ലൈംഗികപീഡനാരോപണത്തെതുടർന്ന് ജനറൽ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല നിർവഹിക്കുമെന്ന് ബാബുരാജ് അറിയിച്ചു. ബാക്കി കാര്യങ്ങൾ എക്സിക്യൂട്ടീവ് ചേർന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളിൽ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ്.
യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചത്. അമ്മ പ്രസിഡൻ്റ് മോഹൻലാലിനാണ് രാജിക്കത്തയച്ചത്. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞത്.
ആരോപണം നേരിടുന്ന സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് അമ്മ അംഗങ്ങൾക്കും പ്രസിഡൻ്റ് മോഹൻലാലിനും നടൻ അനൂപ് ചന്ദ്രൻ കത്തയച്ചിരുന്നു. ഗുരുതരമായ ആരോപണം നേരിടുന്ന സിദ്ദീഖിന്റെ രാജി എഴുതി വാങ്ങണമെന്നാണ് കത്തിലെ ആവശ്യം.