നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മധുരക്കിഴങ്ങിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് മധുരക്കിഴങ്ങിന്റെ ജന്മദേശം. പല രാജ്യങ്ങളിലും ഇഷ്ട ഭക്ഷണമായി ഉപയോഗിക്കുന്ന മധുരക്കിഴങ്ങിന് ആരാധകരും ഏറെയാണ്.
മധുരക്കിഴങ്ങിൽ ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പിനെ തടഞ്ഞുനിർത്താൻ ഈ ഭക്ഷണ സാധനത്തിന് കഴിയുന്നു. മധുരക്കിഴങ്ങിൽ താരതമ്യേന കുറഞ്ഞ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും മധുരക്കിഴങ്ങിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് അനുയോജ്യമാണ്. കൂടാതെ പൊട്ടാസ്യം,വിറ്റാമിൻ ബി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ ചർമത്തിന് ഗുണകരമാണ്. വിറ്റാമിൻ സിയുടെ നല്ലൊരു ഉറവിടം കൂടിയാണിത്. കിഴങ്ങിൽ മാത്രമല്ല അതിന്റെ ഇലകളിലും പോഷകങ്ങളുടെ വലിയ കലവറ തന്നെ ഒളിഞ്ഞിരിപ്പുണ്ട്. വിറ്റാമിൻ സി, കരോട്ടിനോയ്ഡുകൾ, ഫ്ലവനോയ്ഡുകൾ, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങി ധാരാളം ആവശ്യ ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഇത്തരത്തിൽ ധാരാളം ഗുണങ്ങളുണ്ടെങ്കിലും മധുരക്കിഴങ്ങ് അമിതമായി കഴിക്കുന്നത് നല്ലതല്ല. മധുരക്കിഴങ്ങിന്റെ അമിത ഉപയോഗം വൃക്കകളിലും പിത്താശയത്തിലും കല്ലുകൾ രൂപപ്പെടാനും സാധ്യത ഉണ്ടാക്കുന്നു .
STORY HIGHLIGHT: Sweet potatoes good for health