Features

തൃശ്ശൂരില്‍ നടന്നത് രാഷ്ട്രീയ കുതിരക്കച്ചവട പൂരമോ?: CPI സ്ഥാനാര്‍ത്ഥി തോറ്റതല്ല, തോല്‍പ്പിച്ചതോ ?

CPM-CPI രാഷ്ട്രീയ സംഘര്‍ഷത്തിന് പൂരംകലക്കി പോലീസിന്റെ പങ്കെന്ത് ?

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റ ആ നിമിഷം മുതല്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ പറയുന്ന കാര്യമാണ്, താന്‍ തോറ്റതല്ല തോല്‍പ്പിച്ചതാണെന്ന്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന എല്ലാവരും ജാള്യത മറയക്കാന്‍ പറയുന്ന ന്യാത്തിനപ്പുറം സ്വന്തം പാര്‍ട്ടിയായ സി.പി.ഐ പോലും അതിനെ കണ്ടില്ല. പക്ഷെ, BJP ജയിച്ചതിന്റെ വിലയിരുത്തല്‍ നടത്തിയപ്പോള്‍ CPIക്ക് ഒരു കാര്യം മനസ്സിലായി. ചതിച്ചത് CPM ആണെന്ന്. അത് എങ്ങനെയാണെന്നു മാത്രമാണ് കണ്ടെത്തേണ്ടിയിരുന്നത്.

തൃശ്ശൂരിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും വിശകലനവുമൊന്നും ഇനിയും അവസാനിപ്പിച്ചിട്ടില്ല. അതിനിടയിലാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ വെളിപ്പെടുത്തലിലേക്ക് CPI തിരിഞ്ഞിരിക്കുന്നത്. വളരെ ദൂരവ്യാപക ദോഷം മണക്കുന്ന ചതി തൃശ്ശൂരില്‍ നടന്നിട്ടുണ്ടെന്നാണ് CPIയുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, വ്യക്തമായ തെളിവുകളോ, സാക്ഷികളോ ഇല്ലാതെ ആരോപണം പോലും ഉന്നയിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പാര്‍ട്ടിയുടെ നില്‍പ്പ്.

സി.പി.എമ്മിന്റെ അപ്രമാദിത്വം അംഗീകരിക്കുമ്പോഴും അടിമയല്ലെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ട ഗതികേടും CPIയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പോക്ക്. തൃശൂരില്‍ CPM പാലം വലിച്ചെന്ന് പകല്‍പോലെ വ്യക്തമാണ്. പക്ഷെ, തെളിവില്ല. തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകള്‍ വെച്ചുള്ള ആരോപണം മാത്രമേ ഉന്നയിക്കാനാവൂ. കോണ്‍ഗ്രസ് വോട്ടുകള്‍ BJP പിടിച്ചെന്നാണ് തോല്‍വിയെ ന്യായീകരിച്ചു കൊണ്ട് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. എന്നാല്‍, CPMനെ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.

എങ്കിലും പ്രത്യക്ഷത്തില്‍ ആക്രമിക്കാന്‍ തയ്യാറായതുമില്ല. എന്നാല്‍, തൃശൂര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ റോള്‍ എന്തായിരുന്നു എന്നതിലേക്കാണ് സംശയങ്ങള്‍ നീളുന്നത്. പോലീസിനെയും തൃശൂര്‍ പൂരത്തിനെയും ബന്ധിപ്പിച്ച് ഗെയിം പ്ലാന്‍ ചെയ്തത് ആരാണ്. എന്തിനു വേണ്ടിയായിരുന്നു അത്. CPIയുടെ തോല്‍വി കൊണ്ട് BJP വിജയിച്ചപ്പോള്‍ നേട്ടം ആരുണ്ടാക്കി. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഉയര്‍ന്നു വരികയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിലൂടെ.

2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുത്ത ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.ഡി.ജി.പി അജിത് കുമാറാനെ പറഞ്ഞയച്ചിരുന്നോ? എന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. കൊച്ചിയിലെ ഹോട്ടല്‍ ഹയാത്തില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത് മറ്റൊരു കാറിലാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാനെത്തിയത്.

ഒരു മണിക്കൂറോളം അവര്‍ തമ്മില്‍ സംസാരിച്ചു. എ.ഡി.ജി.പി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചത്?.ഏത് വിഷയം തീര്‍ക്കാനാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്?. എന്തിന് വേണ്ടിയാണ് ക്രമസമാധാന ചുമതലുള്ള ഉന്നത ഉദ്യോഗസ്ഥനെ അയച്ചത്?. ഈ കൂടിക്കാഴ്ചയ്ക്ക് തിരുവനന്തപുരത്തുള്ള ആര്‍.എസ്.എസ് നേതാവാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാനും തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ധാരണ ഉണ്ടാക്കാനുമായിരുന്നു കൂടിക്കാഴ്ച. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറന്നു കൊടുക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയതെന്നുമാണ് ആരോപണം. ബി.ജി.പിയുമായുള്ള ആ ബന്ധമാണ് തൃശൂരിലും തുടര്‍ന്നത്. ബി.ജെ.പിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നതും കേരളം സജീവമായി ചര്‍ച്ച ചെയ്യുന്നതും. അത് പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു.

പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടി എന്നായിരുന്നു സി.പി.എമ്മിന്റെ പ്രതിരോധം. കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ തൃശൂരില്‍ ഉണ്ടായിരുന്ന എ.ഡി.ജി.പി അജിത്കുമാര്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടാണെന്ന മറു ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി തൃശൂരില്‍ തങ്ങിയാണ് പൂരം കലക്കിയത്. തിരഞ്ഞെടുപ്പ്കാലത്ത് ഇ.ഡി പിടിമുറുക്കിയത് സി.പി.എം നേതാക്കളുടെ കഴുത്തിലാണ്.

തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ കരുവന്നൂരില്‍ ഒരു അന്വേഷണവുമില്ല. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കിയാണ് ബി.ജെ.പി ജയിച്ചത്. അത് ബി.ജെ.പിയും സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. അതില്‍ കുരുതി കഴിച്ചത് CPI സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാറിനെയും. ഇനി അറിയേണ്ടത് സി.പി.ഐയുടെ ഇടപെലാണ്.

 

CONTENT HIGHLIGHTS;What happened in Thrissur was political horse-trading Pooram?: CPI candidate not defeated