Kerala

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍

പരാതികളെല്ലാം സിബിഐക്ക് വിടണമെന്ന് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ തെറ്റാണ്. പരാതിക്കാരിയായ നടി നേരത്തെയും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗ ആരോപണം ഉണ്ടായിരുന്നില്ലെന്ന് സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിയേറ്റര്‍ പ്രിവ്യൂവിനിടെ താന്‍ മോശമായി പെരുമാറി എന്നാണ് നേരത്തെ ആരോപിച്ചിരുന്നത്.

എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായതിനാല്‍ ഇപ്പോള്‍ ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിദ്ദിഖ് ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് യുവനടി പരാതി നല്‍കിയിട്ടുള്ളത്. സിദ്ദിഖിന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും. സിദ്ദിഖിന് വേണ്ടി അഡ്വ. രാമന്‍പിള്ള ഹാജരായേക്കുമെന്നാണ് റിപ്പോർട്ട്.

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പരാതികളെല്ലാം സിബിഐക്ക് വിട്ട് സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.