Celebrities

‘ഞാൻ എന്നോട് നുണ പറയുകയാണെന്ന് തോന്നും’; വിമർശനങ്ങൾക്ക് മറുപടിയുമായി മഞ്ജു വാര്യർ | manju-warrier-reacted-to-criticization

നടി എന്നതിനപ്പുറം ബഹുമാന്യ സ്ഥാനം മഞ്ജുവിന് ജനം നൽകുന്നുണ്ട്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ രണ്ടാം വരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മഞ്ജുവിന്റെ സിനിമകളെപോലെ തന്നെ സ്റ്റൈലും മെക്കോവറും ആരാധകർ ഏറെ ആകാംക്ഷയോടുകൂടിയാണ് നോക്കികാണുന്നത്. സോഷ്യൽ മീഡിയയിലെല്ലാം സജീവമാണ് താരം.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മ‍ഞ്ജു വാര്യർ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ആയിഷ, വെള്ളരിപട്ടണം എന്നീ സിനിമകൾക്ക് ശേഷം നടിയുടെ പുതിയ മലയാള ചിത്രങ്ങളൊന്നും റിലീസ് ചെയ്തിരുന്നില്ല. മലയാളത്തിൽ കുറേക്കാലമായി മഞ്ജുവിന് സൂപ്പർ ഹിറ്റ് സിനിമകളില്ല. എങ്കിലും വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.

ഫൂട്ടേജാണ് നടിയുടെ പുതിയ ചിത്രം. ആ​ഗസ്റ്റ് 23 ന് സിനിമ റിലീസ് ചെയ്യും. പതിവ് മഞ്ജു വാര്യർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഫൂട്ടേജെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. എഡിറ്റർ സൈജു ശ്രീധർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഫൂട്ടേജ്. വിശാഖ് നായർ, ​ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

മഞ്ജു വാര്യർക്കെതിരെ വരാറുള്ള പ്രധാന വിമർശനം തുറന്ന് സംസാരിക്കാറില്ല എന്നാണ്. എപ്പോഴും ഒരു ഡിപ്ലോമസി മഞ്ജു സൂക്ഷിക്കാറുണ്ട്.

ഒപ്പമഭിനയിച്ച താരങ്ങളെക്കുറിച്ച് ചോദിച്ചാൽ ഇവരെ വല്ലാതെ പുകഴ്ത്തി സംസാരിക്കുക, വിവാദത്തിന് വഴി വെച്ചേക്കാവുന്ന ചോദ്യങ്ങളിൽ നിന്ന് മാറി നിൽക്കുക തുടങ്ങിയവയെല്ലാം മഞ്ജുവിന് നേരെ വരാറുള്ള വിമർശനങ്ങളാണ്. മലയാള സിനിമാ ലോകം വലിയ വിവാദങ്ങളിലൂടെ കടന്ന് പോയപ്പോഴും മഞ്ജു വാര്യർ ഇതിൽ നിന്നെല്ലാം മാറി നിന്നു.

നടി എന്നതിനപ്പുറം ബഹുമാന്യ സ്ഥാനം മഞ്ജുവിന് ജനം നൽകുന്നുണ്ട്. എന്നാൽ അമിതമായ ഡിപ്ലോമസി നല്ലതല്ലെന്ന് മഞ്ജുവിനെക്കുറിച്ച് വിമർശകർ പറയാറുണ്ട്. അഭിമുഖങ്ങളിൽ തമാശയായി പലരും കാണുന്ന റാപിഡ് ഫയർ റൗണ്ടുകളിൽ പോലും ഒരു ഉത്തരം പറയാൻ മഞ്ജു തയ്യാറാകാറില്ല. അവിടെയും സേഫ് ആയ എന്തെങ്കിലും മറുപടി നൽകുന്നതാണ് നടിയുടെ രീതി.

ഇതേക്കുറിച്ച് ഒരിക്കൽ മഞ്ജു വാര്യർ വിശദീകരണം നൽകിയിട്ടുണ്ട്. ആളുകൾ കരുതുന്നത് ഞാൻ ഡിപ്ലോമാറ്റിക് ആണെന്നോ ഉത്തരം പറയാൻ മടിക്കുന്നു എന്നോ ആണ്. പക്ഷെ അതല്ല സത്യം. ഫേവറെെറ്റ് ആയ ഒരാളെ തെരഞ്ഞെടുത്താൽ ഞാൻ എന്നോട് നുണ പറയുകയാണെന്ന് തോന്നും. എനിക്ക് ഈ നടനെയും നടിയെയും ഇഷ്ടമാണല്ലോ എന്ന് ചിന്തിക്കും. അതകൊണ്ടാണ് ഫേവറെെറ്റ് സെക്ഷൻ എനിക്കിഷ്ടമല്ലാത്തത്. പൊതുവെ ചോദ്യങ്ങൾ ഒരേ ഫോർമാറ്റിൽ ആയിരിക്കും.

ഈ ആക്ടറുടെ കൂടെയുള്ള മറക്കാനാകാത്ത അനുഭവം എന്നൊക്കെ. അത് ഒരു ഇന്റർവ്യൂയിൽ അല്ല. ഒരു സിനിമയുടെ പ്രൊമോഷന് 20, 25 ഇന്റർവ്യൂകളിൽ സംസാരിക്കേണ്ടി വരുമെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. എന്താണ് തനിക്ക് തോന്നുന്നതെന്ന് വാക്കുകളിലൂടെ കൃത്യമായി പറയാൻ സാധിക്കാറില്ലെന്നും മഞ്ജു വ്യക്തമാക്കി. അതേസമയം സിനിമകളുടെ പ്രൊമോഷൻ തന്റെ ഉത്തരവാദിത്വമാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.

തമിഴകത്ത് മഞ്ജു വാര്യർക്ക് തിരക്കേറുകയാണ് മിസ്റ്റർ എക്സ്, വിടുതലെെ 2, വേട്ടയാൻ എന്നിവയാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള തമിഴ് സിനിമകൾ. സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ഈ ചിത്രങ്ങളിൽ മഞ്ജുവിനും സുപ്രധാന വേഷമാണെന്നാണ് വിവരം. മഞ്ജു വാര്യരുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

content highlight: manju-warrier-reacted-to-criticization