യാത്രക്കാർ കുറവായതിന്റെ പേരിൽ ട്രെയിനിന്റെ സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കുന്നതും ബസ് സർവീസുകൾ വെട്ടി ചുരുക്കുന്നതുമൊക്കെ നമ്മുടെ നാട്ടിൽ പതിവുള്ള കാഴ്ചയാണ്. എന്നാൽ വർഷങ്ങളായി ഒരാൾ മാത്രം യാത്ര ചെയ്യാനുപയോഗിക്കുന്ന ട്രെയിൻ സ്റ്റേഷനുണ്ടെന്ന് പറഞ്ഞാൽ നമ്മൾ ചിലപ്പോൾ അത്ഭുതപ്പെട്ടു പോകും. എന്നാൽ അങ്ങനെയൊന്നുണ്ട് അങ്ങ് ജപ്പാനിൽ. ജപ്പാനിലെ ഹോക്കികോയിലെ ഒരു ഒറ്റപ്പെട്ട മേഘലയിലുള്ള റെയിൽവേ സ്റ്റേഷനാണ് അത്. സംഭവമിങ്ങനെ.
വിദ്യാഭ്യാസത്തിന് വളരെ മുൻതൂക്കം നൽകുന്നൊരു രാജ്യമാണ് ജപ്പാൻ. ജപ്പാനിലെ കുട്ടികൾ വായനാ സാക്ഷരത്, ഗണിതം, ശാസ്ത്രം തുടങ്ങിയവയിൽ ഗുണനിലവാരത്തിലും മിടുക്കിലും ഔന്നത്യം വഹിക്കുന്നു. ഈ രാജ്യത്തിലെ ജനങ്ങൾ ഉന്നത വിദ്യാഭ്യാസം ആർജ്ജിച്ചവരും സമൂഹം വിദ്യാഭ്യാസത്തെ വിലമതിക്കുന്നതുമാണ്. വിദ്യാഭ്യാസത്തെ സാമൂഹ്യ മുന്നേറ്റത്തിന്റെയും ആ രാജ്യത്തെ അത്യുന്നത സാങ്കേതിക രംഗത്ത് തൊഴിൽ നേടാനുള്ള ഉപാധിയായും കണ്ടുവരുന്നു. യുദ്ധാനന്തര ജപ്പാനിലെ ഉന്നത വിദ്യാഭ്യാസവും സാങ്കേതിക കഴിവും നേടിയ പൗരന്മാർ ആണ് ആ രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് ത്വരകമായത്. മറ്റ് വികസിത രാജ്യങ്ങളേക്കാൾ വിദ്യാഭ്യാസ രംഗത്ത് ജപ്പാൻ തങ്ങളുടെ ജി ഡി പ്പിയുടെ കുറഞ്ഞ ശതമാനം പണമെ വിദ്യാഭ്യാസത്തിൽ ഇറക്കുന്നുള്ളു. എങ്കിലും പ്രതി വിദ്യാർത്ഥിക്കുമായി ജപ്പാൻ വിദ്യാഭ്യാസത്തിനായി മുടക്കുന്ന പണം വളരെ ഉയർന്നതാണ്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ആ യുദ്ധത്തിന്റെ കെടുതികളിൽനിന്നും ജപ്പാൻ ഏതാനും ദശകങ്ങൾകൊണ്ട് മോചനം നേടിയതും അതിദ്രുതമായി ജപ്പാന്റെ സാമ്പത്തികരംഗം വളർന്നതും ആ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനം കാരണമാണ്.
ഡോ ഹെലൻ ഗെയ്ൽ പറഞ്ഞ ഒരു വാചകമുണ്ട്. ‘ ഒരു പെൺകുട്ടിക്ക് നിങ്ങൾ വിദ്യാഭ്യാസം നൽകുകയാണെങ്കിൽ, നിങ്ങൾ രാഷ്ട്രത്തിന് തന്നെയാണ് വിദ്യാഭ്യാസം നൽകുന്നത് ‘ . ഗെയ്ലിന്റെ ഈ വാക്കുകളുടെ അർത്ഥം ലോകത്ത് മറ്റേതൊരു രാഷ്ട്രത്തേക്കാളും ആഴത്തിൽ മനസിലാക്കിയത് ഒരു പക്ഷെ ജപ്പാനായിരിക്കും. ജപ്പാനിലെ ഹോക്കികോയിലെ ഉൾപ്രദേശത്ത് ഏറെക്കുറെ ക്ഷയിച്ച ഒരു റയിൽവേ സ്റ്റേഷൻ ഉണ്ട്. കാമി – ഷിരാതകി. അവിടെയിപ്പോഴും ട്രെയിനുകൾ നിർത്താറുണ്ട്. അതും ഒരേയൊരു യാത്രക്കാരിക്ക് വേണ്ടി മാത്രം. ട്രെയിനിൽ സ്കൂളിലേക്ക് പോകുന്ന കാനാ ഹരാധ എന്ന് പേരുള്ള ഒരു കൊച്ചു പെൺകുട്ടിക്കു വേണ്ടി മാത്രം. വിദ്യാഭ്യാസത്തിനോടും പെൺകുട്ടികളോടുമുള്ള ജപ്പാന്റെ കരുതലാണ് ഇവിടെ കാണാൻ കഴിയുന്നത്. ഒരു കൊച്ചു കുട്ടിക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്താനുള്ള ജപ്പാന്റെ കരുതൽ. 2012 ലാണ് ജപ്പാന്റെ റെയിൽവേ നെറ്റ് വർക്കുകൾക്കു വേണ്ടി ജപ്പാൻ റെയിൽവേസിന് അധികാരികൾ രൂപം കൊടുക്കുന്നത്. ഒറ്റപ്പെട്ട ഇടമായത് കൊണ്ട് തന്നെ കാമി ഷിരാതകി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ നിരക്ക് വൻ തോതിൽ കുറഞ്ഞു. യാത്രക്കാർ കുറഞ്ഞതോടെ ഇവിടെ ചരക്കു ഗതാഗതത്തിലും ഗണ്യമായ കുറവ് സംഭവിച്ചു.
സ്റ്റേഷൻ അടച്ചിടാൻ ജപ്പാൻ റെയിൽവേസ് തയ്യാറായിരുന്നു. എന്നാൽ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനി ദിവസവും ഈ സ്റ്റേഷൻ സൗകര്യം ഉപയോഗപ്പെടുത്തുന്ന കാര്യം അതികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞു. തുടർന്ന് റെയിൽവേ സ്റ്റേഷൻ അടച്ചിടാനുള്ള തീരുമാനം അവർ മാറ്റി. ഈ പെൺകുട്ടി ബിരുധ പഠനം പൂർത്തിയാക്കുന്നത് വരെ സ്റ്റേഷൻ തുറന്നിടാൻ അവർ തീരുമാനമെടുത്തു. ഈ പെൺകുട്ടിയുടെ പഠനം പൂർത്തിയായി കഴിഞ്ഞാൽ ഈ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നത് റെയിൽവേ അവസാനിപ്പിക്കും. ചരിത്രം എത്ര വലിയ ക്രൂരത കാട്ടിയിട്ടും ജപ്പാനെ മഹത്വവത്കരിക്കുന്ന ഘടകം അവസാനത്തെ പൗരനിലും എത്തുന്ന ഭരണ മികവാണ്. പ്രചോദനം നൽകുന്ന ഈ ഭരണ മികവിന്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ജപ്പാനെ അഭിനന്ദിക്കുന്നു. ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് പോലും വൻ പ്രാധാന്യം നൽകുന്ന ഭരണ മികവ്. ജപ്പാൻ കാട്ടി തരുന്ന ഈ മാതൃക ഇന്ത്യയും ലോകത്തെ മറ്റ് രാഷ്ട്രങ്ങളും പിന്തുടരേണ്ട ഒന്നു തന്നെയാണ്. അത് വഴി ഒരു പെൺകുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
Story Highlights ;The glory of Japan’s education