Celebrities

‘സെറ്റിലെത്തുമ്പോള്‍ രാജു ഒരു നോട്ടം നോക്കും, ആ നോട്ടം മാത്രമേയുള്ളൂ’: ബൈജു സന്തോഷ്-Baiju Santhosh,Prithviraj

സിനിമയില്‍ എനിക്ക് ഇന്നേവരെ ഒരു സംവിധായകനോടും പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയിട്ടില്ല

ലൂസിഫറിലെയും ഇമ്പുരാനിലെയും അഭിനയ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ നടന്‍ ബൈജു സന്തോഷ്. ലൂസിഫര്‍ എന്ന സിനിമയില്‍ വളരെ മികച്ച ഒരു കഥാപാത്രത്തെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. വരാനിരിക്കുന്ന എമ്പുരാനിലും അദ്ദേഹത്തിന് മികച്ച റോള്‍ ഉണ്ട്. ഇപ്പോള്‍ ഇതാ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന് എത്തിയപ്പോളായിരുന്നു അദ്ദേഹം പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് സംസാരിച്ചത്.

‘സിനിമയില്‍ എനിക്ക് ഇന്നേവരെ ഒരു സംവിധായകനോടും പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയിട്ടില്ല. ഞാന്‍ കൃത്യസമയത്ത് ഷൂട്ടിങ്ങിനു പോയത് രാജു സംവിധാനം ചെയ്ത സിനിമയിലാണ്. പക്ഷേ ഇപ്പോള്‍ ജഗദീഷേട്ടന്‍ പറഞ്ഞതുപോലെ ആളു ഭയങ്കര സ്‌നേഹമൊക്കെയാ പക്ഷേ ഭയങ്കര ഹൈലി പ്രൊഫഷണല്‍ ആണ് പൃഥ്വിരാജ്. രാവിലെ ചെല്ലുമ്പോള്‍ ഒരു നോട്ടം നോക്കും. ആ നോട്ടം മാത്രമേയുള്ളൂ. ശരിക്കും ആ നോട്ടം കാണുമ്പോള്‍ എനിക്ക് സുകു ഏട്ടനെ ഓര്‍മ്മ വരും.’, ബൈജു സന്തോഷ് പറഞ്ഞു.

പൃഥ്വിരാജ് ഒരു ഇരുത്തം വന്ന ഡയറക്ടര്‍ ആണെന്ന് കഴിഞ്ഞ ദിവസം ബൈജു അഭിപ്രായപ്പെട്ടിരുന്നു. എമ്പുരാനിലെ തന്റെ ഷെഡ്യൂള്‍ കഴിഞ്ഞു എന്നും ചിത്രത്തിന്റെ ബാക്കി ഷൂട്ട് പുരോഗമിക്കുകയാണെന്നും നടന്‍ പറഞ്ഞു. അതോടൊപ്പം തന്നെ എല്ലാ മലയാളികളും കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എംപുരാന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എംപുരാന്‍ ചിത്രീകരിക്കുന്നത്. മുരളി ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എംപുരാന്‍ നിര്‍മിക്കുക. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിനായി എത്തുന്നത്.

സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ അബ്റാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. ടൊവിനോ തോമസും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാനവേഷത്തില്‍ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനിലാകും പറഞ്ഞുപോകുന്നത്. 2018 സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനറായ മോഹന്‍ദാസ് ആണ് എംപുരാന്റെ കലാ സംവിധാനം നിര്‍വഹിക്കുന്നത്. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

STORY HIGHLIGHTS: Baiju Santhosh about Prithviraj