കോഴിക്കോട്: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകി.
നാളെ എറണാകുളം, തൃശൂർ ജില്ലകളിലും ഓറഞ്ച് അലേർട്ടുണ്ട്. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
തെക്കൻ ശ്രീലങ്കയ്ക്ക് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് മഴ കനക്കാനാണ് സാധ്യത. അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കും ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ആലപ്പുഴയും, കാസർഗോഡും ഒഴികെയുള്ള മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും മഴ അതിശക്തമായേക്കും.
കേരള ലക്ഷ ദ്വീപ് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.