തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. ‘അഭിനയമറിയാതെ’ എന്നാണ് പുസ്തകത്തിന്റെ പേര്. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം നടത്തിയത്. പുസ്തകം മമ്മൂട്ടിയെ കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് സിദ്ദിഖ് പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളിലും തുടക്കങ്ങളിലും മമ്മൂക്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വെച്ചായിയുന്നു ചടങ്ങ്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എഎംഎംഎ നടത്തിയ വാർത്തസമ്മേളനത്തിനെതിരെയും ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖിനെതിരെയും വിമർശനം ശക്തമാണ്.
‘ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാർശയും സ്വാഗതം ചെയ്യുന്നു. ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല.’ സിദ്ദീഖ് പറഞ്ഞു.
സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയർന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് പറഞ്ഞു. സിനിമാ മേഖലയിലെ അംഗങ്ങൾ എന്നു പറഞ്ഞാൽ കൂടുതലും ഞങ്ങളുടെ അംഗങ്ങളാണ്. അതിനാൽ അംഗങ്ങളുടെ സുരക്ഷ ഞങ്ങളുടെയും ആവശ്യമാണ്. മാധ്യമങ്ങൾ സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തി പ്രതികരിക്കുന്നതിൽ വിഷമമുണ്ട്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചാണ് ആർക്കാണ് അത്തരത്തിൽ അനുഭവമുണ്ടായിട്ടുള്ളത് എന്ന് അന്വേഷിച്ച് പൊലീസ് കേസ് എടുക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സംരക്ഷിക്കാൻ എഎംഎംഎ ശ്രമിച്ചിട്ടില്ല. മലയാള സിനിമാമേഖലയിൽ എല്ലാവരും മോശമാണ് എന്ന് പറയുന്നതിൽ വിഷമമുണ്ട്. പല മേഖലകളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ട്. ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നവരെ അടച്ചാക്ഷേപിക്കുന്നത് വിഷമമുണ്ടാക്കുന്നു. സിനിമാമേഖലയിൽ ഒരു പവർഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനയം നിറഞ്ഞ എഎംഎംഎ നേതൃത്വത്തിന്റെ പ്രതികരണ രീതിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം തുടരുകയാണ്. റിപ്പോർട്ട് പഠിച്ചുപറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഇതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കൃത്യമായി മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യാൻ സാധ്യതയുള്ള ചോദ്യങ്ങൾ പഠിച്ചായിരുന്നു എഎംഎംഎ ഭാരവാഹികളുടെ പ്രതികരണമെന്നാണ് വിമർശനം.
content highlight: autobiography-of-actor-siddique-published