മംഗളൂരു: ചെക്ക് ബൗൺസ് കേസിൽ കന്നഡ സിനിമ, ടെലിവിഷൻ നടി പത്മജ റാവുവിന് മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (എട്ട്) മൂന്ന് മാസം വെറും തടവും 40.20 ലക്ഷം രൂപ പിഴയും വിധിച്ചു. മംഗളൂരുവിലെ തുളു സിനിമ സംവിധായകൻ വീരേന്ദ്ര ഷെട്ടി കാവൂർ നൽകിയ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
നടി പത്മജ റാവു ഐസിഐസിഐ ബാങ്കിൻ്റെ ബനശങ്കരി ശാഖയിലെ അക്കൗണ്ടിൽ നിന്ന് 2020 ജൂൺ 17 ന് 40 ലക്ഷം രൂപ ഹാൻഡ് ലോൺ എടുത്ത് സെക്യൂരിറ്റിയായി ചെക്ക് നൽകിയിരുന്നു. എന്നാൽ, ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ ആവശ്യത്തിന് പണമില്ലാത്തതിനാൽ മടങ്ങി. 2020 ജൂൺ 30-നകം തുക തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകിയിട്ടും അവർ അത് ചെയ്തില്ല എന്ന് വീരേന്ദ്ര ഷെട്ടി പറഞ്ഞു.
ചെക്ക് മടങ്ങിയതിനെതിരെ നൽകിയ പരാതി വ്യാജമാണെന്നാണ് നടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഷെട്ടി ചെക്ക് ലീഫ് തട്ടിയെടുത്ത് നടിയുടെ വ്യാജ ഒപ്പിട്ടതാണെന്നും പറഞ്ഞു. എന്നാൽ ഇത് തെളിയിക്കുന്നതിൽ നടി പരാജയപ്പെട്ടു. തുടർന്നാണ് ജസ്റ്റിസ് പി.എ. പവാസ് വിധി പ്രസ്താവിച്ചത്. 40.17 ലക്ഷം പരാതിക്കാരനും 3000 രൂപ കോടതി ചെലവായുമാണ് അടക്കേണ്ടത്.