യാത്രാപ്രേമികൾക്ക് കണ്ണിന് വിരുന്നൊരുക്കുന്ന കാഴ്ചയാണ് ചിത്രകൂട് വെള്ളച്ചാട്ടം ഒരുക്കുന്നത്. പതഞ്ഞൊഴുകുന്ന ആ ജലയാത്ര കാണുന്നത് കണ്ണുകൾക്ക് തന്നെ ഉത്സവമാണ്. ഇന്ത്യൻ നയാഗ്ര എന്ന് വിളിപ്പേരുള്ള ചിത്രകൂടിലേക്കുള്ള വഴിയും യാത്രയും ഏതൊരു സഞ്ചാരിയെയും ഹരം പിടിപ്പിക്കുന്നതാണ്. അതിമനോഹര കാഴ്ചകളുമായി സന്ദർശകരെ ആകർഷിക്കുന്ന വെള്ളച്ചാട്ടം മാത്രമല്ല ഇവിടെയുള്ളത്, അരുവിയും പ്രകൃതി പണിതുണ്ടാക്കിയ ഗുഹയുമൊക്കെ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ ജഗദൽപൂരിലാണ് ഈ അപൂർവ്വ സൗന്ദര്യം കാണാൻ സാധിക്കുന്നത്. പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ സ്ഥലമെന്നു നിസംശയം പറയാവുന്ന ധാരാളം കാഴ്ചകൾ ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങളും നിബിഢവനങ്ങളും പ്രകൃതിദത്ത ഗുഹകളുമൊക്കെ ഇതിലുൾപ്പെടും. പ്രൗഢിയും പത്രാസുമൊന്നും അധികമില്ലാത്ത, ശാന്തമായ നഗര കാഴ്ചകളാണ് ജഗദൽപൂരിലെ ആദ്യ ആകർഷണം.
നഗരത്തിൽ നിന്നും മുപ്പതു കിലോമീറ്റർ മാറിയാണ് കാംഗേർവാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കാംഗേർ നദി ഒഴുകുന്നത് ഇതിനുള്ളിലൂടെയാണ്. 200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ഉദ്യാനത്തിലൂടെ പത്തുകിലോമീറ്റർ യാത്ര ചെയ്താൽ കൊടുംസർ ഗുഹാകാഴ്ചകളിലേക്കെത്താം. സ്വകാര്യവാഹനങ്ങൾക്കു പ്രവേശനമില്ല,അധികൃതർ ഏർപ്പാടാക്കിയിരിക്കുന്ന ജിപ്സിയിലാണ് വനത്തിലൂടെയുള്ള യാത്ര. 1327 നീളമുള്ള ഈ പ്രകൃതിദത്ത ഗുഹയ്ക്ക് 35 മീറ്റർ ആഴമുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹകളിൽ രണ്ടാം സ്ഥാനം കൊടുംസർ ഗുഹയ്ക്കാണ്. ഇടുങ്ങിയ ഒരു വഴിയിലൂടെയാണ് ഗുഹയ്ക്കുള്ളിലേയ്ക്ക് പ്രവേശനം. ചുണ്ണാമ്പുകല്ലുകളാൽ രൂപമെടുത്തിട്ടുള്ള നിരവധി രൂപങ്ങൾ ഇവിടെ കാണാവുന്നതാണ്. ഗുഹയുടെ മുകൾഭാഗത്തു നിന്നും താഴേക്ക് വളരുന്ന സ്റ്റാലക്റ്റൈറ്റ് പാറകളും ഗുഹയുടെ താഴെ നിന്നും മുകളിലേക്കു വളരുന്ന സ്റ്റാലഗ്മൈറ്റ് പാറകളും ഇവിടെ കാണാവുന്നതാണ്. ആയിരകണക്കിനു വർഷങ്ങൾകൊണ്ടാണ് ഗുഹയ്ക്കുള്ളിൽ ഇത്തരം അദ്ഭുതങ്ങൾ പിറവിയെടുത്തിരിക്കുന്നത്.
കൊടുംസർ ഗുഹയിലെ മറ്റൊരു വിസ്മയ കാഴ്ച, കണ്ണില്ലാത്ത മത്സ്യങ്ങളാണ്. ഗുഹയ്ക്കുള്ളിലൂടെ ഒഴുകുന്ന ചെറു നദിയിൽ ഈ മത്സ്യങ്ങളെ കാണാൻ സാധിക്കും. മഴക്കാലത്തു ഇതിനുള്ളിലേക്ക് പ്രവേശനമില്ല. ഗുഹയിലൂടെ ഒഴുകുന്ന നദി ഉഗ്രരൂപം പ്രാപിക്കുന്നതു കൊണ്ട് ജൂൺ മുതൽ ഒക്ടോബർ വരെ സന്ദർശകരെ അനുവദിക്കുകയില്ല.കാംഗേർവാലി ദേശീയോദ്യാനത്തിൽ തന്നെയുള്ള കാംഗേർ നദിയിലാണ് തീരത്ഗഡ് വെള്ളച്ചാട്ടം. കൊടുംസർ ഗുഹയിൽ നിന്നും ആറുകിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ഇവിടേയ്ക്ക് എത്തിച്ചേരാവുന്നതാണ്. ഏകദേശം മുന്നൂറു അടി ഉയരത്തിൽ നിന്നാണ് ജലം താഴേയ്ക്ക് പതിക്കുന്നത്. ആ കാഴ്ച അവർണനീയം തന്നെയാണ്. തട്ടുതട്ടുകളായാണ് ഇവിടെ ജലം താഴേയ്ക്ക് വീഴുന്നത്. വെള്ളച്ചാട്ടത്തിനു സമീപത്തായി ഒരു ശിവപാർവതി ക്ഷേത്രമുണ്ട്. എത്തുന്ന സന്ദർശകരിൽ ഭൂരിപക്ഷവും ഇവിടെ ക്ഷേത്രദർശനം കൂടി നടത്തിയിട്ടേ മടങ്ങാറുള്ളൂ. ഒക്ടോബർ മുതൽ ജനുവരി വരെയാണ് സന്ദർശനത്തിനു ഉചിതമായ സമയം.
ജഗദൽപൂരിൽ നിന്നും 38 കിലോമീറ്റർ സഞ്ചരിച്ചാൽ ഇന്ത്യൻ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടം കാണാം. ഇന്ദ്രാവതി നദിയിലാണിത് സ്ഥിതി ചെയ്യുന്നത്. നയാഗ്ര പോലെ കുതിരലാടത്തിന്റെ ആകൃതിയിൽ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വീതിയേറിയ ചിത്രകൂട് വെള്ളച്ചാട്ടവുമുള്ളത്. വർഷക്കാലത്തു ഉഗ്രരൂപം പ്രാപിക്കുന്ന വെള്ളച്ചാട്ടം, വേനലിൽ തീരെ ശാന്തമായാണ് താഴേയ്ക്ക് പതിക്കുന്നത്. വേനൽക്കാലങ്ങളിൽ തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഛത്തിസ്ഗഢ് വിനോദസഞ്ചാര വകുപ്പിന്റെ ആഡംബര ഹോട്ടൽ ഈ വെള്ളച്ചാട്ടത്തിനു സമീപത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്കു താമസത്തിനായി ഇവിടം തെരെഞ്ഞെടുക്കാവുന്നതാണ്.
STORY HIGHLLIGHTS : Visit The Niagara Falls Of India Chitrakoot Falls in Chhattisgarh