ചൂട് കാലാവസ്ഥ കൂടി വരുമ്പോഴൊക്കെ തണുത്ത കാലാവസ്ഥയുള്ള നാടുകളില്‍ അവധി ആഘോഷിക്കുന്നവരുടെ എണ്ണവും കൂടും. ഇത്തരത്തിൽ പല ഹില്‍സ്റ്റേഷനുകളിലും സഞ്ചാരികള്‍ നിറയും. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അധികം പ്രസിദ്ധമല്ലാത്ത, എന്നാല്‍ തനതായ പ്രത്യേകതകളുള്ള ഒലി പോലുള്ള സ്ഥലങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തരാഖണ്ഡിൽ ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഗര്‍വാല്‍ മേഖലയിലെ ഒലി എന്ന പ്രദേശം ഇന്ത്യയുടെ സ്‌കീയിങ് തലസ്ഥാനമായാണ് അറിയപ്പെടുന്നത്. കാലാവസ്ഥയും പ്രകൃതിഭംഗിയും സമാധാനമുള്ള അന്തരീക്ഷവുമെല്ലാം ഒലിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തണുപ്പും മഞ്ഞുമൊക്കെയാണെങ്കിലും സഞ്ചാരികളെ മുറികളില്‍ ഒതുങ്ങിക്കൂടാന്‍ സമ്മതിക്കാത്ത സ്ഥലമാണ് ഒലി. ട്രെക്കിങ്ങിനും ക്യാംപിങ്ങിനും സ്‌കീയിങ്ങിനുമെല്ലാം സൗകര്യങ്ങളൊരുക്കി വച്ചാണ് ഒലി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
വേനലിലും സന്ദര്‍ശിക്കാന്‍ പറ്റിയ ഹില്‍സ്റ്റേഷനുകളിലൊന്നാണ് ഒലി. എങ്കിലും സ്‌കീയിങ്ങിന്റെ ആവേശം ഒട്ടും ചോരാതെ ആസ്വദിക്കണമെങ്കില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് നല്ലത്. ഇത് ഒലിയില്‍ കൊടും തണുപ്പിന്റെ കൂടി കാലമാണ്. നന്ദാദേവി മലനിരകളുടെ ഭംഗി ആസ്വാദ്യകരമായ കാലാവസ്ഥയില്‍ അനുഭവിക്കണമെങ്കില്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഒലി സന്ദര്‍ശിക്കണം. ഉത്തരാഖണ്ഡിലെ പ്രധാന നഗരങ്ങളുമായി റോഡ് മാര്‍ഗം ബന്ധമുള്ള പ്രദേശമാണ് ഒലി. ഋഷികേശ്, പുരി, രുദ്രപ്രയാഗ്, ചമോലി എന്നിവിടങ്ങളില്‍ നിന്നെല്ലാം ബസുകളും ടാക്‌സികളും ഒലിയിലേക്കുണ്ട്. ഡല്‍ഹി കശ്മീര്‍ ഗേറ്റില്‍നിന്ന് ഇന്റര്‍ സ്‌റ്റേറ്റ് ബസുകളും ഉണ്ട്. 286 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ ജോളി ഗ്രാന്‍ഡ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്ന് ഒലിയിലേക്ക് ടാക്‌സി ലഭിക്കും. 264 കിലോമീറ്റര്‍ ദൂരെയുള്ള ഋഷികേശാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.
ഗര്‍വാളിലെ സ്‌കീയിങ് പാരഡൈസ് എന്ന വിശേഷണം തന്നെ ഒലിയുടെ പ്രധാന സവിശേഷത എടുത്തുപറയുന്നുണ്ട്. ഇവിടുത്തെ മലഞ്ചെരിവുകള്‍ സ്‌കീയിങ്ങിന് അനുയോജ്യമാണ്. മഞ്ഞുകാലത്ത് അഞ്ചു കിലോമീറ്ററോളം നീളത്തിലാണ് ഒലിയില്‍ മഞ്ഞു നിറഞ്ഞു കിടക്കുക. സ്‌കീയിങ്ങിന് പുറമേ പാരാഗ്ലൈഡിങ്, ബംജീ ജംപിങ്, ജംഗിള്‍ സഫാരി, മൗണ്ടന്‍ ബൈക്കിങ് എന്നിങ്ങനെ പല സാഹസിക വിനോദങ്ങളുടെ കൂടി വേദിയാണിവിടം. ജോഷിമഠില്‍നിന്ന് ഒലിക്ക് അല്‍പം മുകളിലുള്ള ഗോര്‍സണിലേക്കുള്ള കേബിള്‍ കാര്‍ സംവിധാനവും ഇവിടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിള്‍ കാറാണിത്. നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ കേബിള്‍ കാര്‍ യാത്ര സഞ്ചാരികള്‍ക്ക് സവിശേഷ അനുഭവം നല്‍കും. ഹിമാലയന്‍ ട്രെക്കിങ്ങിന് അനുയോജ്യമായ പ്രദേശം കൂടിയാണ് ഒലീ. നന്ദാദേവി, കാമത്, മനാ പര്‍വത് എന്നിങ്ങനെ ട്രക്കിങ്ങിനുള്ള നിരവധി അവസരങ്ങള്‍ ഇവിടെയുണ്ട്. മഞ്ഞുകാലത്ത് മഞ്ഞു നിറഞ്ഞ പാതകളും വേനലില്‍ പച്ചപ്പുല്‍മേടുകളും പൈന്‍ മരക്കാടുകളും മലകളുമെല്ലാം മലകയറ്റക്കാരെ സ്വാഗതം ചെയ്യും.
ഒലീയോടു ചേര്‍ന്നുള്ള ഗുര്‍സണ്‍ ബുഗ്യാല്‍ പോലുള്ള പല സ്ഥലങ്ങളും അന്തരീക്ഷ മലിനീകരണമില്ലാത്ത മനോഹരമായ ആകാശങ്ങളുടെ രാത്രിക്കാഴ്ചകളുടെ പേരിലും പ്രസിദ്ധമാണ്. കുടുംബമായും ഒറ്റയ്ക്കും കൂട്ടായുമൊക്കെ താമസിക്കാന്‍ പറ്റിയ നിരവധി സൗകര്യങ്ങള്‍ ഒലിയിലുണ്ട്. ഉത്തരാഖണ്ഡ് ടൂറിസത്തിന്റെ വെബ് സൈറ്റില്‍ നോക്കിയാല്‍ അംഗീകാരമുള്ള ഹോം സ്‌റ്റേകളെക്കുറിച്ചും അറിയാനാവും. ഇനി ഒലീയില്‍ താമസം ശരിയായില്ലെങ്കില്‍ പോലും അടുത്തുള്ള ജോഷിമഠ് പോലുള്ള പ്രദേശങ്ങളില്‍ നിരവധി താമസ സൗകര്യങ്ങളുണ്ട്. ഗര്‍വാലിയിലെ പ്രാദേശിക ഭക്ഷണവും പ്രത്യേകതകളുള്ളതാണ്. വ്യത്യസ്തങ്ങളായ പരിപ്പു കറികളും ഇലക്കറികളുമെല്ലാം ഇവിടെ ലഭിക്കും. പ്രത്യേക മട്ടണ്‍ വിഭവമായ കച്ച്മൗലി, മധുരമൂറുന്ന ബാല്‍ മിത്തായ്, ഇലയില്‍ പൊതിഞ്ഞ പലഹാരമായ സിഗോരി എന്നിവയെല്ലാം ഒലിയിലെ സവിശേഷ വിഭവങ്ങളാണ്.
STORY HIGHLLIGHTS: holiday-destination-2023-auli-coolest-place-in-india