ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീൽ ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരിക്ക് വേണമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം മൊഴി നല്‍കിയ താന്‍ കണ്ട ശേഷമേ, റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പാടുള്ളൂ എന്നായിരുന്നു അപ്പീലിൽ രഞ്ജിനി ആവശ്യപ്പെട്ടത്.
കമ്മിറ്റിക്ക് മുന്നില്‍ രഞ്ജിനി മൊഴി നല്‍കിയിട്ടുണ്ട്. ആ മൊഴി പുറത്തു വരരുത് എന്നാണ് കോടതിയില്‍ രഞ്ജിനിയുടെ അഭിഭാഷകന്‍ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ പുറത്തു വരരുത് എന്നാണോ താങ്കളുടെ ആവശ്യമെന്ന് കോടതി ചോദിച്ചു. കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയപ്പോൾ, മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. ആ ഉറപ്പു പാലിക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നേരത്തെ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. സജിമോന് ആ കമ്മിറ്റിയുമായി എന്ത് ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാരിന് ഒരാഴ്ച സമയമാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. ഈ സമയപരിധി നാളെ അവസാനിക്കുകയാണ്.