ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ജെജെപി-എഎസ്പി സഖ്യം. 19 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഒക്ടോബറിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജനനായക് ജനത പാര്‍ട്ടി(ജെജെപി) 15 സ്ഥാനാര്‍ഥികളുടേയും ആസാദ് സമാജ് പാര്‍ട്ടി (എഎസ്പി) നാല് സ്ഥാനാര്‍ഥികളുടെ പട്ടികയുമാണ് പ്രഖ്യാപിച്ചത്. ഹരിയാന മുന്‍ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല ഉച്ചന മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. പാര്‍ട്ടി സെക്രട്ടറി ദിഗ്വിജയ് ചൗട്ടാല ദാബ്വല്ലിയില് ന്നാണ് മത്സരിക്കുന്നത്.
സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലും സഖ്യം മത്സരിക്കുന്നുണ്ട്. ജെജെപി 70 മണ്ഡലങ്ങളിലും എഎസ്പി 20 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും വൈകാതെ പ്രഖ്യാപിക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് സൂചന. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കേയാണ് രാഹുൽഗാന്ധിയുമായുള്ള കൂടികാഴ്ച്ച.
ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.