Travel

കാണുന്നവരുടെയൊക്കെ ഹൃദയം കവരും; ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് | World’s Largest River Island Majuli in Assam

പ്രകൃതിയുടെ തനിമ ആസ്വദിക്കുന്നവരാണ് മജുലിയെ പ്രണയിക്കുന്നത്

കാണുന്നവരുടെ ഹൃദയം കവരുന്ന അപൂർവ്വ സൗന്ദര്യമുള്ള നാടാണ് മജുലി. പ്രകൃതിയുടെ അഴക് ഒത്തുചേർന്നു ഈ നാട് ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്. ധാരാളം സുന്ദര കാഴ്ചകൾ സ്വന്തമായുള്ള ഈ ദ്വീപിന്റെ വിസ്തീർണം മണ്ണൊലിപ്പ് മൂലം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ്‌ മജുലി. പ്രകൃതിയുടെ തനിമ ആസ്വദിക്കുന്നവരാണ് മജുലിയെ പ്രണയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി അസമിലാണ്. ബ്രഹ്മപുത്ര നദിയിക്ക് നടുവിലാണ് ഇൗ ദ്വീപ്. ദ്വീപിനുള്ളിലെ ചെറിയ ദ്വീപുകള്‍ കൂടി ചേര്‍ന്നതാണ് മജുലി. ഇവിടുത്തെ മറ്റൊരു ആകർഷണം വീടുകളാണ്. മഴക്കാലങ്ങളില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകും.

വെള്ളപ്പൊക്കത്തെ നേരിടുവാനായി മുളയുടെ പ്രത്യേകം കമ്പുകളില്‍ കുത്തിനിര്‍ത്തിയാണ് ഇവിടെ വീടുകള്‍ പണിയുന്നത്. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പുണ്ടായ ഭൂമികുലുക്കത്തിലാണ് മജുലി ദ്വീപ് ഉണ്ടായതെന്നു പറയപ്പെടുന്നു. ഭൂമികുലുക്കത്തെ തുടർന്ന് ബ്രഹ്മപുത്ര നദിയിൽ വെള്ളപ്പൊക്കമുണ്ടായി. അത് നദിയുടെ ഗതി മാറ്റി, ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണുമൊക്കെ ചേർന്നാണ് ദ്വീപ് ഉണ്ടായത്. അസമിന്റ സംസ്കാരിക തലസ്ഥാനമായി മജുലിയെ വിളിക്കാം. മതപരമായ ആചാരങ്ങൾ, കല, സാഹിത്യം, നൃത്തം, നാടകം എന്നിവയുടെ ആവാസ കേന്ദ്രമായ സത്രങ്ങളിലൂടെ ദ്വീപിന്റെ പൈതൃകം വളരെയധികം സംരക്ഷിക്കപ്പെടുന്നു. സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന അദ്ഭുതമാണ് മജുലി ദ്വീപ്. പക്ഷി നിരീക്ഷണത്തിനു പറ്റിയ ഇടം കൂടിയാണിത്. ഈ ദ്വീപിനുള്ളിലും ആളുകൾ വസിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

സ്കൂളുകൾ മുതൽ ആശുപത്രികളും കടകളും ചെറിയ വ്യവസായ സ്ഥാപനങ്ങളും ഇതിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. മജുലി ദ്വീപിൽ കർഷകരും ഗോത്രവർഗക്കാരുമാണ് താമസിക്കുന്നത്. മജുലി ദ്വീപിന്റെ മനോഹരമായ സംസ്കാരവും പാരമ്പര്യവും പര്യവേക്ഷണം ചെയ്യാം. ഗ്രാമകാഴ്ചകളിലേക്ക് തിരിക്കാം. കൈത്തറിയും പുരാതന കരകൗശലവിദ്യ അഭ്യസിക്കുന്ന ഗ്രാമീണരെയും ഇവിടെ എത്തുന്നവർക്ക് കാണാം.വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ മജൂലി ദ്വീപ് സന്ദർശിക്കാൻ മൺസൂൺ ഒട്ടും അനുയോജ്യമല്ല. അതേസമയം, വേനൽക്കാലം വളരെ ചൂടേറിയതുമാണ്, ഇത് ഈ സമയത്തെ യാത്രയെ വീണ്ടും ബുദ്ധിമുട്ടിലാക്കും. നവംബറിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കുന്ന ശൈത്യകാലമാണ് മജുലി ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. അപ്പോൾ തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ്.

STORY HIGHLLIGHTS : World’s Largest River Island Majuli in Assam