തിരുവനന്തപുരം: മലപ്പുറം എസ്.പിക്കെതിരെ പൊതുവേദിയിൽ വിമർശനമുന്നയിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് പി.വി അൻവർ എം.എൽ.എ. സാമൂഹ്യവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മലപ്പുറം എസ്.പി കേരളത്തിലെ ഐ.പി.എസ് ഓഫീർമാരുടെ നല്ലപേരിനെ കളങ്കപ്പെടുത്തുകയാണെന്നും എസ്.പിയാണ് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതെന്നും അൻവർ എം.എൽ.എ പറഞ്ഞു. താൻ പറഞ്ഞ പരാമർശം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പിവി അൻവർ എംഎംഎയുടെ നിലപാടിനെ ന്യായീകരിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. പൊലീസ് സംഘടന വേദികളിലെ വിമർശനം സ്വഭാവികമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആർ ബിജു കോഴിക്കോട് പറഞ്ഞു. മലപ്പുറത്തെ സംഭവം ആദ്യത്തേത് അല്ല. വിമർശനത്തിൽ അസഹിഷ്ണുതയില്ല. അൻവറിന്റെ വിമർശനം പരിശോധിക്കും. ഉൾക്കൊള്ളേണ്ട കാര്യമാണെങ്കിൽ ഉൾകൊള്ളുമെന്നും ഇല്ലെങ്കിൽ അവഗണിക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ഇന്നലെ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷൻ അൻവറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അൻവർ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു.