വീടുകൾ, ആരാധനാലയങ്ങൾ, ലൈബ്രറി, ബാർ, ഹോട്ടലുകൾ തുടങ്ങി ഒരു നഗരത്തിലെ മിക്കവാറും സൗകര്യങ്ങൾ എല്ലാം തന്നെ ഭൂമിക്കടിയിലും ഉണ്ടെങ്കിലോ. നൂറു വർഷം മുമ്പ് നിർമിച്ച ഒരു ഭൂഗർഭ നഗരത്തിൽ ഇന്നും ആളുകൾ താമസിക്കുന്നുണ്ട്. അങ്ങ് ഓസ്ട്രേലിയയിൽ.സൗത്ത് ഓസ്ട്രേലിയയിൽ നിന്നും ഏകദേശം 850 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന കൂബർ പെഡി എന്ന ഭൂഗർഭ നഗരത്തെ വിശേഷിപ്പിക്കുന്നത് ലോകത്തിന്റെ ഓപൽ തലസ്ഥാനം എന്നാണ്. ഓപൽ രത്നം ഖനനം ചെയ്യുന്ന ഇടമായതിനാലാണ് ഇവിടം അങ്ങനെ അറിയപ്പെടുന്നത്. പല ഭൂഗർഭ നഗരങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഭൂമിക്കടിയിൽ നൂറ്റാണ്ടുകൾക്കിപ്പുറം ആളുകൾ താമസിക്കാൻ ഉപയോഗിക്കുന്ന ഒരു നഗരമാണിത്. വീടുകൾ മാത്രമല്ല എയർ ബിഎൻപി അടക്കമുള്ള ലോകോത്തര ഹോട്ടൽ ശൃംഖലകൾ വാടകയ്ക്ക് കൊടുക്കുന്ന താമസസ്ഥലങ്ങൾ വരെ ഭൂമിക്കടിയിലുള്ള ഈ നഗരത്തിലുണ്ട്.
ആലിസ് സ്പ്രിംഗ്സിനും അഡ്‌ലെയ്ഡിനും ഇടയിലുള്ള മരുഭൂമിക്കടിയിലാണ് ഈ ഭൂഗർഭ നഗരം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് ആദിവാസികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. പിന്നീട് ഓപൽ രത്നം കണ്ടെത്തിയതിനെത്തുടർന്ന് ഖനനം ആരംഭിച്ചതോടുകൂടി തൊഴിലാളികൾ ഇവിടേക്ക് താമസം മാറി. എന്നാൽ മരുഭൂമിയിലെ കടുത്ത ചൂട് സഹിക്കാനാവാതെയാണ് തൊഴിലാളികൾ താമസം ഭൂമിക്കടിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അങ്ങനെ ഭൂഗർഭ നഗരമായ കൂബർ പെഡി രൂപംകൊണ്ടു. കൂബർ പെഡിയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും മണ്ണിനടിയിലാണ് താമസിക്കുന്നത്. കൂബർ പെഡി 1915 ലാണ് സ്ഥാപിതമായതെങ്കിലും 1980 കളിൽ മാത്രമാണ് ഈ നഗരം ലോകമെമ്പാടും അറിയപ്പെടാൻ തുടങ്ങിയത്. 1981-ൽ ഇവിടുത്തെ ഒരു നാട്ടുകാരൻ പട്ടണത്തിലെ ആദ്യത്തെ ഹോട്ടൽ നിർമ്മിച്ചു. ഇന്ന്, അന്തർദ്ദേശീയ വിനോദസഞ്ചാരികൾ കൂബർ പെഡിയിലേക്ക് ഒഴുകിയെത്തുന്നു.
ഡെസേർട്ട് കേവ് ഹോട്ടലിലോ മറ്റ് നിരവധി പ്രാദേശിക ഇന്നുകളിലോ സ്വകാര്യ ഭൂഗർഭ വീടുകളിലോ താമസിക്കാൻ തിരഞ്ഞെടുക്കുന്നു. മറ്റെന്തിനെക്കാളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ഇരുണ്ടതും തണുത്തതും വിശാലമായതുമായ മുറികളിൽ മണ്ണിനടിയിൽ ഉറങ്ങാനുള്ള സവിശേഷ അവസരമാണ്. ഇന്റീരിയറുകൾ പാറയുടെ ചുവപ്പ് നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത കൂബർ പെഡിയുടെ ഭൂഗർഭ താമസസൗകര്യങ്ങൾ ഒരിക്കലും നിരാശപ്പെടുത്തില്ല. ഈ വീടുകളിൽ സംഭരണ സ്ഥലങ്ങൾ, വാക്ക്-ഇൻ-ക്ലോസറ്റുകൾ, കിടപ്പുമുറികൾ, സുഖപ്രദമായ അടുക്കളകൾ എന്നിവയുണ്ട്. ഭൂഗർഭ ഷോപ്പുകൾ, ബാറുകൾ, മ്യൂസിയങ്ങൾ എന്നിവയും ഈ നഗരത്തിലുണ്ട്. കൂബർ പെഡിയിൽ 2 ഭൂഗർഭ പള്ളികളുണ്ട്. അവ മനോഹരമായ ഒരു കാഴ്ചയാണ്. പള്ളിയുടെ ഇന്റീരിയറുകൾ ആരേയും വിസ്മയിപ്പിക്കും, അവ ഒരു ശിൽപ സൗന്ദര്യമാണ് എന്ന് പറയാതെ വയ്യ. കൂബർ പെഡിയിൽ 1500 കുടുംബങ്ങൾക്ക് താമസിക്കാനുള്ള വീടുകളുണ്ട്. ഈ വിശാലമായ, സ്വയം രൂപകൽപ്പന ചെയ്ത, സ്വപ്ന ഭവനങ്ങൾ എൻജിനീറിങ്ങിന്റെ അദ്ഭുതങ്ങളിൽ ഒന്നാണ്. നഗരത്തിനു മുകളിലെ മരുഭൂമി ഗോൾഫ് കോഴ്സ് ആയിട്ടും ഉപയോഗിക്കുന്നു. മാഡ് മാക്സ് അടക്കമുള്ള പ്രശസ്ത ഹോളിവുഡ് സിനിമകളുടെ ലൊക്കേഷനും ആയിരുന്നു ഇവിടം.
STORY HIGHLLIGHTS: Coober Pedy, the Australian Mining Town where Residents Lives Underground