വായില്‍ക്കൊള്ളാത്തതും, വാതോരാതെ പറയുന്നതുമായ ഗീര്‍വാണങ്ങള്‍ പോലെയാണ് ഓരോ സ്ത്രീ സുരക്ഷാ പദ്ധതികളും പ്രഖ്യാപനങ്ങളും. എല്ലാം ചെയ്യുന്നത് സ്ത്രീകള്‍ക്കു വേണ്ടിയാണെന്ന് ഓര്‍ക്കുമ്പോഴാണ് അല്‍പ്പം ആശ്വാസം കിട്ടുന്നത്. 2022 നവംബറിലാണ് സര്‍ക്കാര്‍ ‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍’ സംഘടിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരമാണ് വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ക്യാമ്പയിന്‍ നടത്തിയത്. 15 ദിവസം നീണ്ടു നിന്ന ഈ പരിപാടി സ്ത്രീകളുടെ സുരക്ഷയെ കൂടുതല്‍ ശാക്തീകരിക്കുന്നതിനു വേണ്ടിയായിരുന്നു.
ഈ പതിനഞ്ചു ദിവസത്തിനു ശേഷം കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ള പ്രശ്‌നങ്ങളുടെ ആകെത്തുകയാണ് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത്. അവിടെയും നില്‍ക്കാതെ നടിമാരുടെ കൂട്ട വെളിപ്പെടുത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാന്‍ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിനെ കുറിച്ച് പറയുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌പോര്‍ട്ടലില്‍ ‘ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ തടയാന്‍ ഒന്നിക്കാം: ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
‘ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന ക്യാമ്പയിനാണ് ഓറഞ്ച് ദി വേള്‍ഡ്. ഓറഞ്ച് നിറം അക്രമരഹിതമായ ശോഭനമായ ഭാവിയെ സൂചിപ്പിക്കുന്നു. Unite! activism to end the violence against women and girls എന്നതാണ് ഈ വര്‍ഷത്തെ ഓറഞ്ച് ദി വേള്‍ഡ്‌ന്റെ തീം. ജീവിത പങ്കാളിയില്‍ നിന്നുളള പീഡനം, ശാരീരിക-മാനസിക – ലൈംഗീക അതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, പെണ്‍ഭ്രൂണഹത്യ തുടങ്ങി സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ദൂരവ്യാപകവും തുടര്‍ച്ചയായിട്ടുളളതും കടുത്ത മനുഷ്യാവകാശലംഘനവുമാണ്.
സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഇല്ലാതാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ സ്വകാര്യ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും ബാധിക്കുന്നതുമൂലം അവരുടെ സമൂഹത്തിലെ സ്ഥാനവും, തുല്യപങ്കാളിത്തം നേടിയെടുക്കുന്നതില്‍ വികസനത്തിനും തടസമാകുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. പരിഷ്‌കൃതരും വിദ്യാസമ്പന്നരുമായ കേരള സമൂഹത്തില്‍ സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. സമൂഹത്തില്‍ നിന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കെതിരെയുമുള്ള അക്രമങ്ങളും അനാചാരങ്ങളും പൂര്‍ണ്ണമായും തുടച്ചു മാറ്റേണ്ടതും സ്ത്രീകള്‍ക്ക് തുല്യതയും ബഹുമാനവും കല്പിക്കേണ്ടത് ഓരോരുത്തരുടെയും കടമയും ധര്‍മ്മവുമാണ്.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവി അസമത്വവും ദുരാചാരങ്ങളായ ശൈശവവിവാഹം, സ്ത്രീധനം എന്നിവയാണ്. പരിഷ്‌കൃത സമൂഹത്തിന് തന്നെ അപമാനകരമായ സ്ത്രീധനം, സ്ത്രീകള്‍ക്കുനേരെ സമീപകാലങ്ങളില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെതുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ എന്നിവ സമൂഹത്തില്‍ നിന്ന് പൂര്‍ണമായും തുടച്ചുമാറ്റപ്പെടേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനമെന്ന ദുരാചാരത്തെക്കുറിച്ചും ലിംഗവിവേചനത്തെക്കുറിച്ചും വ്യാപക ബോധവത്ക്കരണ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ കാലങ്ങളായി സംഘടിപ്പിച്ചു പോരുന്നുണ്ട്.
അതിക്രമത്തിന് ഇരയാകുന്ന ആരും തന്നെ ഉണ്ടാകാന്‍ പാടില്ല എന്നുളള സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് ജനപ്രതിനിധികള്‍, വിവിധ യൂണിയന്‍ നേതാക്കള്‍, കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍, പൊതുജനങ്ങള്‍, ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍, സ്ത്രീ സംഘടനകള്‍, തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. പൊതുയിടങ്ങളിലുള്‍പ്പടെ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യതയും ബഹുമാനവുമുള്ള ഒരിടമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് സംസ്ഥാനത്ത് ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.’
2022ല്‍ ഇങ്ങനെയൊരു സംവിധാനം നടപ്പാക്കാന്‍ തീരുമാനിക്കുമ്പോഴും ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്നു എന്നു കൂടി മനസ്സിലാക്കുമ്പോഴാണ് ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ എത്ര പ്രഹനമായിരുന്നു എന്ന് തിരിച്ചറിയേണ്ടത്. അന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് ഫ്രീസറില്‍ വെച്ചിട്ടാണ് സ്ത്രീകള്‍ക്കു വേണ്ടി രാത്രി നടത്തവും, കൊച്ചിയില്‍ വെച്ച് നടത്തിയ ചുംബന സമരവുമെല്ലാം നടത്തിയതെന്ന് ഓര്‍മ്മിക്കണം. ചുംബനത്തിന് അന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ ധൈര്യത്തില്‍ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ ടോയ്‌ലറ്റിനു മുമ്പിലും, ഷൂട്ടിംഗ് സെറ്റിലും, ഹോട്ടല്‍ റൂമിലുമൊക്കെ വെച്ച് ചുംബനവും, കെട്ടിപ്പിടുത്തവുമെല്ലാം നടത്തിയെന്നാണ്.
ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. 2022ല്‍ പോലീസിന്റെ കണക്കുകളിലെ സ്ത്രീ പീഡന റേറ്റിംഗ്. 2022ല്‍ സ്ത്രീകള്‍ക്കെതിരേ 18,943 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ബലാത്സംഗ കേസുകള്‍ പരിശോധിച്ചാല്‍ 2022ല്‍ 2,503 എണ്ണമാണ്. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മാത്രം എട്ടുപേര്‍ കേരളത്തില്‍ മരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹികപീഡന പരാതികളില്‍ വലിയ വര്‍ദ്ധനവുണ്ടായി. 2022ല്‍ 5019 ഗാര്‍ഹിക പീഡന പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി 5354 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതിന് 584 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളെല്ലാം ചേര്‍ത്ത് 5,265 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. പോക്‌സോ കേസുകളില്‍ അടക്കം വന്‍ വര്‍ദ്ധനവാണുണ്ടായത്. തൊഴിലിടങ്ങള്‍ സ്ത്രീ വിരുദ്ധമായി മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ബന്ധപ്പെട്ട കാര്യാലയങ്ങളില്‍ പോകാതെ 48 മണിക്കൂറിനുള്ളില്‍ സേവനങ്ങള്‍ അപേക്ഷകയ്ക്ക് ലഭിക്കുന്നു എന്നതാണ് ‘കാതോര്‍ത്ത്’ പദ്ധതി. ഓണ്‍ലൈനില്‍ വളരെ എളുപ്പത്തില്‍ അപേക്ഷിക്കാം. അതുകൊണ്ടു തന്നെ അവരുടെ യാത്രാക്ലേശവും സമയനഷ്ടവുമുണ്ടാകില്ല. വീടിനുള്ളില്‍ പുറത്തിറങ്ങാനാകാതെ പെട്ടുകിടക്കുന്ന സാഹചര്യത്തിലും അവസ്ഥകളിലും കാതോര്‍ത്ത് പദ്ധതി അനുഗ്രഹമാണ്. virtual platform ഉപയോഗിക്കാന്‍ സന്നദ്ധയായ ഏതൊരു സ്ത്രീക്കും കാതോര്‍ത്ത് പദ്ധതിയുടെ സേവനം ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. അതും വളരെ എളുപ്പത്തില്‍ ലളിതമായി അപേക്ഷിക്കാം. പക്ഷെ, ഈ പദ്ധതിയെ കുറിച്ച് അറിവില്ലാത്തവര്‍ എന്തു ചെയ്യും. ഇങ്ങെയൊരു സംവിധാനം ഉണ്ടായിട്ടും, എന്തു കൊണ്ടാണ് സിനിമാ-സീരിയല്‍ മേഖലയിലെ സ്ത്രീകള്‍ പീഡന വിവരം ‘കാതോര്‍ത്ത്’ പദ്ധതിയില്‍ വിളിച്ചറിയിക്കാത്തത്. ഈ പദ്ധതിയെ കുറിച്ച് അറിയാവുന്നവര്‍ പോലും ഇതിന്റെ സേവനം ആവശ്യപ്പെടുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, പദ്ധതി വഴി ആശ്വാസം കിട്ടുന്നവരുണ്ടെങ്കില്‍ അത് വലിയ കാര്യം തന്നെയാണ്.
നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനു ഇത്തരം പദ്ധതികളും പരിപാടികളും ഉണ്ടെങ്കില്‍, അത് ഫലപ്രദമാണെങ്കില്‍ സിനിമാ മേഖലയിലുള്ളവര്‍ പരാതിയുമായി എത്തിയേനെ. ഹേമാ കമ്മഷന്‍ എന്നൊരു കമ്മിഷനെ സര്‍ക്കാരിന് നിയോഗിക്കേണ്ടി വരില്ലായിരുന്നു. അപ്പോള്‍ കാതോര്‍ത്ത് എന്ന പദ്ധതി ഫലപ്രദമാണോ എന്ന് പുനരാലോചന നടത്തേണ്ട ഘട്ടമായിരിക്കുന്നു എന്നര്‍ത്ഥം. അല്ലെങ്കില്‍ ആ പദ്ധതിയെ കുറിച്ച് വലിയ പ്രചാരം ന്‍കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷ അതിപ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. അതിനാല്‍തന്നെ സ്രീധനത്തിന്റെ പേരിലും മറ്റ് അനവധി കാരണങ്ങള്‍ കൊണ്ടും നടക്കുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ പലപ്പോഴും സമൂഹം അവസാന നിമിഷമാണ് അറിയുന്നതും മനസിലാക്കുന്നതും. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ കൗണ്‍സിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള വനിതാ ശിശു വികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി.
ഈ പദ്ധതിയുടെ സേവനത്തിനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നവിധം ഇങ്ങനെയാണ്. സേവനം ആവശ്യമായ ഗുണഭോക്താവ് കാതോര്‍ത്ത് പദ്ധതിക്കായി രൂപീകരിച്ച kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റിലെത്തണം. ഇതില്‍അടുത്ത പടിയായി പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കി ആവശ്യമായ സേവനം തിരഞ്ഞെടുക്കണം. കൗണ്‍സിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവയില്‍ ഒന്നില്‍ കൂടുതല്‍ സേവനങ്ങള്‍ ഒരേസമയം ആവശ്യമായപക്ഷം അതും രേഖപ്പെടുത്താം. ആവശ്യപ്പെട്ട സേവനം 48 മണിക്കൂറിനുള്ളില്‍ ലഭിക്കാന്‍ അടുത്ത രണ്ടു ദിവസങ്ങളിലെ അനുവദനീയമായ സമയമോ, അഥവ എന്തെങ്കിലും അസൗകര്യമെങ്കില്‍ others എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് സൗകര്യമുള്ള സമയമോ രേഖപ്പെടുത്താം.
വിവരങ്ങള്‍ നല്‍കി പൂര്‍ത്തിയാകുന്ന സമയത്ത് അപേക്ഷ രജിസ്റ്റര്‍ ആവുകയും ഒരു സര്‍വീസ് നമ്പര്‍ ഗുണഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത ഇ മെയില്‍/മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭിക്കുകയും ചെയ്യും. തുടര്‍ന്ന് കാതോര്‍ത്തിന്റെ സഹായം നിങ്ങള്‍ക്ക്് ലഭ്യമാകും. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, എന്നിവരുടെ ലിസ്റ്റില്‍ നിന്നും പ്രാപ്തരായ താല്പര്യമുള്ളവരുടെ പാനല്‍ തയ്യാറാക്കുകയും ഇവരുടെ വിവരം മഹിളാ ശക്തി കേന്ദ്ര (MSK) മുഖേന ലഭ്യമാക്കുകയും സേവനം നല്‍കുകയും ചെയ്യും. പോലീസ് സഹായം ആവശ്യമുള്ള പക്ഷം വിമണ്‍ സെല്ലിന്റെ സേവനം പോര്‍ട്ടല്‍ വഴി ലഭിക്കും.
ഓരോരുത്തരും കൈമാറുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ശേഖരിച്ച വിവരങ്ങള്‍ വകുപ്പിന്റെ പാനലില്‍ ഉള്ള ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, പോലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ. മൂന്നാം കക്ഷി ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ വിപണനം ചെയ്യാനോ ഒരിക്കലും വിവരം കൈമാറുന്ന ആളിന്റെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ല. അപേക്ഷയുടെ രജിസ്ട്രേഷന് നടക്കുമ്പോള്‍ തന്നെ എസ്എംഎസും ഇമെയില്‍ അറിയിപ്പും ലഭിക്കും. കൂടാതെ 48 മണിക്കൂറിനുള്ളില്‍ വീഡിയോ കോണ്‍ഫറന്‍സ് തരപ്പെടുത്തിയ എസ്.എം.എസ് അപ്ഡേറ്റുകളും പരാതി നല്‍കിയവര്‍ക്ക് ലഭിക്കുന്നതാണ്.
സ്ത്രീ സുരക്ഷയ്ക്കായി നടപ്പിക്കിയിട്ടുള്ള നിയമങ്ങള്‍ ഇവയാണ്.
ഇങ്ങനെ എല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുമ്പോഴും സ്ത്രീകള്‍ക്ക പീഡനകാലം വിട്ട് നല്ലകാലമുണ്ടാകുന്നില്ല എന്നതാണ് വസ്തുത.
CONTENT HIGHLIGHTS; Government, do you remember ‘Orange the World Campaign’?: The Hema Commission report was sitting in the freezer then