സിനിമയില്‍ പരിഭവങ്ങളും പിണക്കങ്ങളും എല്ലാം വളരെ സ്വാഭാവികമാണ്. ക്രിയേറ്റീവ് ആയിട്ടുള്ള ഒരു സ്പേസ് ആണ് സിനിമ. അതുകൊണ്ടുതന്നെ ചെറിയ പരിഭവങ്ങളൊക്കെ സ്വാഭാവികമാണ് സെറ്റുകളില്‍. സ്വന്തം സിനിമ ജീവിതത്തില്‍ തനിക്ക് അത്തരത്തില്‍ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് സംവിധായകന് സിബി മലയില്‍. സിനിമ ജീവിതത്തില്‍ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടായിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘സിനിമ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ സ്ഥായി ആയിട്ടുള്ള പിണക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ലാലിനോട് തന്നെ ചില പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കിരീടം ചെയ്യുന്നതിന് മുമ്പ് അദ്ദേഹം കഥ കേള്‍ക്കാന്‍ കുറച്ച് വൈകിയിരുന്നു. ആ സമയത്ത് ഞങ്ങള്‍ തമ്മില്‍ ചെറിയൊരു സംസാരമുണ്ടായിരുന്നു. പേഴ്സണല്‍ സംസാരത്തിനിടയിലായിരുന്നു ആ പരിഭവം. പിന്നീട് ലാല്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു.. താന്‍ അന്ന് എന്റെ അടുക്കല്‍ അങ്ങനെ ഒക്കെ പറഞ്ഞില്ലേ എന്ന്. ആ പിണക്കം അവിടെ തീര്‍ന്നു. അത് കഴിഞ്ഞ് ഞങ്ങള്‍ എത്രയോ സിനിമകള്‍ ചെയ്തു. ഇങ്ങനത്തെതല്ലാതെ സ്ഥായി ആയിട്ടുള്ള ഒരു പിണക്കവും ആരും ആയിട്ടും എനിക്ക് ഉണ്ടായിട്ടില്ല.’, സിബി മലയില്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദേവദൂതന് എന്ന ചിത്രം റീ റീലീസ് ചെയ്തത്. വലിയ പ്രേക്ഷക പിന്തുണയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ദേവദൂതന് റീമാസ്റ്റേര്‍ഡ് 4കെ അറ്റ്മോസ് പതിപ്പാണ് വീണ്ടും റിലീസ് ചെയ്തത്. 4കെ ക്ലാരിറ്റി ദൃശ്യമികവോടെ, ഡോള്‍ഫി ശബ്ദത്തിന്റെ മാന്ത്രികതയിലാണ് ചിത്രം പുറത്തു വന്നത്.
STORY HIGHLIGHTS: Sibi Malayil about Mohanlal