World

ഇന്ത്യ എപ്പോഴും ‘സമാധാനം’ എന്ന പക്ഷത്താണെന്ന് നില്‍ക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുദ്ധത്തിന്റെ സമയത്ത് ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും സമാധാനം എന്ന പക്ഷത്താണെന്ന് നില്‍ക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുമായുളി കൂടിക്കാഴ്ചക്ക് ശേഷമാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
യുക്രെയ്ന്‍ റഷ്യ യുദ്ധത്തിലും ഇതുതന്നെയാണ് നിലപാട്. സമാധാനം സ്ഥാപിക്കുന്നതിന് എല്ലാ ഇടപെടലുകളും ഇന്ത്യ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യന്‍ പൗരന്‍മാരേയും വിദ്യാര്‍ഥികളേയും ഒഴിപ്പാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്തത്. പ്രതിസന്ധി ഘട്ടത്തിലെ സഹായത്തിന് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മാനുഷികമായ സമീപനം എന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നും യുക്രെയ്ന് ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. മൂന്ന് മണിക്കൂറോളമാണ് മോദി സെലെന്‍സ്‌കി കൂടിക്കാഴ്ച നീണ്ടത്.

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ എത്തിയ മോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. റഷ്യയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കായുള്ള സ്മാരകത്തില്‍ ഇരു നേതാക്കളും ഒരുമിച്ചെത്തി ആദരം അര്‍പ്പിച്ചു. സെലെന്‍സ്‌കിയുടെ തോളില്‍ കൈയ്യിട്ട് ആശ്വസിപ്പിച്ചാണ് മോദി സ്മാരകം സന്ദര്‍ശിച്ചത്. 1991ല്‍ യുക്രെയ്ന്‍ സ്വതന്ത്രമായ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. അതും റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ സമയത്താണ് എന്നതാണ് ഏറെ പ്രധാന്യം. സെലെന്‍സ്‌കിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. നേരത്തെ യുദ്ധത്തിനിടയില്‍ മോദി റഷ്യ സന്ദര്‍ശിച്ചതില്‍ യുക്രെയ്ന്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.