‘പാടത്തു പണി വരമ്പത്തു കൂലി’ എന്ന ശൈലിയാണ് ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റേത്. ഏതു വിഷയത്തിനും അപ്പോള്‍ പരിഹാരം കാണുക എന്നതാണ് അദ്ദേഹത്തിന്റെ ലൈന്‍. അതിപ്പോള്‍ KSRTCയെ നന്നാക്കാനായാലും, ഗതാഗതവകുപ്പിന്റെ പരിഷ്‌ക്കാരങ്ങളിലായാലും നിലപാടില്‍ മാറ്റമുണ്ടാകില്ല. അതിനുദാഹരണമാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് മൂക്കുകയറിട്ടത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആരാധകരും ശത്രുക്കളും ഒരുപോലെയുണ്ട്. ഇത് രണ്ടാം ടേമാണ് രഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നത്.
മന്ത്രിപ്പണിക്കു മുമ്പ് അദ്ദേഹം നല്ലൊരു നടനായിരുന്നു. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളും ക്യാരക്ടര്‍ വേഷങ്ങളും ചെയ്താണ് ഗണേഷ്‌കുമാര്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. സിനിമാ മേഖലയിലും തന്റെ വെട്ടൊന്ന് കഷ്ണം രണ്ടെന്ന സ്വഭാവംകൊണ്ട് നിരവധി ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട്. അതുപോലെത്തന്നെ മിത്രങ്ങളുമുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഗണേഷ്‌കുമാര്‍ തികഞ്ഞൊരു മന്ത്രിയായി മാറിയിരിക്കുകയാണ്. മലയാള സിനിമയിലെ ഒരു അഭിനേതാവ് എന്നതില്‍ നിന്നും തികച്ചും വ്യത്യസ്തനായിട്ടാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കിയിരിക്കുന്നത്.
ഗണേഷ്‌കുമാറിന്റെ ഫാന്‍സ് ഈ മറുപടിയെ മാസ് മറുപടിയായി ആഘോഷിക്കുകയാണ്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളും സ്ത്രീ വിരുദ്ധമായ കാര്യങ്ങളാണ്. ഇതിനോട് പ്രതികരിക്കുന്നരെ തേടിയുള്ള പരക്കം പാച്ചിലാണ് മാധ്യമങ്ങളെല്ലാം. എന്നാല്‍, എല്ലാവരും റിപ്പര്‍ട്ടിനെ കുറിച്ച് പഠിച്ചു പറയാമെന്നാണ് മറുപടി നല്‍കുന്നത്. അതുകൊണ്ട് റിപ്പോര്‍ട്ടിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള മറുപടികള്‍ വളരെ കുറവാണ്. ഈ ഘട്ടത്തിലാണ് നടനായ മന്ത്രിയുടെ മറുപടി വൈറലാകുന്നത്. സിനിമാ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവവുമായി ബന്ധപ്പെട്ട് ആരും തന്നോട് ഇതുവരെ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സ്വഭാവത്തിന് അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്യും. പറഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അങ്ങനെ പറഞ്ഞാല്‍ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കും. അതുകൊണ്ടാണ് സിനിമയില്‍ വലിയ അവസരങ്ങള്‍ ഇല്ലാത്തതെന്നും ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. അത് നല്ലതാണ്. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടിയെടുക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി പറഞ്ഞിട്ടുണ്ട്. അതില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിക്ക് കാര്യം ഒന്നുമില്ല. ഇത് ഒരു ശുപാര്‍ശയാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അസൗകര്യങ്ങളൊക്കെ ശരിയാണ്. വിശ്രമിക്കാന്‍ സൗകര്യമില്ല. വലിയ നടിമാര്‍ക്ക് മാത്രമാണ് ടോയ്ലെറ്റ് സൗകര്യം. സ്ത്രീകളെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഇതില്‍ ഇതിന് മുമ്പ് തന്നെ നടപടി സ്വീകരിക്കേണ്ടതാണ്.
പല ആര്‍ടിസ്റ്റുകളും ടിവിയില്‍ പരാതിയായി ഉന്നയിച്ചിട്ടുണ്ട്. സീനിയര്‍ ആയിട്ടുള്ള നടികളുടെ കാരവന്‍ പോലും ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. ഇക്കാര്യങ്ങളില്‍ നേരത്തെ തന്നെ നടപടി സ്വീകരിക്കേണ്ടതാണ്. നിര്‍മ്മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ട ക്രമീകരണം ഒരുക്കേണ്ടതാണ്. സ്ത്രീകള്‍ക്കായി ഒരു പൊതു ഫെസിലിറ്റി അവര്‍ ഒരുക്കേണ്ടതാണ്. റിപ്പോര്‍ട്ട് മൊത്തത്തിലുള്ള ഒരു പഠനമാണ്. അതിലെ ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട ആവശ്യമില്ല. നടപ്പാക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്. നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കണം. അത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഗണേഷ്‌കുമാര്‍ പറയുന്നു.ആളുകളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അല്ലേ?. എന്നോട് ആരെങ്കിലും പരാതി പറഞ്ഞാല്‍ ഞാന്‍ പച്ചയ്ക്ക് വെളിയില്‍ പറയും. ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ ആരാണ് എന്നെനിക്കറിയില്ല.
ഞാന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സ്വഭാവത്തിന് അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിക്കും. അത്തരത്തില്‍ ഒരു പരാതി വന്നാല്‍ ബന്ധപ്പെട്ടവരെ ഫോണ്‍ വിളിക്കും. ഞാന്‍ ഇടപെട്ട് ശക്തമായി സംസാരിക്കും. അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ അപ്പോള്‍ ആക്ഷന്‍ എടുത്തിരിക്കും. അതാണ് എന്റെ സ്വഭാവം. അതുകൊണ്ടാണ് സിനിമയില്‍ വലിയ അവസരങ്ങള്‍ ഇല്ലാത്തത്. കുറ്റക്കാരുടെ പേരുവിവരങ്ങളൊന്നും രേഖയില്‍ പറയുന്നില്ല. അത്തരത്തില്‍ പേരുവിവരങ്ങള്‍ ഒന്നുമില്ലാത്ത ഒരു രേഖയെ കുറിച്ച് എങ്ങനെ ചര്‍ച്ച ചെയ്യുമെന്നും ഗണേഷ്‌കുമാര്‍ ചോദിക്കുന്നു.
സിനിമാ മേഖലയില്‍ നിന്നും ആരും ഇതുവരെ പരാതി പറയാത്തതു കൊണ്ടാണ് ഇടപെടാത്തതെന്ന് പറുന്നത് സത്യം തന്നെയാണ്. പക്ഷെ, പരാതി ഇല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്ന സിനിമാ മേഖലയെ മന്ത്രി ഗണേഷ് കുമാറിന് പണ്ടു മുതലേ അറിയാവുന്നതാണ്. എന്തുകൊണ്ടാണ് പരാതി ഉണ്ടാകാത്തതെന്നും അദ്ദേഹത്തിനറിയാം. പക്ഷെ, പരാതി ഇല്ലാതെ എങ്ങനെ പ്രതികരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിനു മുമ്പുവരെ സംഭവിച്ചു കൊണ്ടിരുന്ന കാര്യമാണ് പരാതി ഇല്ല എന്നത്. കമ്മിഷനു മുമ്പില്‍ വന്ന പരാതികളെല്ലാം സിനിമാ മേഖലയില്‍ നിന്നുള്ള വനിതകളുടേതാണെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ മനസ്സിലാക്കണമെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.
CONTENT HIGHLIGHTS; What’s up with Transport Minister on Hema Committee report: Ganesh Kumar’s mass reply: Media scrambling