കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആദ്യ കേരള ക്രിക്കറ്റ് ലീഗിലെ ആറു ടീമുകളുടേയും ക്യാപ്റ്റന്‍മാര്‍ സംഗമിച്ചു. ബേസില്‍ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്‌സ്), മുഹമ്മദ് അസറുദ്ദീന്‍ (ആലപ്പി റിപ്പിള്‍സ്), സച്ചിന്‍ ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്‌സ്), റോഹന്‍ എസ്. കുന്നുമ്മേല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ സംഗമിച്ചത്.
കേരളത്തിലെ ക്രിക്കറ്റ് കളിക്കാര്‍ക്കുമുന്നില്‍ വലിയ സാധ്യതകളാണ് കേരള ക്രിക്കറ്റ് ലീഗ് തുറന്നിടുന്നതെന്ന് ടീം ക്യാപ്റ്റന്‍മാര്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ പ്രീമിയര്‍ ലീഗുകള്‍ ആരംഭിച്ചുവെങ്കിലും കേരളത്തില്‍ തുടങ്ങാന്‍ വൈകി. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ക്ക് കേരളത്തിലെ ക്രിക്കറ്റ് രംഗം കേരള ക്രിക്കറ്റ് അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്നും ക്യാംപറ്റന്‍മാര്‍ പറഞ്ഞു. കേരളത്തിലെ സാധാരണക്കാരായ കളിക്കാര്‍ക്ക് മുകള്‍ത്തട്ടുകളിലേക്ക് കയറുന്നതിനുള്ള കോണിപ്പടിയാണ് കേരള ക്രിക്കറ്റ് ലീഗെന്ന് ഏരീസ് കൊല്ലം സെയ്ലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറഞ്ഞു. ടൂര്‍ണമെന്റുകളുടെ വിജയത്തിനു പിന്നില്‍ എപ്പോഴുമുണ്ടാകുക ബൗളേഴ്‌സാണ്. കളിക്കാരുടെ സമ്മര്‍ദ്ദം പരമാവധി കുറച്ച് അവരെ സ്വതന്ത്രരായി കളിക്കാന്‍ അനുവദിക്കുമെന്ന് കൊച്ചി ബ്ലൂടൈഗേഴ്‌സ് ക്യപ്റ്റന്‍ ബേസില്‍ അഭിപ്രായപ്പെട്ടു. ഇതൊരു ആദ്യത്തെ അനുഭവമാണ്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് കളി കൂടുതല്‍ പഠിക്കന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന അവസരംകൂടിയായിരിക്കും കെസിഎല്ലെന്ന് തൃശൂര്‍ ടൈറ്റന്‍സ് ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നല്ല പരിശീലനത്തിലായിരുന്നു ടീമുകളെല്ലാം. കപ്പടിക്കുകയെന്നതാണ് എല്ലാവരുടേയും ലക്ഷ്യം. അതുകൊണ്ടുതന്നെ നല്ല മല്‍സരം കെ.സി.എല്ലില്‍ ഉറപ്പായി ഉണ്ടാകുമെന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മേല്‍ പറഞ്ഞു. നല്ല രീതിയില്‍ എല്ലാവരും ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ കളിക്കാരും എക്‌സൈറ്റഡും എക്‌സ്‌പെക്റ്റഡുമാണ്. സീനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ എല്ലാവരും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കളിയുടെ ഒരു ഘട്ടത്തെപ്പറ്റിയും പ്രവചിക്കാന്‍ ഇപ്പോള്‍ പറ്റില്ലെന്ന് ട്രിവാന്‍ഡ്രം റോയല്‍സ് ക്യപ്റ്റൻ അബ്ദുള്‍ ബാസിത്. മറ്റു ലീഗുകളിലൂടെ പതിനഞ്ചു കളിക്കാര്‍ക്കാണ് അവസരമൊരുക്കുന്നതെങ്കില്‍ കേരള ക്രിക്കറ്റ് ലീഗിലൂടെ കേരളത്തിലെ 113 ക്രിക്കറ്റ് കളിക്കാര്‍ക്ക് വലിയ അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് ആലപ്പി റിപ്പിള്‍സ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ രണ്ടു മുതല്‍ 18 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.45നും വൈകിട്ട് 6.45നുമാണ് മല്‍സരങ്ങള്‍. പ്രവേശനം സൗജന്യമാണ്.
Content Highlights: First seasson of Kerala Cricket League organized by Kerala Cricket Association