Kerala

‘ സന്തോഷമോ ദു:ഖമോ ഇല്ല ‘: രഞ്ജിത്തിന്റെ രാജി തെറ്റ് സമ്മതിക്കുന്നതിന് തുല്യമെന്ന് ശ്രീലേഖ മിത്ര

ഇന്ന് രാവിലെയാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. ‘രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ്, രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ കാണിച്ച പാത പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഇത് വരെ വിളിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.

‘അയാൾ നല്ല ചലച്ചിത്രകാരനായിരിക്കാം. എന്നാൽ സ്വഭാവം തിരുത്തണം. മറ്റുള്ളവർക്ക് ഇതൊരു പാഠമാകണം. അയാൾക്ക് കുറച്ച് സമയം നൽകണം, സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണം . അവരുടെ ജോലിയിൽ അവർ മിടുക്കരായിരിക്കാം. പക്ഷെ അവർ നല്ല മനുഷ്യരല്ല. ഇവർ മറ്റുള്ളവർ ചെയ്തതിനെ പിന്തുടരുകയാണ്. ഇത് ഒരു സാധാരണ ശീലമാവുകയാണ് സിനിമ വ്യവസായത്തിൽ. ജനങ്ങൾ അതിനെതിരെ ശബ്ദം ഉയർത്തിയിട്ടില്ല. അതാണ് പ്രശ്നം. അയാൾ നല്ല ചലച്ചിത്രകാരനാണ് അതിനാൽ ഇനി മേലിൽ സിനിമ നിർമ്മിക്കുവാൻ കഴിയാത്ത വിധത്തിൽ അത്ര ശക്തമായ ശിക്ഷ നൽകണമെന്നില്ല, ശ്രീലേഖ പറഞ്ഞു. ഇന്ന് രാവിലെയാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി.