കോഴിക്കോട്: മുകേഷ് വിഷയത്തിൽ അഭിപ്രായം തേടിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ച് ഇടത് സഹയാത്രികനും മുൻ എംഎൽഎയുമായ കാരാട്ട് റസാഖ്. ബിജെപി സംസ്ഥാന നേതൃത്വം കൈവിടുമ്പോൾ കേന്ദ്രമന്ത്രിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുൻ ഇടത് എംഎൽഎ.
സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ടെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നാണ് കാരാട്ട് റസാഖിന്റെ പ്രതികരണം.
കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം തൃശൂരിൽ വെച്ച് വഴി തടഞ്ഞ് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകർക്കെതിരെ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതല്ലെങ്കിലും എല്ലാത്തിൻ്റേയും അന്തിമ വിധികർത്താക്കൾ ഞങ്ങളാണെന്ന മാധ്യമ പ്രവർത്തകരുടെ നിലപാട് അംഗീകരിച്ച് നൽകാവുന്നതല്ല. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്..
സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്…
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞാണ് മന്ത്രി മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ അദ്ദേഹം മൈക്കും തട്ടിക്കളഞ്ഞു. ജനങ്ങൾക്കറിയാനുള്ള ചോദ്യമാണ് തങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ‘സൗകര്യമില്ല’ എന്നായിരുന്നു മറുപടി. തുടർന്ന് കാറിൽ കയറി വാതിലടച്ചു.
മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങൾ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല’ എന്നും സുരേഷ് ഗോപി ക്ഷുഭിതനായി പറഞ്ഞിരുന്നു.