ഇനി എങ്ങോട്ടു പോകും എന്ന ചോദ്യത്തിനാണ് ഇ.പി. ജയരാജന് വ്യക്തമായ ഉത്തരം പറയാന്‍ വിയര്‍ക്കുന്നത്. തന്നെ വകവരുത്താന്‍ നിരന്തരം വേട്ടയാടിയ ആര്.എസ്.എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പിയിലേക്കോ ?. അതോ തലയില്‍ ഉന്നംവെച്ച് തീര്‍ക്കാന്‍ ശ്രമിച്ച് നിറയൊഴിച്ച കോണ്‍ഗ്രസിലേക്കോ ?. അതോ എല്ലാം സഹിച്ച് സി.പി.എമ്മിന്റെ പിന്നാമ്പുറത്ത് പല്ലു കൊഴിഞ്ഞ സിംഹത്തെപ്പോലെ ചടഞ്ഞുകൂടുമോ ?. സി.പി.ഐയിലേക്ക് പോകുമെന്ന് കരുതാന്‍ വയ്യ. കാരണം, എല്‍.ഡി.എഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും തന്നെ നീക്കണമെന്ന് ശക്തമായി വാദിച്ചത് സി.പി.ഐയാണ്. നിലവിലെ രാഷ്ട്രീ സാഹചര്യത്തില്‍ ഇ.പി ജയരാജന് സി.പി.ഐയെ ചേര്‍ത്തു പിടിക്കില്ലെന്നുറപ്പാണ്.
എന്നാല്‍, ഇ.പിയെ വീഴ്ത്താന്‍ സി.പി.എം എടുത്ത വാരിക്കുഴിയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടിക്കുള്ളില്‍ നടന്നതെന്നാണ് ഇ.പി. ജയരാജനെ അറിയുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇ.പി മുഖച്ഛായാ ഭയമില്ലാതെ ഇടപെട്ടിട്ടുണ്ട്. അതെല്ലാം പിന്നീട് പാമ്പായി തിരിഞ്ഞു കൊത്തുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി വക്താവ് പ്രകാശ് ജാവദേക്കറിനെ കണ്ടതു പോലും പിണറായി വിജയനു വേണ്ടിയാണെന്നാണ് സൂചനകള്‍. പ്രതിപക്ഷ നേതാവാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, ഇ.പിയുടെ വീഴ്ചയില്‍ മുന്‍ സി.പി.എം നേതാവ് ചെറിയാന് ഫിലിപ്പ് പറയുന്നത്, സി.പി.എം കൊട്ടാരവിപ്ലവത്തില്‍ ഇ.പി.വധിക്കപ്പെട്ടു എന്നാണ്.
എം.വി.രാഘവനും കെ.ആര് ഗൗരിയമ്മയ്ക്കും ശേഷം സി.പി.എം പുകച്ചു പുറത്താക്കുന്ന ഉന്നത നേതാവാണ് ഇ.പി.ജയരാജന്. ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇ.പി.ജയരാജന്. കേരളത്തില്‍ പിണറായി വിജയന് കഴിഞ്ഞാല്‍ സി.പി.എമ്മിലെ ഏറ്റവും സീനിയറായ നേതാവ്. പ്രതിയോഗികളുടെ വധശ്രമത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഇ.പി.യെ ഇപ്പോള്‍ സ്വന്തം പാര്‍ട്ടി തന്നെയാണ് വധിച്ചിരിക്കുന്നതെന്നാണ് ചെറിയാന് ഫിലിപ്പ് പറയുന്നത്. തന്നേക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണന്, എ. വിജയരാഘവന്, എം.വി. ഗോവിന്ദന് എന്നിവരെ പാര്‍ട്ടി സെക്രട്ടറിയാക്കിയപ്പോള്‍ മുതല്‍ വ്രണിത ഹൃദയനായിരുന്ന ഇ.പി.ജയരാജന്റെ ഹൃദയത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ കത്തിയിറക്കിയിരിക്കുന്നത്.
തന്നെക്കാള്‍ പാരമ്പര്യമോ ത്യാഗമോ ഇല്ലാത്ത എം.എ ബേബി, എ. വിജയരാഘവന്, എം.വി. ഗോവിന്ദന് എന്നിവരെ പോളിറ്റ്ബ്യൂറോ അംഗമാക്കിയപ്പോഴും ഇ.പി ജയരാജന് തഴയപ്പെട്ടു. ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റിലാണ് ഇ.പിയെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിയത്. സെക്രട്ടേറിയറ്റില്‍ ഇ.പിയും പങ്കെടുത്തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കു പോവുകും ചെയ്തു. ഇ.പി – ജാവഡേക്കര്‍ – ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍.
ഇ.പി്കു പകരം എല്‍.ഡി.എഫ് കണ്‍വീനര്‍ ചുമതല ടി.പി.രാമകൃഷ്ണന് നല്‍കാനും തീരുമാനമുണ്ടെന്നാണ് സൂചനകള്‍. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി. താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍, അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ട് നടപടി എന്ന രീതിയില്‍ എടുക്കാനാണ് യോഗം തീരുമാനിച്ചത്. ഇത് ഇപിയെ വ്യക്തിപരമായി വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. തനിക്ക് ഒഴിയാനുള്ള അവസരം നല്‍കാതെ, അതൊരു പാര്‍ട്ടി നടപടിയായി എടുത്തത് തന്നെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള നീക്കമാണെന്നാണ് വിലയിരുത്തുന്നത്.
മുന്നണി യോഗത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഘടകകക്ഷികള്‍ മുമ്പില്‍ ഇ.പിക്കെതിരേ നടപടി എടുത്തുവെന്ന് വ്യാഖ്യാനിക്കാന്‍ കൂടിയാണ് പാര്‍ട്ടി ഈ നീക്കം നടത്തിയത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി. വസതിയിലെത്തുമ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണത്തിനായി കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീട്ടിനകത്തേക്ക് കയറുകയായിരുന്നു. ഇനി പാര്‍ട്ടിയുടെ നീക്കങ്ങള്‍ എന്തായിരിക്കും എന്നതു പോലെയിരിക്കും ഇ.പിയുടെ നീക്കങ്ങളും. ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്.
എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിനു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഇ.പിക്ക് ഉള്‍ക്കൊള്ളാനായില്ല. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. നാളെ മുതല്‍ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. അതിനിടയില്‍ ഇത്തരം നടപടികള്‍ പാര്‍ട്ടിക്കു സാധ്യമല്ല. അതിനാല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി നടപടി സ്വീകരിക്കുകയായിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഇ.പി. സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതില്‍ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഇക്കാര്യത്തില്‍ ഇ.പിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെയാണ് ഇ.പിയുടെ തുറന്നു പറച്ചില് ഉണ്ടായത്. ഈ നടപടി രാഷ്ട്രീയ സ്ഫോടനങ്ങള്‍ക്ക് കാരണമായി. തെരഞ്ഞെടുപ്പില്‍ പോലും പ്രതിഫലിച്ചെന്ന് ഘടകകക്ഷികള്‍ ആരോപിക്കുകയും ചെയ്തിരുന്നു. സി.പി.ഐ ഇതിനെതിരേ അതി ശക്തമായാണ് പ്രതികരിച്ചത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം പോലും ഉണ്ടാകുന്നത്.
‘ ആളെപ്പറ്റിക്കാന്‍ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇ.പി ഒഴിവാക്കണം ‘ എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പിണറായി പറഞ്ഞതു കൃത്യമായ മുന്നറിയിപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിനന്ദനും ശരിവച്ചതോടെ ഇ.പിയുടെ പോക്കില്‍ നേതൃത്വത്തിനുള്ള അതൃപ്തി പരസ്യമായി. ബിജെപിയില്‍ ചേരാന്‍ നേതാക്കളുമായി ഇ.പി ചര്‍ച്ച നടത്തിയെന്ന ആരോപണം സാങ്കേതികമായി പിണറായിയും എം.വി.ഗോവിന്ദനും തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് സമയത്തും പോലും ഇ.പി കാണിക്കുന്ന ജാഗ്രതക്കുറവിനെ നേതൃത്വം ഗൗരവത്തിലെടുത്തതിന്റെ തെളിവായിരുന്നു പരസ്യ പ്രതികരണം.
പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ.പി.ജയരാജന് പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല. ജാവഡേക്കറുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നാണ് ഇ.പി അന്നു നല്കിയ വിശദീകരണം ഇതാണ്: ”ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് ജാവഡേക്കര്‍, എന്റെ മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റില്‍ വന്നത്. വന്നു, കണ്ടു പരിചയപ്പെട്ടു. എന്താ വന്നതെന്നു ചോദിച്ചപ്പോള്‍ ഇതുവഴി പോകുമ്പോള്‍ നിങ്ങളെ കണ്ടു പരിചയപ്പെടാന്‍ വന്നതാണെന്നു പറഞ്ഞു.
എങ്ങനെയുണ്ട് രാഷ്ട്രീയമെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍, രാഷ്ട്രീയമെല്ലാം നമുക്കു പിന്നീടു ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞു. അവിടെ തീര്‍ന്നു. ഈ കൂടിക്കാഴ്ചയാണ് മറ്റു രീതിയില്‍ വളച്ചൊടിക്കുന്നത്. കെ. സുധാകരനും ശോഭ സുരേന്ദ്രനും 4 മാധ്യമ പ്രവര്‍ത്തകര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്.” എന്നും ഇ.പി. പറഞ്ഞിരുന്നു. ഈ വിവാദങ്ങള്‍ക്കു പുറമേ ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും, വിമാനത്തില്‍ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് നടപടി വാങ്ങിയതും, വിവിധ വിഷയങ്ങളില്‍ സ്ഥലകാല ബോധമില്ലാതെ പ്രതികരിച്ചതുമൊക്കെ കൂനിന്മേല് കുരുപോലെ വന്നിരിക്കുകയാണിപ്പോള്‍.
CONTENT HIGHLIGTS; The horn that fell in the rib cage EP. Jayarajan where to next: CPM ‘locked up’