Travel

ടിപ്പുസുല്‍ത്താന്റെ ജാതകം ഗണിച്ച പാലക്കാടന്‍ കോട്ട; പാലക്കാടിന്റെ ചരിത്ര നിര്‍മ്മിതികളിലൊന്ന്-Palakkad Fort

പാലക്കാട് കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത് ടിപ്പു സുല്‍ത്താന്റെ പിതാവായിരുന്ന ഹൈദരലിയില്‍ നിന്നുമാണ്

പാലക്കാടിന്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. പാലക്കാടിന്റെ ഏറ്റവും അഭിമാനകരമായ ചരിത്ര നിര്‍മ്മിതികളിലൊന്നാണ് പാലക്കാട് കോട്ട. 1766 ല്‍ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചിട്ടുളളത്. കോട്ടയോടു ചേര്‍ന്നു വിശാലമായ മൈതാനത്തില്‍ വിശ്രമത്തിനും സായാഹ്ന നടത്തത്തിനും ധാരാളം പേര്‍ എത്താറുണ്ട്. വലിയ യോഗങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാകുന്ന ഇടം കൂടിയാണീ മൈതാനം. നിലവില്‍ കേന്ദ്ര പുരാവസ്തു വകുപ്പിനാണ് കോട്ടയുടെ സംരക്ഷണച്ചുമതല.

പാലക്കാട് കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത് ടിപ്പു സുല്‍ത്താന്റെ പിതാവായിരുന്ന ഹൈദരലിയില്‍ നിന്നുമാണ്. 1756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂര്‍ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്. തന്റെ ശത്രുവായ കോഴിക്കോട് സാമൂതിരിയുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോള്‍ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചന്‍ വിചാരിച്ചിരുന്നത്. ഇട്ടിക്കൊമ്പി അച്ചന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കോട്ട നിര്‍മ്മിച്ചതെങ്കിലും പിന്നീട് കോട്ട ഹൈദരലി ഏറ്റെടുക്കുകയായിരുന്നു. ഇതില്‍ എതിര്‍ത്ത ഇട്ടിക്കൊമ്പി അച്ചനെ ഹൈദരലി ശ്രീരംഗപട്ടണത്ത് തടവിലാക്കി കോട്ടയുടെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കുകയായിരുന്നു.

ഹൈദരലിയ്ക്ക് ശേഷം കോട്ടയില്‍ ആധിപത്യം ഉറപ്പിക്കാനായി എത്തിയത് അദ്ദേഹത്തിന്റെ മകനായിരുന്ന ടിപ്പു സുല്‍ത്താന്‍ ആയിരുന്നു. ടിപ്പു സുല്‍ത്താന്റെ കോട്ട എന്നും പാലക്കാട് കോട്ട അറിയപ്പെടുന്നു. കോട്ടയുടെ ചില ഭാഗങ്ങള്‍ക്ക് ഹൈന്ദവ വാസ്തുവിദ്യയുമായും മറ്റു ചില ഭാഗങ്ങള്‍ക്ക് ഇസ്ലാമിക വാസ്തുവിദ്യയുമായാണ് സാദൃശ്യം ഉള്ളത്. കൊക്കരണി, കവാടത്തിലെ സ്തംഭം, ദ്വാരപ്പട്ടിക, മേല്‍ക്കവാരങ്ങള്‍, കൊത്തളങ്ങള്‍ തുടങ്ങിയവ ഇവിടെ കാണുവാനാകും.

ടിപ്പുവിന്റെ ജാതകം എഴുതിയ കോട്ട എന്ന നിലയിലും ഇവിടം പ്രശസ്തമാണ്. മച്ചാട്ടിളയതാണ് ഇവിടെ വെച്ച് ടിപ്പുവിന്റെ ജാതകം എഴുതിയത്. ഒരിക്കല്‍ സ്വര്‍ണ്ണച്ചങ്ങലയില്‍ ബന്ധിച്ച ഒരു തത്തയുടെ മുന്നില്‍നിന്ന് ടിപ്പു മച്ചാട്ടിളയതിനോട് എന്നാണ് തത്തയുടെ മരണം എന്നു ചോദിച്ചു. ഉടനെയില്ല എന്ന മച്ചാട്ടിളയതിന്റെ മറുപടി കേട്ട ടിപ്പു വേഗം തന്നെ വാളെടുത്തു തത്തയെ വെട്ടി. എന്നാല്‍ വെട്ടു കൊണ്ടത് തത്തയുടെ ചങ്ങലയ്ക്കായിരുന്നുവെന്നും അത് പറന്നു പോയി എന്നുമാണ് കഥ. അങ്ങനെ ഇളയതില്‍ വിശ്വാസം വന്ന ടിപ്പു തന്റെ ജാതകം കുറിക്കുവാന്‍ ആവശ്യപ്പെട്ടത് ഇവിടെ വെച്ചായിരുന്നുവെന്നും കഥയുണ്ട്. രാവിലെ 08.00 മണി മുതല്‍ വൈകുന്നേരം 06.00 മണിവരെ സന്ദര്‍ശക്കര്‍ക്കായി കോട്ട തുറന്നു കൊടുക്കുന്നുണ്ട്. പാലക്കാട് സബ് ജയില്‍ കോട്ടയ്ക്കത്താണ് പ്രവര്‍ത്തിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

STORY HIGHLIGHTS: Palakkad Fort