ഐക്യരാഷ്ട്ര സഭയുടെ സിസ്റ്റം സ്റ്റാഫ് കോളേജുമായി സഹകരിച്ച് UNCCD യും G20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവും സംഘടിപ്പിച്ച പാര്ലമെന്ററിയന്മാര്ക്കായുള്ള ഗ്ലോബല്‍ ചേഞ്ച് മേക്കര്‍ അക്കാദമിയില്‍ (G-CAP)പങ്കെടുത്ത ഏക ഇന്ത്യന്‍ പ്രതിനിധിയായി മാറി എ.എ. റഹീം എംപി. ഇക്കഴിഞ്ഞ അഞ്ചു ദിവസം ജര്‍മ്മനിയിലെ ബോണിലുള്ള യുഎന്‍ കാമ്പസില്‍ ആയിരുന്നു പരിപാടികള്‍ നടന്നത്. ലോകമെമ്പാടുമുള്ള പാര്ലമെന്റെറിയന്മാര്ക്കായുള്ള ഈ പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി പങ്കെടുക്കാന്‍ സാധിച്ചത് അഭിമാനകരമായി മാറിയെന്ന് റഹീം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഭൂസംരക്ഷണം, പരിപാലനം, പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിന് ലോകമെമ്പാടുമുള്ള പാര്‍ലമെന്റ് അംഗങ്ങളെ പ്രാപ്തമാക്കാനാണ് ഐക്യ രാഷ്ട്ര സംഘടന ഈ അക്കാദമിയിലൂടെ ലക്ഷ്യം വച്ചത്. സംഭാഷണത്തിനും ആശയ കൈമാറ്റത്തിനുമുള്ള ഒരു ആഗോള വേദിയാണ് GCAP. 24രാജ്യങ്ങളില്‍ നിന്നുള്ള 27പാര്‍ലമെന്റ് അംഗങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. വയനാട് ദുരന്തത്തിന്റെ നടുക്കുന്ന അനുഭവങ്ങള്‍ക്കിടയിലാണ് ഭൂമിയുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച ഇത്തരമൊരു വേദിയുടെ ഭാഗമാകാന്‍ കഴിഞ്ഞത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ സുസ്ഥിര വികസനത്തിന്റെ നല്ല മാതൃകകളും അനുഭവങ്ങളും മനസ്സിലാക്കാന്‍ ഈ ദിവസങ്ങളില്‍ കഴിഞ്ഞു. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുമായുള്ള സൗഹൃദം വളരെ വിലപ്പെട്ടതാണ്.ഐക്യ രാഷ്ട്ര സംഘടനയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ Ibrahim Thiaw മുതല്‍ കോസ്റ്റോറിക്കയുടെ 48 -ാമത് പ്രസിഡന്റ് Carlos Alvarado വരെയുള്ള പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. മലയാളിയായ മുരളി തുമ്മരാക്കുടിയാണ് G20 ബ്ലോബല് ലാന്‍ഡ് ഇന്‍ഷ്യേറ്റിവിന്റെ ഡയറക്ടര്‍ എന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വിവിധരാജ്യങ്ങളില്‍ നിന്നും അക്കാദമിയില്‍ പങ്കെടുക്കാനെത്തിയ പാര്‍ലമെന്റ് അംഗങ്ങളുടെയും യുഎന്‍ന്റെ ഉയര്‍ന്ന ഉത്തരവാദിത്വം വഹിക്കുന്നവരുടെയും വിദഗ്ദഗ്ധരുടെയും ശ്രദ്ധയില്‍ വയനാട് ഉരുള്‍പൊട്ടലിന്റെ വാര്‍ത്തകള്‍ ആദ്യം മുതല്ക്കേ എത്തിയിരുന്നു. നമ്മുടെ കൊച്ചു കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും എനിക്ക് അവിടെ വച്ച് ബോധ്യമായി. അതിജീവനത്തിന്റെ ഒരു കേരള മാതൃക ലോകം പ്രതീക്ഷിക്കുന്നുണ്ട്. നല്ല അനുഭവങ്ങളും കാഴ്ചപ്പാടുകളും സമ്മാനിച്ച അഞ്ചു ദിവസങ്ങളാണ് ലഭിച്ചതെന്ന് എ.എ. റഹീം അഭിപ്രായപ്പെട്ടു.