ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപുള്ള കരാറിൽ പറയാത്ത കാര്യങ്ങൾ ചിത്രീകരണ വേളയിൽ അഭിനേത്രികൾക്ക് ചെയ്യേണ്ടി വരുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 170മത്തെ പേജിലെ 328മത്തെ പാരഗ്രാഫിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. പ്രതിഫലം അടക്കമുള്ള കാര്യങ്ങൾ കരാറിൽ പറയാറില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.
നഗ്നത എത്രത്തോളം പ്രദർശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച ഒരു മുന്നറിയിപ്പും കരാറിൽ ലഭിച്ചിട്ടില്ലെന്നാണ് ഒരു നടി ഹേമ കമ്മിറ്റിയോട് പറഞ്ഞിരിക്കുന്നത്. വളരെ കുറച്ച് ശരീര ഭാഗങ്ങൾ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാർ കൂടുതൽ ശരീര ഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടുന്നു. ചിത്രീകരണം തുടങ്ങുമ്പോൾ ലിപ് ലോക്ക് സീനുകളിൽ വരെ അഭിനയിക്കാൻ ആവശ്യപ്പെടുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരിക്കുന്നു.
പുറക് വശമെ കാണിക്കൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കരാറിൽ പറയുന്നതിനെക്കാൾ കൂടുതൽ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഷൂട്ടിംഗ് അവസാനിപ്പിച്ച് സെറ്റിൽ നിന്നും പുറത്തേക്ക് പേകേണ്ട അവസ്ഥയാണ് നടിയ്ക്ക് ഉണ്ടായിട്ടുള്ളത്. ലൈംഗികമായ വിട്ടുവീഴ്‌ചകള്‍ക്ക് തയ്യാറാകണമെന്ന് പ്രമുഖര്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടതായി കമ്മിറ്റിക്ക് മുന്നില്‍ നിരവധി വനിതകള്‍ മൊഴി നല്‍കിയിട്ടുണ്ട്. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം വ്യാപകമാണെന്നും നടിമാര്‍ മൊഴി നല്‍കിയത് ഭീതിയോടെ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ട്. അതിജീവതകള്‍ പൊലീസിനെ സമീപിക്കാതിരിക്കുന്നത് ജീവഭയം കാരണമാണെന്നും പറയുന്നു. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് ഒഴിവാക്കുകയും അവരുടെ കുടുംബങ്ങളെ പോലും ഭീഷമിപ്പെടുത്തും. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിപ്പെടുന്നവര്‍ സിനിമയില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.