കഴിഞ്ഞ രണ്ടു വർഷമായി കാർ വില്പന കുതിച്ചുയർന്നപ്പോഴും അതിൽ പങ്കെടുക്കാതെ രാജ്യത്തെ യുവാക്കൾ. മിഡിൽ ക്ലാസ് വിഭാഗത്തിൽപ്പെട്ട യുവാക്കൾ ഇനി കാറുകൾ വാങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ. ആഗ്രഹമില്ലാഞ്ഞിട്ടല്ല മറിച്ച് അതിൻറെ ചെലവ് താങ്ങാൻ കഴിയാത്തതുകൊണ്ടാണ് യുവാക്കളുടെ ഈ തീരുമാനം.
യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല. ജോലി ഉള്ളവർക്ക് ആകട്ടെ ഒരു ഉയർച്ചയും ലഭിക്കുന്നില്ല. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഒരു കാർ വാങ്ങാനോ ഒരു ഇഎംഐ ആരംഭിക്കാനോ ആരാണ് ധൈര്യപ്പെടുക എന്നാണ് ചോദിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആഡംബര കാറുകളുടെയും മൾട്ടിയൂട്ടിലിറ്റി വാഹനങ്ങളുടെയും വിൽപ്പന കുതിച്ചുയർന്നു. എന്നാൽ ചെറിയ മിഡിൽ ക്ലാസ് പാസഞ്ചർ കാറുകളുടെ വിൽപ്പന സ്തംഭിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
90 കളിലെയോ 2000 കാലത്തെയോ പോലെ യുവാക്കൾക്ക് മികച്ച ശമ്പള വർദ്ധനവ് ഇപ്പോൾ ലഭിക്കുന്നില്ല. മിഡിൽ മാനേജ്മെന്റിലേക്ക് ഉയർത്തപ്പെട്ട ചെറുപ്പക്കാരായ പ്രൊഫഷണലുകൾ ഒരേ ശമ്പളത്തിൽ വർഷങ്ങളോളം ജോലി ചെയ്യേണ്ടി വരുന്നു. ഒപ്പം ഏത് സമയവും പിരിച്ചുവിടപ്പെടാം എന്ന ഭീതിയും സ്വകാര്യമേഖലയിൽ നിലനിൽക്കുന്നു. ഇതിനാലാണ് ഇടത്തരക്കാരായവർ ലോണെടുത്ത് വാഹനങ്ങൾ വാങ്ങാൻ തയ്യാറാകാത്തത് എന്നാണ് വിലയിരുത്തൽ.
പത്തുവർഷം മുൻപ് രാജ്യത്ത് ഉണ്ടായിരുന്ന 64 ശതമാനം കാറുകളും ചെറു ഇടത്തരം വലിപ്പമുള്ള കാറുകൾ ആയിരുന്നു. എന്നാൽ ഇത് ഇന്ന് 35% ആയി ചുരുങ്ങി. 2013-14 കാലത്ത് 19.7 ലക്ഷം കാറുകൾ ഇത്തരത്തിൽ വിറ്റഴിക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 17.2 ലക്ഷം മാത്രമാണ് ചെറു ഇടത്തരം കാറുകളുടെ വില്പന.
കഴിഞ്ഞ മൂന്ന് നാല് വർഷത്തിനിടെ ലക്ഷ്വറി കാറുകളുടെയും എംയുവികളുടെയും (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾസ്) വർധിച്ചപ്പോൾ മിഡിൽ ക്ലാസിന്റെ പാസഞ്ചർ കാറുകളുടെ വില്പന താഴേക്ക് പോവുകയും ചെയ്തത് ഇതുകൊണ്ടാണ്. 2013 – 14 കാലത്ത് രാജ്യത്തെ വാഹന വിപണിയിൽ 18% മാത്രമായിരുന്നു എംയുവികൾ. 2023 – 24 കാലത്ത് ഇത് 57 ശതമാനമായി ഉയർന്നു. 10 വർഷത്തിനിടെ 5.7 ലക്ഷത്തിൽ നിന്ന് 27.8 ലക്ഷമായി പ്രതിവർഷ വില്പന ഉയർന്നു.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 70,000 കോടി രൂപ മൂല്യം വരുന്ന 7 ലക്ഷത്തോളം കാറുകൾ ഇപ്പോൾ രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ട്. ദസ്സറ, ദീപാവലി സമയത്ത് കെട്ടിക്കിടക്കുന്ന കാറുകൾ എല്ലാം വിട്ടു പോകുമെന്ന് പ്രതീക്ഷയിലാണ് കാർ നിർമ്മാതാക്കൾ. കാർ ഡീലർമാർ കാർ നിർമ്മാതാക്കളിൽ നിന്ന് മെച്ചപ്പെട്ട ഓഫർ ലഭിക്കാനായി പെരുപ്പിച്ച കണക്കുകൾ അവതരിക്കുകയാണ് എന്നാണ് വാഹന നിർമ്മാതാക്കളുടെ ഒരു വാദം. 2019 കോവിഡിനെ തുടർന്നും അതിനുശേഷം രണ്ടു വർഷത്തോളവും കാർ വിൽപ്പനയിൽ നേരിട്ട് പ്രതിസന്ധി ഇപ്പോൾ ഉണ്ടാവില്ല എന്നാണ് നിർമ്മാതാക്കളുടെ വാദം.
content highlight: middle-class-has-stopped-buying-cars