കൽപറ്റ: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘം നാളെ വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിക്കും. ദുരന്താനന്തര പുനർനിർമാണത്തിന്റെ രൂപരേഖ തയാറാക്കാനാണു സന്ദർശനം.
17 വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഈ മാസം 31 വരെ വിവിധ മേഖലകൾ സന്ദർശിച്ച് സംഘം റിപ്പോർട്ട് തയാറാക്കും. അന്തിമ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.
അതിനിടെ, ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 29നാണ് യോഗം ചേരുന്നത്. വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
അതേസമയം ദുരന്ത മേഖലയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍. കണ്ടെത്തിയ ആറ് ശരീരഭാഗങ്ങള്‍ തിരിച്ചറിയാനായി മേപ്പാടിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. എൻഡിആർഎഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ തെരച്ചിലിൽ പങ്കെടുത്തു.
14 അംഗ ടീമിന് ഉപകരണങ്ങള്‍ എത്തിച്ച് നല്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ദുർഘട മേഖലയിലെ തെരച്ചില്‍ ആയതിനാല്‍ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷനും ഒരുക്കിയിരുന്നു. ആവശ്യമെങ്കില്‍ എയർലിഫ്റ്റും സജ്ജമാക്കിയാണ് തെരച്ചില്‍ നടത്തിയത്.