സൗദി അറേബ്യയില്‍ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ പുതുതായി 20,718 പേർ അറസ്റ്റിലായി.‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്.
ഓഗസ്റ്റ് 22 മുതല്‍ 28 വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 13,248 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4688 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,782 പേരുമാണ് പിടിയിലായത്.
രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 744 പേരും പിടിയിലായി. ഇതിൽ 37 ശതമാനം യമനികളും 62 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 69 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് 16 പേർ വേറെയും പിടിയിലായി.