നിഗൂഢതകൾ പതിയിരിക്കുന്ന ഇടമാണ് പൂതംകുഴി ഗുഹ. പഴശിയുടെ കാലത്തു പടയാളികൾ ഒളിച്ചു താമസിച്ചുവെന്നു വിശ്വസിക്കുന്ന ഈ ഗുഹയിലെ കാഴ്ചകൾ ആരെയും അതിശയിപ്പിക്കും. വിസ്താരമേറിയ അകത്തളങ്ങളും വലിയ നടുത്തളത്തിനെ വേർതിരിച്ചിട്ടുള്ള ചെറുമുറികളുമൊക്കെ ഗുഹയ്ക്കുള്ളിൽ കാണാം. ആശ്ചര്യമുണർത്തുന്ന ഈ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണ് പൂതംകുഴി ഗുഹ.കോഴിക്കോട് കാവിലുംപാറയിലെ പൂതംകുഴി പുഴയിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. നദി അരകിലോമീറ്റർ ദൂരം ഒഴുകുന്നത് ഗുഹയ്ക്കുള്ളിലൂടെയാണ്. അകവശം ഏറെ വിസ്താരമേറിയ ഗുഹയ്ക്കുള്ളിൽ ഉഗ്ര വിഷമുള്ള സർപ്പങ്ങളും വവ്വാലുകൾ അടക്കമുള്ള ജീവികളുമുണ്ട്. അതുകൊണ്ടു തന്നെ ഗുഹാന്തർഭാഗത്തേയ്ക്ക് പോകുന്നതിൽ നിന്നും സന്ദർശകരെ നാട്ടുകാർ വിലക്കാറുണ്ട്. നാദാപുരം മുടിയിൽ നിന്നാണ് പൂതംകുഴി പുഴ ഉത്ഭവിക്കുന്നത്.
മഴക്കാലങ്ങളിൽ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. വേനൽക്കാലങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്തിച്ചേരാറുണ്ട്. നിഗൂഢവും അതിനൊപ്പം തന്നെ വിസ്മയവും ജനിപ്പിക്കുന്ന പൂതംകുഴി ഗുഹ സഞ്ചാരികൾക്കു കൗതുക കാഴ്ചയാണ്. വലുപ്പം മാത്രമല്ല, ഗുഹയ്ക്കുൾവശവും സന്ദർശകർക്കു ആശ്ചര്യം പകരും. സാഹസികരായ ധാരാളം പേർ ഇവിടെയെത്താറുണ്ടെങ്കിലും പാറക്കെട്ടുകൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ അകത്തേയ്ക്കു കയറുക എന്നത് അൽപം അപകടകരമാണ്. മാത്രമല്ല, ചെങ്കുത്തായ പാറയിടുക്കുകളിലൂടെ ഊർന്നിറങ്ങാൻ സാധിക്കുമെങ്കിലും തിരികെ കയറുക എന്നതു പ്രയാസമാണ്. പൂതംകുഴി പുഴയുടെ ഉൽഭവസ്ഥാനമായ കരിങ്ങാട് മല വയനാടിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിയുടെ കാലത്തു യുദ്ധങ്ങളിൽ പങ്കെടുത്തിരുന്ന പടയാളികൾ ഈ ഗുഹയിൽ ഒളിച്ചു താമസിച്ചിരുന്നുവെന്നൊരു വിശ്വാസമുണ്ട്. പക്ഷേ, ഇതിനു ആവശ്യമായ തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല.
STORY HIGHLLIGHTS: Pooyamkuzhi cave in Kozhikode