വിഴിഞ്ഞം: രാജ്യത്തിൻ്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കാനും ശരിയായി വിശകലനം ചെയ്യാനും വിമർശനങ്ങൾ ഉന്നയിക്കാനും പഠിപ്പിക്കുന്നില്ല എന്നതാണ് ഇന്നത്തെ വിദ്യാഭ്യാസത്തിൻ്റെ പ്രധാന പോരായ്മയെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ. സന്നദ്ധസംഘടനയായ ശാന്തിഗ്രാമിൻ്റെ 37-ാം വാർഷികാഘോഷ പരിപാടികൾ, മരുതൂർക്കോണം PTM വിദ്യാഗ്രാമത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുപ്രീംകോടതിയിലെ സീനിയർ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ.
ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കാൻ ഭയക്കുന്നവരാണ് അധ്യാപകരും വിദ്യാർത്ഥികളും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ബ്രിട്ടീഷുകാരിൽ നിന്നും ഏതാനും ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതായിരുന്നില്ല മഹാത്മജിയുടെ സ്വാതന്ത്ര്യ സങ്കല്പം. ഒരു പറ്റം ആളുകൾക്ക് യഥേഷ്ടം അധികാരം കയ്യാളാൻ അവസരം ലഭിക്കുമ്പോഴല്ല, മറിച്ച് വഴിതെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുള്ള കഴിവ് ജനങ്ങൾക്ക് വരുമ്പോൾ മാത്രമേ ഭാരതം പൂർണ്ണ’ സ്വാതന്ത്ര്യം നേടിയെന്ന് നമുക്ക് അവകാശപ്പെടാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി മൻമോഹൻ അദ്ധ്യക്ഷത വഹിച്ചു. ജനാരോഗ്യ പ്രസ്ഥാനം ചെയർമാൻ ഡോ. ജേക്കബ് വടക്കഞ്ചേരി ഭക്ഷ്യ – ആരോഗ്യ സ്വരാജ് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സാംരഗി സാംസ്കാരിക കേന്ദ്രം ഡയറക്ടർ എ.കെ. ഹരികുമാർ, ശാന്തിഗ്രാം ചെയർപേഴ്സൻ ബി. എസ്. ത്യാഗരാജ ബാബു, ഡയറക്ടർ എൽ. പങ്കജാക്ഷൻ, പി ടി.എം. കോളേജ് & ഐ.ടി.ഇ. പ്രിൻസിപ്പൽ ഡോ. അനു കൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ഉപന്യാസം, ക്വിസ്, പോസ്റ്റർ രചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ (PTM) എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്, പുളിങ്കുടി സാംരഗി സാംസ്ക്കാരിക കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ശാന്തിഗ്രാം ഇക്കൊല്ലത്തെ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
കൂടുതൽ അറിയാൻ: 9072302707, 81569 80450