ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നേരത്തേ വായിച്ചിരുന്നെങ്കില്‍ അന്നേ നിയമപരമായ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് നടത്താമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറയുന്നത്. ഇതൊരു തൊഴിലിടത്തില്‍ നടന്ന ചൂഷണമാണ്. നിരന്തരമായ ചൂഷണ പരമ്പരയാണ് നടന്നത്. പരാതികളുടെ കൂമ്പാരം സര്‍ക്കിരിൻ്റെ കയ്യിലില്ലേ. ആരാണ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്? ഏത് പരുന്താണ് സര്‍ക്കാരിനും മീതെ പറക്കുന്നത്? ഒരു ക്രിമിനല്‍ ആക്ട് നടന്നാല്‍ അത് പൊലീസില്‍ അറിയിക്കേണ്ടേ? സര്‍ക്കാര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടല്ലോ, ഇതില്‍ കേസെടുക്കാന്‍ ഒരു പരാതിയുടെ ആവശ്യവുമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. നാലര വര്‍ഷം റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്റേത് മുടന്തന്‍ ന്യായമാണ്. ഇരകള്‍ക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാല്‍ പൊലീസിന് കേസെടുക്കാം. വാതിലില്‍ മുട്ടുന്ന വിദ്വാന്‍മാരെ ജനമറിയട്ടെ. സ്‌ക്രീനില്‍ തിളങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖം ജനം മനസ്സിലാക്കട്ടെ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്തതിനാല്‍ നടിയുടെ അവസരം നഷ്ടമായിട്ടില്ലല്ലോ എന്നും കെ മുരളീധരന്‍ ചോദിച്ചു.