മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാൻ കഴിയുന്ന ഒരു തടാകമുണ്ട്. അതേ, ടാൻസാനിയയിലെ നട്രോൺ തടാകത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി മാറ്റുന്നതിൽ പ്രസിദ്ധമാണ്. കേട്ടിട്ട് വിചിത്രമായി തോന്നുന്നുണ്ടല്ലേ, എങ്കിൽ സംഭവം എന്താണെന്നു പറയാം. കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയുടെ വടക്കൻ ഭാഗത്താണ് നാട്രോൺ തടാകം സ്ഥിതി ചെയ്യുന്നത്. 56 കിലോമീറ്റർ നീളവും 22 കിലോമീറ്റർ വീതിയുമുണ്ട് ഈ തടാകത്തിന്. ഒരിക്കൽ വടക്കൻ ടാൻസാനിയയിൽ ഒരു വിനോദയാത്രയ്ക്കിടെ ബ്രിട്ടിഷ് ഫൊട്ടോഗ്രഫർ നിക്ക് ബ്രാൻഡിന്റെ ക്യാമറക്കണ്ണുകൾ വിശ്വസിക്കാനാവാത്ത ചില ചിത്രങ്ങൾ പകർത്തി. കല്ലിൽ കൊത്തിയ പക്ഷികളുടെയും വവ്വാലുകളുടെയും ചിത്രങ്ങളായിരുന്നു അത്. മമ്മിയായിത്തീർന്ന പക്ഷികളുടെ ചിത്രം കണ്ട് ഫൊട്ടോഗ്രഫറും പകച്ചുപോയി. സത്യത്തിൽ എന്താണ് ഈ മമ്മിഫിക്കേഷന്റെ നിഗൂഢ രഹസ്യം?
നാട്രോൺ തടാകം ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്. തടാകത്തിലെ ജലത്തിനു വളരെയധികം ക്ഷാരഗുണമുള്ളതാണ് കാരണം. വരണ്ട പ്രദേശമായതിനാൽ ഇവിടെ മഴ തീരെ ലഭിക്കില്ല. ചില നദികളിൽനിന്നും ചൂടുനീരുറവകളിൽനിന്നും മാത്രമാണ് തടാകത്തിലേക്കു വെള്ളമെത്തുന്നത്. തടാകത്തിനു സമീപമുള്ള, ദൈവത്തിന്റെ പർവതം എന്നറിയപ്പെടുന്ന ഓൾ ഡോയിൻയോ ലെംഗൈ എന്ന അഗ്നിപർവതം തടാകത്തിന്റെ പ്രതികൂല സാഹചര്യങ്ങൾക്ക് ഒരു പരിധി വരെ കാരണമാകുന്നുമുണ്ട്. നാട്രോകാർബണേറ്റുകൾ പുറപ്പെടുവിക്കുന്ന ഒരേയൊരു സജീവ അഗ്നിപർവതമാണിത്. അപൂർവമായ കാര്‍ബണൈറ്റ് ലാവയാണ് ഈ അഗ്നിപർവതം പുറപ്പെടുവിക്കുന്നത്. ഈ തടാകത്തിലെ ജലത്തിന് കടലിലേക്കോ വലിയ നദികളിലേക്കോ ഒഴുകിപ്പോകാൻ ഒരു മാർഗവുമില്ല എന്നതാണ് മറ്റൊരു വസ്തുത. വളരെ ഉയർന്ന ഊഷ്മാവിൽ, വെള്ളം ബാഷ്പീകരിക്കപ്പെടുകയും ഉപ്പ് അവശേഷിപ്പിക്കുകയും ചെയ്യുന്നു. അഗ്നിപർവതത്തിൽ നിന്നുള്ള നാട്രകാര്‍ബണൈറ്റ് ലാവ പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യനും വരെ അപകടകരമാംവിധം വിഷമയമാണ്. അങ്ങനെയാണ് തടാകത്തിന് നാട്രോൺ എന്ന പേര് ലഭിച്ചത്. കഠിനമായ സാഹചര്യങ്ങളെ സഹിക്കാൻ കഴിയുന്ന ബാക്ടീരിയയിൽ നിന്നാണ് തടാകത്തിനു രക്തച്ചുവപ്പ് നിറം ലഭിക്കുന്നത്.
തടാകത്തിലെ വെള്ളം കുടിക്കുന്ന മൃഗങ്ങൾ കല്ലായി മാറുന്നതായി പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇത് നാടോടിക്കഥയോ ഹൊറർ സിനിമയുടെ തിരക്കഥയോ പോലെ തോന്നുമെങ്കിലും ഉപ്പിന്റെ സാന്നിധ്യം കാരണം ഇത് ഒരു പരിധിവരെ ശരിയാണ് എന്നു വിദഗ്ധരും അഭിപ്രായപ്പെടുന്നു. സോഡിയം കാർബണൈറ്റിന്റെ നിക്ഷേപം ഒരിക്കൽ ഈജിപ്ഷ്യൻ മമ്മിഫിക്കേഷൻ പ്രക്രിയയിലും ഉപയോഗിച്ചിരുന്നുവത്രേ. തടാകത്തിൽ നിന്നുള്ള വെള്ളം ശരീരത്തിലെത്തുന്നതോടെ ജീവൻ നഷ്ടപ്പെടുന്ന മൃഗങ്ങൾക്ക് സോഡിയം കാർബണൈറ്റ് ഒരു തരം പ്രിസർവേറ്റിവായി പ്രവർത്തിക്കുന്നതോടെ ഈ ചത്ത മൃഗങ്ങളും പക്ഷികളും കല്ലുപോലെ ആയിത്തീരുന്നു. എന്നാൽ ശാസ്ത്രീയമായി ഇതിന് വലിയ തെളിവുകളൊന്നുമില്ല.
വാസ്തവത്തിൽ, ഇതേ ജലം ഉപ്പുചതുപ്പുകൾ, ശുദ്ധജല തണ്ണീർത്തടങ്ങൾ മുതലായവയുടെ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നുമുണ്ട്. അതുപോലെ ലോകത്തിലെ ഏറ്റവും മാരകമായ ഒന്നായി കണക്കാക്കപ്പെടുന്ന ഈ തടാകം, മിക്ക മൃഗങ്ങൾക്കും ഭീഷണിയാണെങ്കിൽ ഫ്ലെമിംഗോകൾക്ക് അങ്ങനെയല്ലത്രേ. കിഴക്കൻ ആഫ്രിക്കയിലെ 2.5 ദശലക്ഷം ഫ്ലെമിംഗോകളുടെ ഏക സ്ഥിരമായ പ്രജനന മേഖലയാണ് തടാകവും അതിന്റെ പരിസര പ്രദേശങ്ങളും. പക്ഷേ മനുഷ്യരെ സംബന്ധിച്ചു തടാകം കുറച്ച് അപകടം നിറഞ്ഞതുതന്നെയാണ്. ഇതിൽ നീന്തിത്തുടിക്കാമെന്നൊന്നും കരുതണ്ട. തടാകത്തിലെ വെള്ളത്തിലടങ്ങിയിരിക്കുന്ന അമിത ക്ഷാരവും ഉയർന്ന താപനിലയും മനുഷ്യ ശരീരം കല്ലുപോലെ മരവിപ്പിച്ചുകളയാനും ഒരു മമ്മിയെപ്പോലെ ആക്കിത്തീർക്കാനും കെൽപ്പുള്ളതാണ്.
STORY HIGHLLIGHTS: Lake Natron is a salt lake in northern Tanzania, East Africa