ഹൃദയരാഗം
ഭാഗം 48
ആ കുട്ടിയെതാടാ…? അത് നിന്നെ തിരക്കി ഇവിടെ വന്നതോ.? അതോ നീ വിളിച്ചു കയറ്റിയതോ..?
” അങ്ങനെ ആരെയും വിളിച്ചു കയറ്റുന്ന പാരമ്പര്യ സ്വഭാവം എനിക്ക് കിട്ടിയിട്ടില്ല….
അവന്റെ ആ മറുപടി ഒരു വല്ലാത്ത പ്രഹരമായിരുന്നു അവരിൽ ഏൽപ്പിച്ചിരുന്നത്..
” എന്താടാ നീ പറഞ്ഞത്..?
അവളുടെ അരികിലേക്ക് വന്നവന്റെ തോളിൽ ഒരു അടി കൊടുത്തു കൊണ്ടാണ് അമ്പിളി സംസാരിച്ചത്…
താൻ പറഞ്ഞത് അല്പം കടുത്തുപോയി എന്ന് അനന്തുവിന് തോന്നിയിരുന്നു…
” ബുദ്ധി ഉറയ്ക്കാത്ത പ്രായത്തിൽ നിനക്ക് വല്ലതും തന്ന് ഞാനും അത് കഴിച്ച് മരിക്കണമെന്ന് ആദ്യം തോന്നിയത്. പിന്നെ ഓർത്തു ഒന്നുമറിയാത്ത കുഞ്ഞ്, അത് എന്ത് തെറ്റ് ചെയ്തു.? ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഞാനായിട്ട് നിഷേധിക്കാൻ പാടില്ല, ഒരു ഭാഗ്യദോഷി അമ്മയുടെ മകനായി ജനിച്ചത് കൊണ്ട് കുട്ടിക്കാലത്തെ അകാലമരണം താനായിട്ട് അവനെ വിധിക്കരുത്… അതുകൊണ്ട് ആണ് അങ്ങനെ ചെയ്യാതിരുന്നത്, ഓരോ ദിവസവും വിശന്നിട്ടു നീ കരയുമ്പോൾ ഒരു നേരത്തെ ഭക്ഷണം നിനക്ക് തരാൻ വേണ്ടിയാണ് ആദ്യമായിട്ട് ഈ വീട്ടിൽ കയറി വന്ന ആളെ ഞാൻ അകത്തേക്ക് വിളിച്ചു കയറ്റിയത്…. അതും ഞാൻ വിളിച്ച് കയറ്റിയത് അല്ല, അവരെ ഇങ്ങോട്ട് വന്നതാ… മറ്റ് മാർഗങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അമ്മയ്ക്ക് അവർക്ക് മുന്നിൽ പായ വിരിയ്ക്കേണ്ടി വന്നു.. അത് എന്റെ ശരീരത്തിന്റെ സുഖമല്ല ഞാൻ വിചാരിച്ചത്, എന്റെ കുഞ്ഞിന് ഒരു നേരമെങ്കിലും ആഹാരം കിട്ടുമല്ലോ, അവന്റെ വിശപ്പ് ഒരുനേരമെങ്കിലും മാറുമല്ലോ, പാൽ കിട്ടുമ്പോൾ ഉള്ള അവന്റെ ചിരി… ആ ചിരി മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ, എനിക്ക് സമ്പാദിക്കാൻ വേണ്ടിയല്ല ഞാൻ ഒന്നും ചെയ്തിട്ടുള്ളത്… ഓരോ ദിവസത്തെ അന്നത്തിനു വേണ്ടി മാത്രമായിരുന്നു, ഇഷ്ടമുണ്ടായിട്ടല്ല പലരുടെയും വീട്ടുപടിക്കൽ പോയി വീട് പണിക്ക് നിന്ന് കൊടുത്തിട്ടുണ്ട്.. ആരും അതുപോലും നൽകാൻ തയ്യാറായപ്പോൾ ആണ് അവസാന മാർഗമെന്ന നിലയിൽ ഇത് ഞാൻ തിരഞ്ഞെടുത്തത്, അല്ലാതെ നീ കരുതുന്നതുപോലെ വീട്ടിൽ ആളില്ലാത്ത സമയത്ത് ആളിനെ വിളിച്ചു കയറ്റുക ആയിരുന്നില്ല… അമ്പിളി ആരെയും ഇതുവരെ വിളിച്ച് കയറ്റിയിട്ടില്ല… തേടി വന്നിട്ടുള്ളവരെയും പറഞ്ഞയക്കാൻ ആയിരുന്നു ആഗ്രഹിച്ചത്, പക്ഷേ അവസ്ഥ ഇതായിരുന്നു… അവസാനമായി ഒരാളെ വന്നപ്പോൾ നീ ഇന്ന് ഏറ്റവും വെറുപ്പോടെ എന്നെ കാണുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ നിന്നെ ഓർത്ത് തന്നെയാണ് അയാളെ ഞാൻ ഭർത്താവായി സ്വീകരിച്ചത്… ഒരു രണ്ടാം വിവാഹം ആഗ്രഹിച്ചത് നീ വളർന്നു വലുതാകുമ്പോൾ എന്റെ മോശം പേര് നീ കേൾക്കരുതേ എന്ന് വിചാരിച്ചു, എനിക്കും നിനക്കും ചെലവിന് തരാമെന്നും ഇനി മറ്റാർക്കും നീ പായ വിരിക്കേണ്ട എന്നു പറഞ്ഞപ്പോൾ നിന്നെ ഓർത്തു തന്നെയാണ് ഈ ജീവിതത്തിന് ഞാൻ തയ്യാറായത്… എന്നിട്ട് ഇപ്പോൾ നിന്റെ മുൻപിൽ മോശക്കാരിയായി ഞാൻ…..
” അമ്മേ ഞാനങ്ങനെ പറഞ്ഞതല്ല,
അനന്ദു വല്ലാതെയായി പോയിരുന്നു… ഒരു നിമിഷം അവന്റെ സ്വഭാവത്തിൽ അമ്പിളി ഒന്ന് അമ്പരന്ന് പോയിരുന്നു… ഇങ്ങനെയൊക്കെ പറഞ്ഞാലും തട്ടിക്കയറി സംസാരിക്കുന്നവനാണ്… കുറേ വർഷങ്ങൾക്ക് ശേഷം അവൻ അമ്മ എന്ന് ആത്മാർത്ഥമായി വിളിച്ചപ്പോൾ അവൾക്ക് കണ്ണുകൾ നിറഞ്ഞു പോയിരുന്നു…
” ആ കുട്ടി ഏതാ…?
കണ്ണുനീർ തുടച്ച് അവൾ ചോദിച്ചു,
” ഞാൻ പറഞ്ഞില്ലേ ഞാൻ ഒരു കുട്ടിയും ആയി ഇഷ്ടത്തിൽ ആണെന്ന്… അവൾ ആണ്…
” ആരുമില്ലാത്ത സമയത്ത് നീ എന്തിനാ അവളെ ഇവിടേക്ക് വിളിച്ചുവരുത്തിയത്…
” അമ്മ കരുതുന്നതുപോലെ ഒന്നുമല്ല ഞാൻ അത്തരത്തിലുള്ള ആളല്ല എന്ന് അമ്മയ്ക്ക് അറിയാല്ലോ.. അവളുടെ വീട്ടിലെ കുറിച്ച് പ്രശ്നം, ഞാനും ആയിട്ടുള്ള ഇഷ്ടം അറിഞ്ഞു… അതുകൊണ്ട് അവളെ വീട്ടിൽ നിന്ന് അങ്ങോട്ട് ഇറങ്ങാൻ സമ്മതിക്കില്ല, വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി എന്നെ കണ്ടു സംസാരിക്കാൻ വേണ്ടി വന്നത് ആണ്…
” വിശ്വന്റെ മോളാണോ അത്…?
” അത് അമ്മയ്ക്ക് എങ്ങനെ അറിയാം…?
” ആണോ അല്ലയോ..?
” ആണു…. നിനക്ക് തോന്നുന്നുണ്ടോ ഇത് നടക്കുമെന്ന്…?
വെറുതെ ഒരു പെൺകുട്ടിക്ക് മോഹം കൊടുക്കരുത്, മോഹം കൊടുത്തു അവസാനം അത് നടക്കില്ലെന്ന് വരുമ്പോൾ ആൺകുട്ടികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല പക്ഷേ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മറ്റൊരുതന്റെ ഭാര്യയായാലും വേദന അവരുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല… എത്താത്ത കൊമ്പിലേക്ക് പിടിക്കാൻ നോക്കാരുത്…
അമ്പിളി പറഞ്ഞു..
” ഇത് നടക്കും ഇതേ നടക്കു…
ഉറപ്പിച്ചു അവൻ പറഞ്ഞു..
” എന്താ നന്ദു നീ പറയുന്നത്..? അവരെ വലിയ വലിയ ആളുകൾ ആണ്.. അവരൊന്നും നമ്മുടെ വീട്ടിലേക്ക് ആ കുട്ടിയേ അയക്കില്ല..
” അവൾക്ക് ഞാനല്ലാതെ മറ്റാരും വേണ്ടെന്ന് ഉറച്ച നിലപാടിലാണ്….
” വിളിച്ചോണ്ട് വരാൻ ആണോ നീ ഉദ്ദേശിക്കുന്നത്…? ഇത്രകാലം നോക്കി വളർത്തിയ അതിന്റെ അച്ഛനെയും അമ്മയേ mയും വേദനിപ്പിച്ചിട്ടുള്ള ജീവിതം ശാശ്വതമാവില്ല. അത് നമുക്ക് വേണ്ട,
” ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ അല്ലാതെ മറ്റൊരു ജീവിതം എനിക്കില്ല…. എന്നെ അല്ലാതെ മറ്റാരെയും അവൾ കല്യാണം കഴിക്കില്ല… എനിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാമെന്ന് ആണ് അവൾ പറഞ്ഞത്…. അമ്മയ്ക്ക് അറിയില്ല അവൾ എന്നെ എങ്ങനെയാണ് സ്നേഹിക്കുന്നത് എന്ന്..അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്…
” അവൾക്ക് എത്ര വയസ്സ് കാണും കൂടിയാൽ 21, 21 വർഷം അവളെ സ്നേഹിച്ചു വളർത്തിയ അവളുടെ അച്ഛനമ്മമാർ അവൾക്ക് കൊടുത്ത സ്നേഹത്തിലും വലുതല്ല നീ അവളോട് കാണിക്കുന്നത്… അതവൾ മനസ്സിലാക്കി എടുക്കാൻ കുറച്ചു പ്രായം എടുക്കും, പക്ഷേ നീ ഒരു പക്വത ഉള്ള പുരുഷനാണ്, നീ ഒരിക്കലും അത് പ്രോത്സാഹിപ്പിച്ചു കൊടുക്കരുത്…
” അമ്മ എന്താ പറയുന്നത്..? ഞാൻ അവളെ മറക്കണം എന്നാണോ…?
” മറക്കണം എന്നല്ല,നിന്റെ മാറ്റത്തിനു കാരണം ആ കുട്ടിയാണ് എന്ന് എനിക്ക് അറിയാം.. നല്ല കുട്ടിയാണ് അത്… പക്ഷെ ഒരിക്കലും അതിന്റെ അച്ഛന്റെയും അമ്മയുടെയും ശാപം വാങ്ങി അവളെ ജീവിതത്തിലേക്ക് കൂട്ടരുത് എന്ന് ആണ് പറഞ്ഞത്… നിനക്ക് ഇഷ്ടമാണെങ്കിൽ നിങ്ങൾക്ക് രണ്ടുപേർക്കും കാത്തിരിക്കാൻ പറ്റുമെങ്കിൽ അതിൽ മറ്റു കാര്യങ്ങളൊന്നും ചിന്തിക്കേണ്ട കാര്യമില്ല, ഇപ്പോൾ തന്നെ അവളുടെ വീട്ടുകാരെ പറ്റിച്ചു അല്ലേ ഇങ്ങോട്ട് വന്നത്..? അത് ശരിയായില്ല, നീ അതിനു സമ്മതം മൂളാൻ പാടില്ലായിരുന്നു… ഇനി ആ കുട്ടി അങ്ങനെ എന്തെങ്കിലും കാണിച്ചാൽ നീ വേണം അവളോട് അങ്ങനെ ചെയ്യരുത് എന്ന് പറയാൻ, അച്ഛനുമമ്മയേയും പറ്റിച്ചോരു സ്നേഹം വേണ്ട… അതിന്റെ ശാപം കിട്ടും മക്കളെ, കണ്ണ് പൊന്നെ എന്ന് പറഞ്ഞു വളർത്തുന്ന മാതാപിതാക്കൾ ഒന്ന് ശപിച്ചാൽ ഉണ്ടല്ലോ അത് വല്ലാതെ ഏൽക്കും മോനേ… അവളുടെ അച്ഛന്റെയും അമ്മയുടെയും വേദന പറഞ്ഞാൽ ഇപ്പൊൾ നിനക്ക് മനസ്സിലാവില്ല…. നാളെ നീയും ആ സ്ഥാനത്ത് നിന്നാലേ അത് മനസ്സിലാവു,
” ഞങ്ങൾ തെറ്റൊന്നും ചെയ്തില്ല അമ്മ… കുറച്ചു നേരം സംസാരിച്ചു എന്നേയുള്ളു…
” തെറ്റ് ചെയ്യുന്നതിൽ അല്ല, ഇപ്പൊ തന്നെ അവൾ ഇവിടെ വന്നത് നാട്ടുകാരിൽ ചിലർ കണ്ടു… നാളെ അവളുടെ അച്ഛന്റെയും അമ്മയുടെയും അരികിൽ എത്തുന്നത് മറ്റൊരു രീതിയിൽ ആയിരിക്കും… ഒന്നാമത് നിന്റെ അമ്മയ്ക്ക് ആവശ്യത്തിന് ചീത്തപ്പേര് ഉണ്ടല്ലോ, അതവൾക്ക് മോശമായി ബാധിക്കും.. അവളുടെ അമ്മയ്ക്കും അച്ഛനും അത് താങ്ങാൻ പറ്റില്ല, പറയുന്നവർക്ക് മുന്നിൽ അവർ നാണം കെട്ടു നിൽക്കണം… എന്റെ മോൻ കാരണം ആരും വിഷമിക്കരുത്, അത് എനിക്ക് നിർബന്ധമാണ്…
” ഞാൻ എന്ത് ചെയ്യണം എന്നാണ് അമ്മ പറയുന്നത്…?
” നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നിനക്ക് നല്ലൊരു ജോലി കിട്ടിയതിനുശേഷം അവര് അമ്മയെ അടിച്ചിറക്കിയാലും സാരമില്ല നിനക്ക് വേണ്ടി അമ്മ പോയി അവിടെ ആലോചിക്കും, എന്നിട്ട് സമ്മതമല്ലെന്ന് പറഞ്ഞാൽ മാത്രം മതി ബാക്കി കാര്യങ്ങളെക്കുറിച്ച് നമുക്ക് ആലോചിക്കുന്നത്….
അമ്പിളിയുടെ വാക്കുകൾ കേട്ടപ്പോൾ അത് ശരിയാണെന്ന് അനന്തുവിന് തോന്നിയിരുന്നു…
കാത്തിരിക്കൂ.