ഡോ. എ. അരവിന്ദ് പനഗാരിയ അധ്യക്ഷനായി പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു. വികസനവും കേന്ദ്ര – സംസ്ഥാന ബന്ധങ്ങളും സംബന്ധിച്ച സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ധന കമ്മീഷനു മുമ്പാകെ രേഖപ്പെടുത്താനുള്ള അവസരം കൂടിയാണ് വരുന്നത്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ജാഗ്രതാപൂര്‍ണമായ മന്നൊരുക്കങ്ങളാണ് നടത്തുന്നതതെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉതകുന്ന മൊമ്മോറാണ്ടം അടക്കം തയ്യാറാക്കുന്നതിനും, അത് കമ്മീഷനുമുമ്പാകെ അവതരിപ്പിക്കുന്നതിനും വിവിധ തലങ്ങളിലെ ആശയ വിനിമയങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ഒരു വര്‍ഷമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ പലവിധത്തില്‍ നടക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീണിട്ടുണ്ടെന്നത് രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇതിന്റെ ഭാഗമായതു തന്നെയാണ് സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത നിലപാടുകള്‍ യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്ന ആക്ഷേപങ്ങളും.
രണ്ടു കാര്യത്തിലും ശക്തമായ നിലപാടുകള്‍ കേരളം സ്വീകരിച്ചിട്ടുണ്ട്. ധന വിഭജനത്തിലെ വിവേചനപരമായ നീക്കം തിരുത്തണമെന്ന ആവശ്യമുന്നയിച്ച് കേരളത്തിന്റെ മന്ത്രിസഭയും എംഎല്‍എമാരും എംപിമാരുമടക്കം ഡെല്‍ഹിയില്‍ പ്രത്യക്ഷ സമരം നടത്തി. ധന വിഭവ വിതരണത്തിലെ ഏകഎക്ഷീയമായ യുണിയന്‍ സര്‍ക്കാര്‍ നിലപാടുകളെ ചോദ്യം ചെയ്തു കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന നിലയിലേക്ക് എത്തിനില്‍ക്കുന്നു. ഇതിനെത്തുടര്‍ന്ന് മറ്റ് പല സംസ്ഥാനങ്ങളും സമാന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്ന നിലയുണ്ടായി.
കേന്ദ്രത്തിന് അനുകൂലമായും സംസ്ഥാനങ്ങള്‍ക്കെതിരായും ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍ രൂപപ്പെട്ടുവരുന്ന അസമത്വം കാരണം ചില സംസ്ഥാനങ്ങള്‍ ഗുരുതരമായ വിഭവ പരിമിതി നേരിടുന്നു.
അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിയേണ്ടതുണ്ട്. അതാണ് സഹകരണ ഫെഡറലിസത്തിന്റെ ശാക്തീകരണത്തിനും ഉചിതമായ മാര്‍ഗം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ യോജിപ്പിന് മുന്‍കൈ എടുക്കുമെന്നത് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇപ്പോള്‍ ധനകാര്യ കമീഷന്‍ സംസ്ഥാനങ്ങളുമായുള്ള ആശയ വിനിമയം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള വേദികളില്‍ പ്രധാനപ്പെട്ട ഒന്നായിട്ടാണ് ധനകാര്യ കമ്മീഷനെ കേരളം പരിഗണിക്കുന്നത്. ധനകാര്യ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് ഈ ഘട്ടത്തില്‍ അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്.
അതിന് സഹായകമാകുന്ന നിലയില്‍ സംസ്ഥാനങ്ങളുടെ ഒരു ചര്‍ച്ചാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന ധന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 12ന് തിരുവനന്തപുരത്താണ് ഇത്തരത്തില്‍ ഒരു ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. 12ന് രാവിലെ 10ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യ മന്ത്രി ഹര്‍പാല്‍ സിങ് ചീമ, തമിഴ്നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ സംസാരിക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഉച്ചയ്ക്കുശേഷം നടക്കുന്ന ചര്‍ച്ചയില്‍ വിഷയ വിദഗ്ധരുടെ വലിയ നിര പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്‌മണ്യന്‍, കേരള സംസ്ഥാന ആസൂത്രണ കമീഷന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍, മുന്‍ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖരന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, നാലാം സംസ്ഥാന ധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം എ ഉമ്മന്‍, പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ അംഗം ഡോ. ഡി കെ ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധന്‍മാരായ ഡോ. പ്രഭാത് പട്നായിക്, പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമര്‍പ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ഡോ. സി പി ചന്ദ്രശേഖര്‍, ഡോ. ജയതി ഘോഷ്, ഡോ. സുശീല്‍ ഖന്ന, ഡോ. എം ഗോവിന്ദ റാവു, ഡോ. പിനാകി ചക്രവര്‍ത്തി, പ്രൊഫ. കെ എന്‍ ഹരിലാല്‍, റിട്ട. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ആര്‍ മോഹന്‍, സിഡിഎസ് ഡയറക്ടര്‍ ഡോ. സി വി വീരമണി, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ ജെ ജോസഫ്, എന്‍ഐപിഎഫ്പിയിലെ പ്രൊഫസര്‍ ലേഖ ചക്രബര്‍ത്തി, കേരള കാര്‍ഷിക സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഡോ. പി ഷഹീന, കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-ഏക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിലെ കെ കെ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാജ്യത്ത് സാമ്പത്തിക ഫെഡറിലസം വലിയതോതില്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ചാ സമ്മേളനത്തിന് കേരളം നേതൃത്വം നല്‍കുന്നത്. സംസ്ഥാനങ്ങള്‍ നേരിടുന്ന വികസന-ധനകാര്യ പ്രശ്നങ്ങള്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യപരമായ കേന്ദ്ര – സംസ്ഥാന ബന്ധത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യ സുസ്ഥിരത കാലഘട്ടം ആവശ്യപ്പെടുന്നതാണ്. അതിന്റെ പ്രധാന ഘടകമാണ് യൂണിയന്‍ സര്‍ക്കാരില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ധന വിഭവങ്ങള്‍. എന്നാല്‍, തികച്ചും വിഭിന്നമായ നിലപാടാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നീതിപൂര്‍വ്വമല്ലാത്ത ധന വിഭജന രീതികളാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരുന്നു. എന്നാല്‍, രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ 63 ശതമാനത്തോളം കേന്ദത്തിനാണ് കിട്ടുന്നത്.
യൂണിയന്‍ സര്‍ക്കാര്‍ വരുമാനം സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കേണ്ടതില്ലാത്ത പൂളിലേക്ക് മാറ്റപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. ഇതിനായി സെസ്, സര്‍ചാര്‍ജ് തുടങ്ങിയവ ആയുധമാക്കുന്നു. 2011-12ല്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ സെസ്, സര്‍ചാര്‍ജ് എന്നിവയുടെ പങ്ക് 9.4 ശതമാനമായിരുന്നു. 2022-23 അത് 22.8 ശതമാനമായി ഉയര്‍ന്നു. സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കുന്ന പൊതു പൂളില്‍ ഉള്‍പ്പെടുന്നില്ല. ഇത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുന്നു. പതിനഞ്ചാം ധന കമ്മീഷന്‍ യൂണിയന്‍ സര്‍ക്കാരിന്റെ വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ഫലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത് ഏകദേശം 29.6 ശതമാനം മാത്രം. ഇതിന് കാരണം ഉയര്‍ന്ന തോതിലുള്ള സെസും സര്‍ചാര്‍ജുമാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടുന്നവില്ല.
കേരളത്തിന് കേന്ദ്ര ധന വിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വരുന്ന ശുപാര്‍ശകളാണ് മുന്‍ ധനകാര്യ കമ്മീഷനുകളില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. പത്താം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വിഹിതം 3.875 ശതമാനമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചത് 1.92 ശതമാനവും. ഉത്തരപ്രദേശിന് പത്താം ധനകാര്യ കമ്മീഷന്‍ നീക്കിവച്ചത് 17.8 ശതമാനം. പതിനഞ്ചാം ധന കമ്മീഷന്‍ നിക്കിവച്ചത് 17.9 ശതമാനവും. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങള്‍ക്കും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളില്‍ വലിയ ധന നഷ്ടമാണുണ്ടായത്. കേരളത്തിന്റെ മൊത്തം നികുതി വരുമാനത്തിലെ കേന്ദ്ര നികുതി വിഹിത ഭാഗം വെറും 21 ശതമാനമാണ്. 79 ശതമാനവും സംസ്ഥാനം തന്നെ സമാഹരിക്കുന്നതാണ്. എന്നാല്‍, ദേശീയ ശരാശരി 65 ശതമാനമാണ്.
അതായത് ഒട്ടേറെ സംസ്ഥാനങ്ങള്‍ക്ക് മൊത്തം നികുതി വരുമാനത്തിന്റെ ശരാശരി 65 ശതമാനം വരെ കേന്ദ്ര നികുതി വിഹിതമായി ലഭിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിന് ശരാശരി 45 ശതമാനം വരെ ലഭിച്ചിരുന്ന കേന്ദ്ര നികുതി വിഹിതമാണ് ഇപ്പോള്‍ 21 ശതമാനത്തിലേക്ക് കൂപ്പുകൂത്തിയത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് അവകാശങ്ങളിലും ഇത്തരം വിവേചന നിലപാടുകള്‍ നിലനില്‍ക്കുന്നു. ധനകാര്യ കമ്മീഷന്‍ മാനദണ്ഡ രൂപീകരണം മൂലം ചില സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വലിയ വരുമാന നഷ്ടം പരിഹരിക്കാന്‍ എന്ന പേരില്‍ നിര്‍ദേശിച്ച റെവന്യു കമ്മി ഗ്രാന്റും മതിയായ നഷ്ട പരിഹാരമായില്ല. അര്‍ഹതപ്പെട്ട നിലയില്‍ നികുതി വിഹിതം തുടര്‍ന്നും ലഭിച്ചേ മതിയാകൂ. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റിലും കാലികമായ വര്‍ധന ആവശ്യമാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന കേരളത്തിന് പ്രത്യേക അധിക സഹായത്തിനും അര്‍ഹതയുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ സാമ്പത്തിക വിവേചനം നേരിടേണ്ടിവരുന്നു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയുടെ ഭാഗമാകും. പൊതുനിലപാടുകളുടെ ആവശ്യകത സംബന്ധിച്ച ധാരണകള്‍ക്കും സമ്മേളനം വേദിയാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
CONTENT HIGHLIGHTS; Kerala takes initiative for united stand of states against Centre: Finance Minister KN Balagopal to call meeting of 5 states