Travel

മനം കുളിർക്കും മണാലി – Trip to manali

പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും മാത്രമല്ല, ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണ് കുളു മണാലി പ്രദേശങ്ങള്‍

മണാലി എന്ന് കേൾക്കാത്ത സഞ്ചാരപ്രേമിക്കൾ ആരും തന്നെ ഉണ്ടാവില്ല. ബൈക്ക് ട്രിപ്പ്, ഹണിമൂൺ ട്രിപ്പ്, സോളോ ട്രിപ്പ്, ഫാമിലി ട്രിപ്പ് എന്നുവേണ്ട എല്ലാ യാത്രകൾക്കും ആദ്യം ഉയരുന്ന പേരും മണാലി എന്ന് തന്നെയാണ്. ഹിമാലയത്തോട് ചേര്‍ന്നുകിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്ത സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും മാത്രമല്ല, ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണ് കുളു മണാലി പ്രദേശങ്ങള്‍..!

ഡൽഹിയിൽ നിന്ന് 580 കിലോമീറ്റർ അകലെയായി ഹിമാചൽ പ്രദേശിൽ കുളുതാഴ്വരയുടെ വടക്കേ ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്. മണാലിയിൽ എത്താൻ റോഡ് മാർഗ്ഗം സ്വീകരിക്കുന്നതാണ് ഉചിതം. ന്യൂ മണാലി, ഓള്‍ഡ് മണാലി, മാല്‍ റോഡ്, സോളങ് വാലി, ഹഡിംബ ടെംബില്‍, ഗുലാബ മഞ്ഞു മലകള്‍, റോത്താങ് പാസ്, ബിയാസ് നദി എന്നിവ മണാലി യാത്രയിൽ സന്ദർശകർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്. മെയ് മുതൽ ജൂൺ വരെയാണ് മണാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

സാഹസികപ്രിയർക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയിൽ ഉള്ളത്. മലകയറ്റം, ഹൈക്കിംഗ്,പാരാഗ്ലൈഡിങ്ങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയിൽ ഉള്ളത്. ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവർഷവും മെയ് മാസം നടക്കുന്ന ഈ ഉത്സവത്തിൽ പങ്കെടുത്താൽ മണാലിയുടെ പ്രാദേശിക സംസ്കാരം മനസിലാക്കാം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് ട്രെക്കിങ്ങിന് അനുയോജ്യം. എന്നാൽ കാലാവസ്ഥയും, ആരോഗ്യവും കണക്കിലെടുത്ത് മാത്രമേ ട്രെക്കിംഗ് തിരഞ്ഞെടുക്കാവൂ.

മണാലിയിൽ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. ഒന്ന് മണാലി ടൗൺ മറ്റൊന്ന് ഓൾഡ് മണാലി. മണാലി ടൗൺ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ അനുയോജ്യമായ സ്ഥലമാണ്. എന്നാൽ ഓൾഡ് മണാലിയാണ് സന്ദർശകരെ ആകർഷിപ്പിക്കുന്ന പ്രധാന സ്ഥലം. ഡിസംബർ മുതൽ ആരംഭിക്കുന്ന മഞ്ഞുവീഴ്‌ച യാത്രയിൽ ബുദ്ധിമുട്ടാകും അതിനാൽ അനുയോജ്യ സാധനങ്ങളായ ജാക്കറ്റ്, ഷൂസ്, സോക്സ്‌, കയ്യുറ തുടങ്ങിയ സാധനങ്ങൾ യാത്രക്കാർ കൈയിൽ കരുതണം.

പുരാതന ഹിന്ദു ദൈവമായ മനുവിൽ നിന്നാണ് മണാലി എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. മണാലി പൊതുവെ ദൈവങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്ന പർവ്വത നിരകളും താഴ്വാരങ്ങളും ദേവതാരു തോട്ടങ്ങളും അതിനിടയിലൂടെ ആർത്തലച്ചൊഴുകുന്ന ബിയാസ് നദിയും പിന്നെ ഇതുവഴിയുള്ള ട്രെക്കിങ്ങും ഹൈക്കിങ്ങും അഡ്വഞ്ചർ ആക്ടിവിറ്റികളും ഒക്കെയാണ് മണാലിയെ പൂർണ്ണമാകുന്നത്.

STORY HIGHLIGHT: TRIP TO MANALI