ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു. ഷുഗർ കൂടി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഈ പ്രവാസി നാല് ഓപ്പറേഷനുകൾക്ക് വിധേയനാകുകയും കാൽ വിരലുകൾ മുറിച്ചു മാറ്റേണ്ടിവരികയും ചെയ്തിരുന്നു. ഇതിനിടയിലും അദ്ദേഹത്തെ അലട്ടിയിരുന്നത് വീടോ സ്വന്തമായി ഒരു സെൻറ് ഭൂമിയോ ഇല്ലെന്നുള്ളതായിരുന്നു.
അമ്മയില്ലാതെ മൂന്നുമക്കൾ സഹോദരിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ആഗസ്റ്റ് മാസം തുടർചികിത്സയ്ക്ക് നാട്ടിലെത്തിയ ഇദ്ദേഹത്തിന് തണൽ ബഹ്റൈൻ ചാപ്റ്ററാണ് പ്രാരംഭ ചികിത്സ ലഭ്യമാക്കിയത്. തുടർചികിത്സയിൽ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഇദ്ദേഹത്തിനൊരു വീട് നിർമിച്ചു നൽകണമെന്ന ലക്ഷ്യത്തോടെ, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഹോപ്പ് ബഹ്റൈൻ നൽകിയ 3.25 ലക്ഷം രൂപയും ബഹ്റൈനിലെ സഹായമനസ്‌കരായ വ്യക്തികളും ഫ്രൈഡേ ഫ്രണ്ട്സ്, ഐസിആർഎഫ് തുടങ്ങിയ സംഘടനകളും കൈകോർത്ത് നാല് സെന്റ് സ്ഥലം വാങ്ങിയാണ് വീട് പണി ആരംഭിച്ചത്. പിഎംസി മൊയ്തു ഹാജിയുടെ നേതൃത്വത്തിലാണ് വീട് പണി പൂർത്തീകരിച്ചത്. തലശ്ശേരി മുസ്‌ലിം വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ഉൾപ്പടെ ടിഎംഡബ്ല്യൂന്റെ വിവിധ പ്രവാസി സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും വീട് നിർമാണത്തിൽ സഹകരിച്ചു.
ആഗസ്റ്റ് 21 ബുധനാഴ്ച്ച മൊയ്തു ഹാജി വീടിന്റെ താക്കോൽ കൈമാറി. ഷബീർ മാഹി, നിസ്സാർ ഉസ്മാൻ, അഫ്സൽ എം കെ, ഹമീദ്, സിബിൻ സലിം, സാബു ചിറമേൽ, നൗഷാദ്, ഹസീബ്, സക്കീർ, അഫ്‌സൽ ഒസായി, അഷ്‌കർ പൂഴിത്തല, മെഹ്‌മൂദ്, അഷ്റഫ് തുടങ്ങിയവർ ബഹ്റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.