ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുറത്തു വിട്ടതോടെ മലയാള സിനിമാ മേഖലയില്‍ ശാരീരികവും മാനസികവുമായി സ്ത്രീ പീഡനത്തിനിരയായവര്‍ ഓരോരുത്തരായി സത്യങ്ങള്‍ വിളിച്ചു പറഞ്ഞു തുടങ്ങിയിരിക്കുകയാണ്. അത് ബംഗാളി നടിയില്‍ തുടങ്ങി സോണിയാ മല്‍ഹാറില്‍ വരെ എത്തി നില്‍ക്കുന്നു. ഇതിന്റെ ഭാഗമായി സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. പാര്‍വതി സമ്പത്തിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെ താര സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കാന്‍ നടന്‍ സിദ്ധിഖും നിര്‍ബന്ധിതനായി.
ഓരോ ദിവസവും സിനിമാ മേഖലയില്‍ നടക്കുന്ന സ്ത്രീ പീഡന കഥകളുടെ പുതിയ എപ്പിസോഡുകളാണ് നടിമാര്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. കതകില്‍ മുട്ടിവര്‍ തൊട്ട് സെറ്റില്‍ മോശമായി പെരുമാറിയവര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നടന്‍മാരുടെ ശല്യം സഹിക്കാനാവാതെ ചെന്നൈയിലേക്ക് വീടുമാറിപ്പോകേണ്ടി വന്ന ദുരവസ്ഥ പറഞ്ഞു കൊണ്ട് നടി മിനു മുനീര്‍ നാല് നടന്‍മാരെ കുറിച്ച് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. നടന്‍ മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, യുവനടന്‍ ജയസൂര്യ എന്നിവരാണിവര്‍.
ഇവരുടെ നിലപാടുകള്‍ എന്താണെന്നു വരും മണിക്കൂറുകളില്‍ അറിയാന്‍ കഴിയും. പക്ഷെ, ഒരു കാര്യം ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെ നില്‍ക്കുകയാണ്. ഈ പരാതിയുമായി രംഗത്തു വന്നവര്‍ ഒന്നുമല്ല, യഥാര്‍ഥ പരാതിക്കാര്‍. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന് ചര്‍ച്ചയായപ്പോള്‍, ഈ അവസരത്തില്‍ തന്റെ പ്രശ്‌നവും പറയാമെന്ന ധൈര്യം കൊണ്ട് പറയുന്നവരെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതും ലൈംഗികമായി പീഡിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്നത്, ഒരാള്‍ മാത്രമാണ്. മറ്റുള്ളവര്‍ക്കെല്ലാം ദുരനുഭവങ്ങള്‍ ഉണ്ടായെന്നു മാത്രമാണ് പറഞ്ഞിരിക്കുന്നതും.
അതായത്, റൂമിലേക്കു വരാന്‍ ആവശ്യപ്പെട്ടു, അഡ്ജസ്റ്റ്‌മെന്റ് നടത്താന്‍ ആവശ്യപ്പെട്ടു, തൊട്ടു, തലോടി, ഉമ്മവെച്ചു എന്നൊക്കെയാണ്. ഇതെല്ലാം കേസെടുക്കാന്‍ പാകത്തിനുള്ള ക്രൈം തന്നെയാണ്. എന്നാല്‍, സിദ്ദിഖിനെതിരേയുള്ള ആരോപണം ഗൗരവതരമാകുന്നത്, ലൈംഗീക ചൂഷണം നടത്തി എന്നതു കൊണ്ടാണ്. ഇവിടെ, പുറത്തു വരേണ്ടിയിരുന്നത് ആരാണ്. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍ ആരൊക്കെ ?. എന്തു തരം പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. ആര്‍ക്കെതിരേയാണ് എന്ന് ഇപ്പോഴും ദുരൂഹമാണ്. ആ പരാതിക്കാര്‍ എവിടെ ?.
അവരാണോ ഈ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഹേമാ കമ്മിഷന്റെ മുമ്പില്‍ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ പോയിട്ടുണ്ടോ ?. ഹേമാ കമ്മിഷന്‍ ഇവരെ കേട്ടിട്ടുണ്ടോ?. ഇവരാണ് ഹേമാ കമ്മിഷനു മുമ്പില്‍ പരാതി ഉന്നയിച്ചതെങ്കില്‍, റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ മറച്ചുവെച്ച ഭാഗം പുറത്തു വിടുന്നതാണ് നല്ലത്. കാരണം, വെളിപ്പെടുത്തല്‍ നടത്തിയവരെല്ലാം നടന്‍മാരുടെ പേരുകളും പറഞ്ഞിട്ടുണ്ട്. ചുരുക്കം ചിലര്‍ മാത്രമാണ് പേരുകള്‍ പറയാതെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇനി, ഇവരല്ല ഹേമാ കമ്മിഷനു മുമ്പില്‍ തെളിവും മൊഴിയും കൊടുത്തിട്ടുള്ളതെങ്കില്‍ അവരായിരുന്നു ആദ്യം വെളിപ്പെടുത്തല്‍ നടത്തേണ്ടിയിരുന്നത്. നിലവില്‍ വെളിപ്പെടുത്തല്‍ നടത്തിയവരേക്കാള്‍ ഭീകരമായി പീഡിപ്പിക്കപ്പെട്ടവര്‍ ആയിരിക്കും കമ്മിഷനു മുമ്പില്‍ പരാതി പറഞ്ഞിരിക്കുക. മാത്രമല്ല, പുറത്തു പറഞ്ഞാല്‍ നിലവിലുള്ള സിനിമാ ഇന്‍ഡസ്ട്രിതന്നെ തകരുമെന്ന് ഭയക്കുന്നവരായിരിക്കും പ്രതികളും. അതുകൊണ്ടാണ് റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഹേമാ കമ്മിഷന്‍ സര്‍ക്കാരിന് കത്തു കൊടുത്തത്.
സര്‍ക്കാരാകട്ടെ, ഹേമാ കമ്മിഷന്‍ പറഞ്ഞ ഭാഗം മാത്രമല്ല, റിപ്പോര്‍ട്ടിലെ അഞ്ചു പേജുതന്നെ കീറി മാറ്റിയ ശേഷമാണ് പ്രസിദ്ധീകരിച്ചത്. കേസ് കോടതിയില്‍ എത്തിയതോടെ സര്‍ക്കാര്‍ രക്ഷപ്പെടുകയും ചെയ്തു. മാറ്റിയ ഭാഗം പ്രസിദ്ധപ്പെടുത്തുന്നത് കോടതി വഴിയാണെങ്കില്‍ സര്‍ക്കാരിന് ുക്ലീചിറ്റാണ് കിട്ടുക. സിനിമാക്കാരെ വെറുപ്പിച്ചെന്ന പേരുദോഷം ഉണ്ടാകില്ല. മാത്രമല്ല, ഇരകള്‍ക്കൊപ്പം നിന്നുവെന്നും വ്യാഖ്യാനിക്കും.
എന്നാല്‍, നിലവില്‍ വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്ക് എന്തു സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത്. സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി ഗണേഷ്‌കുമാറിനെതിരേ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. എം.എല്‍.എ മുകേഷിനെതിരേ ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ടു കഴിഞ്ഞു. സിനിമാക്കാരായ പീഡിതരെ സംരക്ഷിക്കുന്ന തരത്തില്‍ നിലപാടെടുത്ത മന്ത്രി സജി ചെറിയാനെതിരേയും പ്രതിഷേധം കനത്തിട്ടുണ്ട്.
CONTENT HIGHLIGHTS; Where are the actresses who gave their evidence and statement before the Hema Commission?: Now the whistleblowers are not the complainants before the commission?