം പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് ഇപ്പോഴും അവരുടെ ഉന്നതികളില്‍ പാര്‍ക്കുന്നുണ്ട്.
മുണ്ടക്കൈയിലെ ഉന്നതികള്‍
ദുരന്തം നേര്‍ക്കുനേര്‍കണ്ട രണ്ട് ഉന്നതികളാണ് മുണ്ടക്കൈയിലുള്ളത്. ഏറാത്ത്കുണ്ട് ഉന്നതിയും, പുഞ്ചിരിമട്ടം ഉന്നതിയും. ഏറാത്ത് കുണ്ട് ഉന്നതിയില്‍ അഞ്ചു കുടുംബങ്ങളിലായി 33 പേരുണ്ട്. പുഞ്ചിരിമട്ടം ഉന്നതിയില്‍ അഞ്ച് കുടുംബങ്ങളിലായി 16 പേരുമുണ്ട്. ഇവരെയെല്ലാം ഉരുള്‍പൊട്ടുന്നതിനും രണ്ടു ദിവസം മുമ്പ് മാറ്റി പാര്‍പ്പിച്ചിരുന്നു. ഒരു കുടുംബത്തിലെ ഒരാളൊഴികെ മറ്റെല്ലാവരെയും മാറ്റി പാര്‍പ്പിച്ചിരുന്നു. ഈ ഉന്നതികളുടെ മുമ്പിലൂടെയാണ് ഉരുള്‍പൊട്ടി ഒലിച്ചിറങ്ങി അടിവാരത്തെല്ലാം തകര്‍ത്തു തരിപ്പണമാക്കി ശ്മശാനമായി മാറിയത്. എന്നാല്‍, മനസ്സിലാക്കേണ്ട ഒരു കാര്യം വനവാസികളുടെ കുടിലിന്റെ 40 മീറ്റര്‍ മാറി ഒഴുകിയ ഉരുള്‍, ഒരു കുടിലിനു പോലും ക്ഷതം വരുത്തിയിട്ടില്ല എന്നതാണ്.
പക്ഷെ, ഉരുള്‍പൊട്ടല്‍ മൂലം അടിവാരത്തുള്ള പാലവും, റോഡും തോടും വീടുകളും കടകളും ഇല്ലാതായതോടെ ഉന്നതികള്‍ ഒറ്റപ്പെട്ടു പോയി. ഉരുള്‍പൊട്ടിയപ്പോഴും മനുഷ്യരെ മണ്ണോടു ചേര്‍ത്തു ഞെരിച്ചുകൊണ്ട് പ്രകൃതി സംഹാര താണ്ഡവമാടിയപ്പോഴും ചേനന്‍ എന്ന ആദിവാസി പുഞ്ചിരിമട്ടം ഉന്നതിയില്‍ തന്റെ വളര്‍ത്തു നായ്ക്കളൊപ്പം ഉണ്ടായിരുന്നു. അയാള്‍ക്കോ അയാളുടെ കുടിലിനോ വളര്‍ത്തു മൃഗങ്ങള്‍ക്കോ ഒന്നും സംഭവിച്ചില്ല. പുഞ്ചിരിമട്ടം ഉന്നതിയുടെ മുകളിലാണ് ഉരുള്‍പൊട്ടിയതിന്റെ പ്രഭവകേന്ദ്രം.
കുടിലുകള്‍ തൊടാതെ ഒഴുകിയ ഉരുള്‍
കീറിയ ടാര്‍പോളില്‍ ഷീറ്റ്, കാട്ടുകമ്പുകള്‍, തുണി കൊണ്ടു മറച്ച വാതില്‍ എന്നിവയൊക്കെയാണ് ഉന്നതികളിലെ വീടുകളുടെ ഏകദേശ രൂപം. ഇനി ഇതൊന്നുമല്ല, ഉള്ളതില്‍ നല്ലതെന്നു പറയാന്‍ കഴിയുന്നത്, മണ്ണുകൊണ്ടോ വെറും കല്ലുകൊണ്ടോ കെട്ടിയ വീടുകളാണ്. പുല്ലു മേഞ്ഞും, കമ്പുകള്‍ താറുമാറായി കെട്ടിയും നിര്‍മ്മിച്ചവ. ഇതിലാണ് ഇവരുടെ താമസം. എന്നാല്‍, ഇപ്പോഴതെല്ലാം കോണ്‍ക്രീറ്റ് വീടുകളുടെ മാതൃകയിലേക്ക് മാറിയിട്ടുണ്ട്. അവരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഊരുകളെല്ലാം നവീകരിക്കപ്പെടുന്ന കാലഘട്ടത്തില്‍പ്പോലും അവരുടെ ജീവിതം നഗരജീവിതത്തിന്റെ പടിവാതിലില്‍പ്പോലുമെത്തിയിട്ടില്ല.
നോക്കൂ, കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടി വന്നിട്ടും ഉന്നതികളിലെ ഒരു വീടു പോലും ഒലിച്ചു പോയില്ല. ഇരുട്ടിന്റെ മറവില്‍ കുത്തിയൊലിച്ച ഉരുള്‍ അവരുടെ ഊരുകള്‍ക്കു മുമ്പിലൂടെ ഹൂംങ്കാര ശബ്ദത്തോടെ പോയിട്ടും അവരെ ഭയപ്പെടുത്തിയില്ല എന്നതാണ് അത്ഭുതം. പുലര്‍ച്ചെ ഉണ്ടായ ഉരുള്‍ പൊട്ടലില്‍, പിറ്റേ ദിവസം ഇരുട്ടി വെളുത്തിട്ടും ഉന്നതികളെ തൊടാന്‍ തുടരെ തുടരെ പൊട്ടിയ ഉരുളുകളൊന്നും തയ്യാറായില്ല. പ്രകൃതി ദുരന്തങ്ങളില്‍പ്പെടാതെ ഇത്രയും കൃത്യമായി അവരുടെ വാസസ്ഥലം ഒരുക്കല്‍ അത്ഭുതമായേ കാണാനാകൂ. അത്യാധുനിക ജീവിത രീതികള്‍ അവലംബിച്ചവര്‍ക്കുണ്ടായ നഷ്ടം അളക്കാനാവുന്നതല്ല. എന്നിട്ടും, അവരുടെ ഉന്നതികള്‍ ഉന്നതമായി തന്നെ നിലകൊണ്ടു.
അവരെ കാട്ടിലേക്കു തന്നെ വിടുമോ? ഇനി എന്ത് ?
ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരു ടൗണ്‍ഷിപ്പാണ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍, ആദിവാസി വിഭാഗക്കാര്‍ക്ക് ടൗണ്‍ഷിപ്പ് നല്‍കിയാല്‍, അതും നഗരവാസികള്‍ക്കൊപ്പം നല്‍കിയാല്‍ അവര്‍ താമസിക്കില്ല. അവര്‍ക്ക് അവരുടെ വാസസ്ഥലം തന്നെയാണ് വേണ്ടത്. സുരക്ഷിതമറ്റൊരു വനമേഖല നല്‍കണം. അവര്‍ ആ വനമേഖലയിലേക്ക് പോകുമോ എന്നതും സംശയമാണ്. അവര്‍ ആവശ്യപ്പെടുന്നത് കാട്ടിലേക്ക് തന്നെ പോയാല്‍ മതിയെന്നാണ്. ഇതുവരെയും നാട് കണ്ടിട്ടില്ലാത്തവര്‍ വരെയുണ്ട് അവരുടെ കൂടെ. കാടിനെയും മലകളെയും, മരങ്ങളെയും, മണ്ണിനെയും സ്‌നേഹിച്ചു ജീവിക്കുന്ന കാട്ടുമക്കളെ അവരുടെ വാസസ്ഥലത്തേക്കു തന്നെ വിടുകയല്ലാതെ വേറെ എന്താണ് ഇതിനു പോംവഴി.
ആദിവാസി വികസന വകുപ്പിന്റെ പ്രവര്‍ത്തം
എന്താണ് ഇനി അവര്‍ക്കു വേണ്ടി ചെയ്യാനുള്ളതെന്നാണ് ആദിവാസി വികസന വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരും ചോദിക്കുന്നത്. ചെയ്യാനുള്ളതെല്ലാം ചെയ്യാം. അവരുടെ സംരക്ഷണമാണ് പ്രധാനം. വകുപ്പിലെ ഇനിയും തളരാത്ത രജനീകാന്തും സംഘവും പറയുന്നു. ഓരോ ഊരുകളിലും താമസിക്കുന്നവരെ കൃത്യമായി അറിയാവുന്നവരാണ് ട്രൈബര്‍ വികസന വകുപ്പിലെ ജീവനക്കാര്‍. ഏത് കാട്ടിലും, ഏത് മലയിലും അവര്‍ക്കു വേണ്ടി പോകാന്‍ തയ്യാറാണവര്‍. ഇനിയും അവര്‌ക്കൊപ്പം തന്നെ മുന്നോട്ടു പോവുകയും ചെയ്യുമെന്ന് ഉറച്ച സ്വരത്തില്‍ പറയുന്നു.
ചേനനെ തേടിയുള്ള സാഹസിക യാത്ര
30ന് പുലര്‍ച്ചെ പൊട്ടിയ ഉരുളിന്റെ ഭീകരത മനസ്സിലായത് നേരം പുലര്‍ന്നപ്പോഴായിരുന്നു. അപ്പോഴേക്കും ചൂരല്‍മല ശ്മശാനമായിക്കഴിഞ്ഞിരുന്നു. മൃതദേഹങ്ങള്‍ വന്നടിഞ്ഞ് കിടക്കുന്നതാണ് കാണുന്നതെന്ന് ട്രൈബര്‍ ഡെവലപ്‌മെന്റ് വകുപ്പിലെ ജീവനക്കാരന്‍ രജനീകാന്ത് പറയുന്നു. അന്നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇന്നും നിര്‍ത്താതെ തുടരുകയാണ് അദ്ദേഹം. ഉന്നതികളിലെ എല്ലാപേരെയും സംരക്ഷിക്കുക എന്നതായിരുന്നു ആദ്യ കര്‍ത്തവ്യം. അത് നിര്‍വഹിക്കാന്‍ കഴിഞ്ഞെങ്കിലും ചേനന്‍ എന്ന ആദിവാസി ഉന്നതിയില്‍ നിന്നും വാരാതെ നിന്നത് വലിയ പ്രശ്‌നമായി. കളക്ടര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചേനനെ കണ്ടെത്താന്‍ പോയത്.
ഇതിനിടയില്‍ ഭാര്യ ചേനന് ഭക്ഷണവുമായി കാടു കയറുകയും ചെയ്തു. ഇതോടൊപ്പം പുഞ്ചിരിമട്ടത്തെ ഗുഹയില്‍ താമസിച്ചിരുന്ന കൃഷ്ണനും ഭാര്യയും നാല് കുട്ടികളും ഭക്ഷണം കിട്ടാതെ വിഷമിച്ചിരുന്നു. ഇവരെ രക്ഷിക്കാന്‍ വനം, ചഉഞഎ, ഫര്‍ഫോഴ്‌സ്, സൈന്യം, പോലീസ് എന്നിവരുടെ സഹായം ട്രൈബര്‍ വകുപ്പ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണനെയും കുടംബത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. ഇത് വലിയ വാര്‍ത്തയുമായിരുന്നു. ഭക്ഷണം കൊടുക്കാന്‍ പോയ ചേനന്റെ ഭാര്യയും ചേനനും മാത്രം മിസ്സിംഗ്. ബാക്കി എല്ലാവരെയും വെള്ളൈമലയിലെ സ്‌കൂളില്‍ എത്തിച്ചു. ഈ സ്‌കൂളിലും അവര്‍ സുരക്ഷിതമല്ലെന്നു കണ്ട് വീണ്ടും ക്യാമ്പ് മാറ്റുകയും ചെയ്തു.
എന്നാല്‍, ക്യാമ്പില്‍ കഴിയുന്നവര്‍ തിരിച്ച് കാട് കയറുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ചേനനെയും ഭാര്യയെയും തേടിയുള്ള വനയാത്രക്ക് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ തയ്യാറായത്. രാത്രി, കൊടും കാട്ടിലൂടെ 30 കിലോമീറ്ററോളം നടന്നാലേ ഉന്നതികളില്‍ എത്താനാകൂ. രാത്രിയില്‍ പുലിയും, ആനയും, കരടി എന്നിവയുടെ വിഹാര കേന്ദ്രമാണീകാട്. അതുമാത്രമല്ല, മാവോയിസ്റ്റ് ഭീഷണിയുമുണ്ട്. എങ്കിലും കാണാതായവരെ കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു സംഘത്തിനുണ്ടായിരുന്നത്. ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും ലഭിച്ച വിവരങ്ങളുമായാണ് യാത്രആരംഭിച്ചത്. ട്രൈബര്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ രജനീകാന്ത് തന്നെയാണ് യാത്രയില്‍ മുമ്പില്‍.
പുഞ്ചിരിമട്ടം ഉന്നതിയിലെത്തിയ സംഘം അവരെ കണ്ടില്ല. വളര്‍ത്തു നായ്ക്കളെല്ലാം അവിടെയുണ്ട്. നിരാശരായ സംഘം കാടിറങ്ങി. ദൗത്യം ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചെങ്കിലും അവസാന മാര്‍ഗമെന്ന രീതിയില്‍ ചേനന്റെ മൊബൈല്‍ ഫോണ്‍വഴിയുള്ള ശ്രമം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ ക്യാമ്പിലെ ചേനന്റെ ബന്ധുക്കളോടും, സഹായികളോടും ചോദിച്ചു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടാമതും കാടുകയറാന്‍ രജനീകാന്തും ട്രൈബല്‍ വകുപ്പിലെ ഉദ്യോഗസ്ഥരും തീരുമാനിച്ചു. അങ്ങനെ വീണ്ടും പുഞ്ചിരിമട്ടത്തേക്ക് സാഹസികമായ രണ്ടാമത്തെ ദൗത്യം തുടങ്ങി. പുഞ്ചിരിമട്ടത്തു നിന്നും രണ്ടു കിലോമീറ്റര്‍ മാറി രാണിമല എന്നൊരു സ്ഥലമുണ്ട്.
അവിടെ യൂക്കാലിപ്റ്റസ് മരങ്ങള്‍ഉള്ള ഇടമാണ്. ചേനന്‍ അവിടെ പോകാറുണ്ടെന്നു മനസ്സിലാക്കി അങ്ങോട്ടു പോയി. എന്നാല്‍, അവിടെയും കണ്ടില്ല. ഉരുള്‍പൊട്ടിയ മലയുടെ മുകളില്‍ ഒരു വലിയ പാറയുണ്ട്. അതിനു മുകളില്‍ ഇരിക്കാന്‍ പറ്റുന്ന പാറയാണ്. അവിടെ നോക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പാറയുടെ മുകളിലേക്കു പോയെങ്കിലും അവിടെയും ചേനനെയും ഭാര്യയെയും കണ്ടില്ല. ഒറ്റപ്പെട്ടു പോയതിനാല്‍ ചേനനും ഭാര്യയ്ക്കും ഭക്ഷണം കിട്ടില്ലെന്നുറപ്പായിരുന്നു. അതുകൊണ്ടുതന്നെ ക്യാമ്പിലുള്ള ബന്ധുക്കളെ വെച്ച് ഒരു പ്ലാന്‍ തയ്യാറാക്കി. ഭക്ഷണം കുടിലില്‍ കൊണ്ടു വെച്ചേക്കാം വന്ന് എടുത്തോളാന്‍ ചേനനോട് ഫോണില്‍ വിളിച്ച് അറിയിക്കാനും, ഭക്ഷണം എടുക്കാന്‍ വരുന്ന സമയം പറയണമെന്നും പറയാന്‍ ആവശ്യപ്പെട്ടു.
ഈ പ്ലാന്‍ നടന്നു. ചേനന്‍ ഭക്ഷണമെടുക്കാന്‍ കുടിലില്‍ എത്തിയപ്പോള്‍ ദൗത്യ സംഘം ചേനനെ പിടികൂടുകയായിരുന്നു. അപ്പോഴും ചേനന്‍ ഭക്ഷണവും കൊണ്ടു വരുമെന്ന പ്രതീക്ഷയില്‍ ചേനന്റെ ഭാര്യ രണ്ടുകിലോമീറ്റര്‍ ഉള്ളില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇരുവരെയും കൊണ്ടാണ് ട്രൈബല്‍ വകുപ്പിന്റെ ദൗത്യ സംഘം വനമിറങ്ങിയതെന്ന് രജനികാന്ത് പറയുന്നു.
CONTENT HIGHLIGHTS;Sons of the Untouched Forest: Five Tribal Heights in Wayanad Disaster Land and Safe, They (Exclusive)