കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് കൈത്താങ്ങുമായി സഹകരണ വകുപ്പ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുംബത്തിന് സഹായം എന്ന നിലയിൽ അർജുന്റെ ഭാര്യ കെ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകിയതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.
അർജുനന്റെ ഭാര്യ കെ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകി പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.