ഹുബ്ലി യിൽ നിന്ന് ബിജാപ്പൂർ വരെ പാസഞ്ചർ ട്രെയിനിൽ ഒരു യാത്രയിൽ കാണാൻ കാഴ്ചകൾ നിരവധിയാണ്. ഉച്ചയ്ക്ക് 1.15 ന് ഹുബ്ബള്ളിയിൽ നിന്ന് ട്രെയിനിൽ കയറിയാൽ പിന്നീട് കാഴ്ചകളുടെ ഒരു മഹോത്സവം തന്നെയാണ്. റെയിലിൻ്റെ ഇരുവശവും പലതരം കൃഷികളാണ്. കൊയ്ത്തും നിലം ഉഴലും ഒക്കെ തകൃതിയായി നടക്കുന്നത് കാണാം.. ആവശ്യത്തിന് മഴയും , കൃഷി ചെയ്യാൻ സ്ഥലവും ജലവും ആവശ്യത്തിന് അവിടെയുണ്ട്..
മുളക്, ചോളം, ഏലം, കടുക്, പരുത്തി തുടങ്ങി ഒരു പാട് വിളകളുടെ കൃഷി ഉണ്ട്. തെങ്ങും കവുങ്ങും ഒപ്പം ഉണ്ട്. ഗദഗ് ജില്ല മുളകിനും ഏലത്തിനും പ്രസിദ്ധമാണ്. അനിഗേരി കഴിഞ്ഞ് നീളത്തിൽ കിടക്കുന്ന കവുങ്ങിൻ തോട്ടങ്ങൾ കാണാം. പരന്നു കിടക്കുന്ന പീഠഭൂമി ആയതുകൊണ്ട് കൃഷി നന്നായി നടക്കുന്നുണ്ട്.
ട്രെയിനിൽ ലഭിക്കുന്ന ബേൽപ്പൂരി വളരെയധികം പ്രസിദ്ധമാണ്, ഉരുളക്കിഴങ്ങ് വറുത്ത് തക്കാളിയും സവാളയും ചേർന്ന് വഴറ്റിയ ഒരു സ്നാക്ക്, വടാ പാവ് , നിലക്കടല ഒക്കെയാണ്. പൊരി, തക്കാളി, ഉള്ളി എന്നിവ മസാലയും ഉപ്പും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്ത് കടലാസ് പൊതിയിൽ വിളമ്പും.
കുറച്ചൂടെ കഴിയുമ്പോൾ കാഴ്ചകൾ മാറും കാറ്റാടികൾ പാടത്ത് സൂര്യകാന്തി , ജമന്തി തുടങ്ങിയ പൂക്കളും കാണാം. . ബഗൽകോട്ട് നഗരം കഴിഞ്ഞ ഉടനെ വലിയ ഒരു തടാകം കാണാം. കൃഷ്ണാ നദിയിൽ അലമാട്ടി ഡാമിൻ്റെ റിസർവോയറും , ജല വിതരണം നടത്താനുള്ള ബാരേജും ഇവിടെ കാണാം. ജാടരാംകുണ്ടി എന്നും കൂടൽ സംഗമ എന്നും പേരായ റെയിവേ സ്റ്റേഷനുകൾ കൃഷ്ണാ നദിയുടെ മേലുള്ള ഡാമിൻ്റെ പരിധിയിലൂടെ ആണ് പോകുന്നത്. അലമാട്ടി റെയിൽവേ പാലവും ഉണ്ട്. അതിന് മേലേ പോകുമ്പോൾ താഴെ ഡാമും, കൃഷ്ണാ ഗാർഡനും ഒക്കെ കാണാം. കൃഷ്ണാനദിയിലെ വലിയ ഒരു ഹൈഡ്രോ ഇലക്ട്രിക് പവർ പ്രൊജക്റ്റ് ആണ് അലമാട്ടി ഡാം.
അലമാട്ടി വിട്ട് നാലഞ്ച് സ്റ്റേഷനുകൾ കഴിഞ്ഞ് കുഡ്ഗി എന്ന സ്റ്റേഷൻ ആണ്. ബസവന ഭഗവതി റോഡ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ് കുഡ്ഗി. ഇവിടെ NTPC യുടെ 2400 MW ഉള്ള ഒരു സൂപ്പർ താപനിലയം ഉണ്ട് . വലിയ താപനിലയം രാത്രിയിൽ പുകയും പറത്തി കിലോമീറ്ററുകളോളം നീളത്തിൽ പ്രകാശം പരത്തി നിൽക്കുന്ന കാഴ്ച ഗംഭീരമാണ് .
Story Highlights ;travel by passenger train from Hubli to Bijapur