പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത നാട് , കെനിയയിലെ ഉമോജ . ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ആഫ്രിക്കൻ ഗ്രാമമായി തോന്നാം. എന്നാൽ കാര്യത്തോടടുക്കുമ്പോൾ ഇത് തികച്ചും വ്യത്യസ്‍തമാണ്. ഒരുപക്ഷേ, ലോകത്തിലെ മറ്റേത് ഗ്രാമത്തെക്കാളും… ഈ ഗ്രാമത്തിൽ പുരുഷന്മാരില്ല എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. പുരുഷവിദ്വേഷികളായ സ്ത്രീകളുടെ സ്വപ്‌നഭൂമിയാണ് ഈ ഗ്രാമം.
തലസ്ഥാന നഗരമായ നയ്റോബിയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, സ്ത്രീകള്‍ മാത്രമുള്ള കെനിയയിലെ ഗ്രാമമാണിത്. ഈ പെണ്‍ഗ്രാമത്തെ സൃഷ്ടിച്ചത് ഒരു പുരുഷാധിപത്യ സമൂഹമാണ്. കാരണം അത്രയും അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു അന്നാട്ടിലെ സ്ത്രീകള്‍.
ആഫ്രിക്കയിൽ, സ്ത്രീകളെ ഒരു ചരക്കുവസ്‍തുവായിട്ടാണ് മിക്കപ്പോഴും കണക്കാക്കുന്നത്. ചിലയിടങ്ങളിലൊന്നും ഭൂമി വാങ്ങാനോ, വരുമാനത്തിനായി ഒരു ആടിനെ വാങ്ങാൻപോലും സ്ത്രീകൾക്ക് അധികാരമില്ല. ലൈംഗികമായ ചൂഷണങ്ങളും ബാലവിവാഹങ്ങളും പുരുഷന്‍മാരില്‍നിന്നുള്ള മര്‍ദനവും പോരാഞ്ഞിട്ട് സ്വത്തിലും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല.എന്നാൽ, പുരുഷാധിപത്യത്തിന്‍റെ ആ ലോകത്ത്, അഭിമാനത്തോടെ തലയുയർത്തി നില്‍ക്കുകയാണ് സ്ത്രീകളുടെ മാത്രമായ ഉമോജ എന്ന കൊച്ചു ഗ്രാമം. ആ ഗ്രാമം, ചുറ്റും മുള്ളുവേലികെട്ടി പുരുഷന്മാരെ പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് പട്ടാളം ഗ്രാമത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. 1990-ലാണ് സംഭവം. ഇതോടെ ഗ്രാമത്തിലെ പുരുഷന്‍മാര്‍ ബലാത്സംഗം ചെയ്യപ്പെട്ട തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു. അന്ന് 1400 സാംബുരു സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്.
ബലാത്സംഗം ചെയ്യപ്പെട്ടതുമൂലം ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീയായിരുന്നു റെബേക്ക ലോലോസോലി എന്ന യുവതി. തന്നെ പോലെ നിരവധി പേര്‍ ഉമോജയിലുണ്ടെന്ന് മനസിലാക്കിയ റെബേക്ക ഇവരെ കൂടെ കൂട്ടി എങ്ങനെയും അതിജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. അങ്ങനെ റെബേക്ക 50 സ്ത്രീകളെ കൂടെ കൂട്ടി 1990-ല്‍ ഉമോജ സ്ഥാപിച്ചു. ഇവിടെത്തെ സമ്പുര സംസ്ക്കാരത്തിൽ പലപ്പോഴും അച്ഛന്‍റെ പ്രായമായ ഒരു പുരുഷനെയാണ് മകളുടെ പങ്കാളിയായി ആദ്യം തെരഞ്ഞെടുക്കുക. കുറച്ചുകാലം അവർ സ്ത്രീയും പുരുഷനുമായി ജീവിക്കുന്നു. ഈ സമയത്ത് പക്ഷേ ഗർഭധാരണം നിരോധിച്ചിരിക്കുന്നു. അറിയാതെ എങ്ങാൻ കുട്ടി ഗർഭിണിയായാൽ അവളെ ഗർഭച്ഛിദ്രത്തിന് വിധേയമാക്കും. പെൺകുട്ടികൾക്ക് മിക്കപ്പോഴും 11 വയസ്സിന് താഴെയായിരിക്കും പ്രായം. എന്നാൽ, പങ്കാളിയായ ആണിനോ മിക്കവാറും അവളുടെ അച്ഛനെക്കാൾ പ്രായം കാണും. ഇത്തരത്തിൽ സ്ത്രീകളെ വെറും വിലകുറഞ്ഞ വസ്‍തുക്കളായി കണക്കാക്കുന്ന ഒരു സമൂഹത്തിനുള്ള മറുപടിയാണ് ഉമോജയിലെ സ്ത്രീകൂട്ടായ്‍മ.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും അവരോടുള്ള സമൂഹത്തിന്‍റെ ദുഷിച്ച മനോഭാവങ്ങളുമായി യോജിച്ചു പോകാന്‍ കഴിയാത്ത സ്ത്രീകളാണ് ഇവിടുത്തെ നിവാസികള്‍. അതായത് സാംബുരു വംശത്തിലെ ഫെമിനിസ്റ്റുകള്‍ . എന്നാൽ, സ്ത്രീകൾ മാത്രമുള്ള ഒരു സമൂഹം എന്ന റെബേക്കയുടെ ആശയം പുരുഷന്മാർക്ക് സഹിച്ചില്ല. ഒരുകൂട്ടം പുരുഷന്മാർ റെബേക്കായെ പൊതിരെ തല്ലി. ഗ്രാമത്തിലെ സ്ത്രീകളോട് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചതിനാലാണ് അവൾക്ക് ഈ മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇതൊന്നും പക്ഷേ അവിടെയുള്ള സ്ത്രീകളെ തളർത്തിയില്ല. ഇവിടെ ഒരു പ്രൈമറി സ്കൂളും സാംസ്കാരിക കേന്ദ്രവും കൂടാതെ തൊട്ടടുത്തുള്ള സാംബു നാഷണൽ റിസർവ് സന്ദർശിക്കുന്ന സഞ്ചാരികൾക്കായി ക്യാമ്പിംഗ് സൈറ്റ് എന്നിവയും ഈ സ്ത്രീകള്‍ നടത്തുന്നു. ആഭരണ നിര്‍മാണമാണ് മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം. ബാലവിവാഹം, ചേലാകര്‍മ്മം തുടങ്ങിയവയെക്കുറിച്ച് മറ്റ് ഗ്രാമത്തിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബോധവൽക്കരണപരിപാടികൾ നടത്തിവരികയാണ് ഉമോജയിലെ സ്ത്രീകൾ.
പുരുഷന്മാർക്ക് ഈ ഗ്രാമം സന്ദർശിക്കാൻ അനുമതിയുണ്ടെങ്കിലും ഉമോജയിൽ താമസിക്കാൻ അനുവാദമില്ല. ഇവിടെയുള്ള സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ മാത്രമാണ് പുരുഷപ്രജകളായി ഇവിടെ താമസിക്കുന്നത്. ഇപ്പോഴിവിടെ ഏകദേശം അമ്പതോളം സ്ത്രീകളും ഇരുനൂറോളം കുഞ്ഞുങ്ങളുമാണ് ഉള്ളത്. ഉമോജയിലേക്ക് വരുന്ന ടൂറിസ്റ്റുകളെ തടയാനും മറ്റും പുരുഷന്മാർ ശ്രമിച്ചെങ്കിലും സ്ത്രീകളുടെ ഉരുക്കുശക്തിക്ക് മുന്നില്‍ അവര്‍ക്ക് മുട്ടു മടക്കേണ്ടി വന്നു. ആദ്യകാലത്ത് പച്ചക്കറികള്‍ വിറ്റായിരുന്നു ഇവരുടെ ഉപജീവനം. എന്നാല്‍ പിന്നീട് പരമ്പരാഗതമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു ടൂറിസ്റ്റുകള്‍ക്ക് വില്‍ക്കുന്നതിലേക്ക് തിരിഞ്ഞതോടെ ഇവര്‍ സ്വന്തം കാലില്‍ നില്‍ക്കാവുന്ന പരുവത്തിലായി. പിന്നീട് സര്‍ക്കാര്‍ സഹായവും കൂടി ലഭിച്ചതോടെ ഇവരുടെ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു. ഇപ്പോള്‍ ഇവിടെയുള്ള ഭൂമി ഈ സ്ത്രീകളുടെ ഉടമസ്ഥതയിലാണ്.