Features

വാ തുറന്ന് മന്ത്രി ഗണേഷ്‌കുമാര്‍: KSRTCയുടെ കാര്യം മാത്രമല്ല,”അമ്മ” നശിച്ചദിവസം എന്നും പ്രതികരിക്കും / Minister Ganesh Kumar opened his mouth: The response was the day “mother” perished

ഞാനീ നാട്ടുകാരനേ അല്ലെന്നും KSRTCയെ കുറിച്ച് ചോദിക്കൂ എന്നും പറഞ്ഞ മന്ത്രിയാണ് നിലപാട് മാറ്റിയത്

ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ താന്‍ മന്ത്രിയാണെന്നും സിനിമാക്കാരനൊക്കെ പണ്ടായിരുന്നുവെന്നും പറഞ്ഞ് മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടിയ ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ വാ തുറന്നിരിക്കുകയാണ്. അതും ഒരു പൊതു പരിപാടിയിലാണ് വാവിട്ട് കരയുന്നതിനു തുല്യമായി പ്രതികരിച്ചിരിക്കുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം എക്‌സിക്യൂട്ടീവ് കമ്മിറ്റി അപ്പാടെ രാജിവെച്ചതാണ് ഗണേഷ്‌കുമാറിനെ വീണ്ടും പഴയ സിനിമാ നടനാക്കി മാറ്റിയത്. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഒരു മന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് മാധ്യമങ്ങള്‍ ഗണേഷ്‌കുമാറിന്റെ പ്രതികരണം അറിയാന്‍ ശ്രമിച്ചത്.

എന്നാല്‍, ഞാനീ നാട്ടുകാരനേ അല്ലെന്നും, സിനിമയെ കുറിച്ചോ സംഘടനയെ കുറിച്ചോ ഒന്നും അറിയില്ലെന്നും, KSRTCയെ കുറിച്ച് എന്തു ചോദിച്ചാലും പറയാമെന്നുമായിരുന്നു മൂന്നുദിവസങ്ങള്‍ക്കു മുമ്പ് മന്ത്രി പ്രതികരിച്ചത്. പിന്നീടുള്ള ദിവങ്ങളില്‍ മന്ത്രി മാധ്യമങ്ങളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നടക്കുകയായിരുന്നു. എന്നാല്‍, ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ നിരവധി നടിമാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ഇതോടെ സിനിമാ മേഖലയും സര്‍ക്കാരും പ്രതിരോധത്തില്‍ ആവുകയും ചെയ്തു. കമ്മിഷനു മുമ്പില്‍ തെളിവു നല്‍കി മൊഴികൊടുത്ത അമ്പതോളം പേരുണ്ട്. എന്നാല്‍, വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് മറ്റു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അരികു വ്ക്കരിക്കപ്പെട്ട നടകിളുമായിരുന്നു.

കമ്മിഷന് മൊഴി കൊടുത്തവര്‍ പരസ്യമായി രംഗത്തു വരില്ലെന്ന് ധരിച്ചിരുന്നവര്‍ക്കേറ്റ വലിയ അടിയായിരുന്നു മറ്റു വെളിപ്പെടുത്തലുകള്‍. ഇതിനു പിന്നാലെ സിനിമാ മേഖലയില്‍ പരസ്പരം പഴിചാരലും രാജിവെയ്ക്കലും വര്‍ദ്ധിച്ചു. അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരേ ശക്തമായ ആരോപണം വന്നതോടെ അദ്ദേഹം സ്വയം രാജിവെച്ചു. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരേയും ആരോപണം കടുത്തതോടെ രാജിവെച്ചു. ഈ രണ്ടു രാജികളും സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടവെച്ചു. ഈ രാജികള്‍ക്കു ശേഷമാണ് മന്ത്രി ഗണേഷ്‌കുമാര്‍ മൗനവ്രതം ആംഭിച്ചതും സിനിമാക്കാരന്‍ അല്ലാതായി മാറിയതും.

എന്നാല്‍, ഇന്നലെ അമ്മ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പൂര്‍ണ്ണമായും രാജി വെച്ചതോടെ ഗണേഷ്‌കുമാര്‍ വീണ്ടും മന്ത്രിയല്ലാതെ, സിനിമാക്കാരനായി പ്രതികരിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്. ‘മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ താരസംഘടനയായ അമ്മയെ നയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍. അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. സംഘടനയെ നശിപ്പിക്കാന്‍ കുറേ ആളുകള്‍ കാലങ്ങളായി ആഗ്രഹിക്കുന്നു. അത് സാധിച്ചുവെന്നുമാണ് ഗണേഷ് കുമാര്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്.

‘സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരില്‍ നിന്ന് 50,000 രൂപ വീതം വാങ്ങി 1.5 ലക്ഷം രൂപയ്ക്ക് തുടങ്ങിയ അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. വ്യക്തിപരമായ വേദനയാണത്. മോഹന്‍ലാലും മമ്മൂട്ടിയും ഉപേക്ഷിച്ചാല്‍ അത് ശിഥിലമാവും. ഒരുസംശയവും വേണ്ട. അതിന്റെ കാറ്റുപോയി. അത് നശിപ്പിക്കാന്‍ കുറേ ആളുകള്‍ കുറേ നാളുകളായി ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധിച്ച്, അവര്‍ സന്തോഷിക്കുന്ന ദിവസമാണിന്ന്’, ഗണേഷ് കുമാര്‍ പറഞ്ഞു.

‘മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം വിചാരിച്ചാല്‍ മാത്രമേ ഇത് കൂട്ടിയാല്‍ കൂടുകയുള്ളൂ. ഇനിയാരുണ്ട്?. മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ ഇനിയാര്‍ക്കും നയിക്കാന്‍ ഒക്കില്ല. ഉറപ്പിച്ചുപറയുകയാണെന്നും മന്ത്രി പറയുന്നു. എന്റെ മനസില്‍ ഹൃദയവേദനയുണ്ടായ ദിവസമാണിന്ന്. മോഹന്‍ലാലുമായി സംസാരിച്ചു. ഒഴിഞ്ഞുമാറി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാവട്ടെ ചേട്ടായെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു മഹാനടനെ ഇതിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. മോശമാണ്. മുഖ്യമന്ത്രി രണ്ടുമൂന്നുദിവസം മുമ്പ് സൂചിപ്പിച്ചതും അതുതന്നെയാണ്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇവര്‍ പറയുന്ന ആര് പ്രസിഡന്റായി വന്നാലും ഇതിനെ നിലനിര്‍ത്താന്‍ പറ്റില്ല. ഇന്നസെന്റിന്റെ ഇടവും വലവും മമ്മൂട്ടിയും മോഹന്‍ലാലും നില്‍ക്കുമായിരുന്നു. ഇനി പുതിയ ജനറേഷന്‍ വരട്ടേയെന്ന് പറയുമ്പോള്‍, ആരാണ് വരുന്നതെന്ന് നിങ്ങള്‍ കാണുക. ഇനി അതെങ്ങനെ എന്ന കാര്യം ദൈവം തമ്പുരാന് മാത്രമേ അറിയാന്‍ പറ്റുകയുള്ളൂവെന്നും ഗണേഷ് കുമാര്‍ പറയുന്നു.

അഭിപ്രായം എന്തായാലും അത് തുറന്നു പറയാനുള്ളതാണെന്ന് ഗണേഷ്‌കുമാറിന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍. സിനിമാ നടനായതു കൊണ്ടല്ല. സിനിമാ നടനായ മന്ത്രി ആയതു കൊണ്ടാണ് പ്രതികരിക്കണമെന്ന് പറയുന്നതെന്നുമാണ് വിമര്‍ശം. ഗണേഷ്‌കുമാറിനെതിരെ യൂത്തുകോണ്‍ഗ്രസ്സ് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി അന്വേഷിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഈ അന്വേഷണം ഗണേഷ്‌കുമാറിന്റെ രാജിയിലേക്ക് വഴി വെയ്ക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്.

 

CONTENT HIGHLIGHTS; Minister Ganesh Kumar opened his mouth: The response was the day “mother” perished