‘അ’ എന്ന അക്ഷരത്തില്‍ തുടങ്ങി സര്‍വ്വ ചരാചരങ്ങളെ കുറിച്ചും ഹൃദ്ദിസ്ഥമാക്കുന്ന ഒരു മനുഷ്യന് വഴികാട്ടിയായ നിരവധി പേരുണ്ടാകും. എന്നാല്‍, ആ വഴികാട്ടികളില്‍ വരച്ചിടാന്‍ കഴിയുന്ന പ്രധാന പേരുകാരാണ് അധ്യാപകര്‍ എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ജീവിതത്തില്‍ എന്തൊക്കെ അറിവുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടോ, അതിന്റെയെല്ലാം ആണിക്കല്ല് അധ്യാപകരാണ്. നേര്‍ വഴിയിലൂടെ നടക്കാനും, നല്ലതു വായിക്കാനും പഠിപ്പിച്ചവര്‍. ആദ്യാക്ഷരം എഴുതിച്ച ആശാന്‍ മുതല്‍ അവസാനം പഠിച്ചിറങ്ങുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രൊഫസര്‍ വരെയും നമ്മുടെ ജീവിതത്തെ നിയന്ത്രിച്ചവരാണ്.
ജീവിതമെന്ന പാഠശാലയില്‍ കണ്ടുമുട്ടുന്നവരും, കണ്ടുമുട്ടാനിരിക്കുന്നവരും നമുക്ക് അധ്യാപകര്‍ തന്നെയാണ്. ‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്ന വിശ്വസം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ആ വിദ്യ പകര്‍ന്നു തരുന്നവര്‍ ഈശ്വരന് തുല്യവും. മാതാ-പിതാ-ഗുരു- ദൈവം എന്നാണ് പ്രമാണം. ഇന്ന് അധ്യാപക ദിനം. വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ ചിന്തകനും, രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
അക്ഷരങ്ങളിലൂടെ അറിവിന്റെ പുതു ലോകത്തേക്ക് ചുവടുവെക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നാളെയുടെ അവിഭാജ്യ ഘടകമാകാന്‍ പോകുന്ന ഓരോ മനുഷ്യന്റെയും നിഴല്‍ പോലെ നേര്‍വഴി കാണിച്ച ഓരോ അധ്യാപകരെയും ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കണം. പിന്നീടങ്ങോട്ട് ഓരോ ചവിട്ടുപടികളും കയറാന്‍ നമ്മെ പ്രേരിപ്പിച്ച, ഇടപഴകുന്ന ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ അത്രത്തോളം സ്വീധീനം ചെലുത്താന്‍ കഴിയുന്ന വിഭാഗമാണ് അധ്യാപകര്‍. അങ്ങനെ വിദ്യാലയ ജീവിതത്തില്‍ കടന്നുവന്നിട്ടുള്ള ഓരോ അധ്യാപകരെയും ഓര്‍ക്കാന്‍ ഒരു ദിനമാണിന്ന്.
കുട്ടികള്‍ക്ക് പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുക മാത്രമല്ല, മറിച്ച് വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളെ, അവയുടെ പരിമിതികളെ അവയിലെ അവസരങ്ങളെയെല്ലാം സൂക്ഷമായി നിരീക്ഷിക്കാനും അവയെ പ്രയോജനപ്പെടുത്താനും വേണ്ട രീതിയില്‍ കുട്ടിയുടെ മനസ്സിനെ പാകപ്പെടിത്തിയെടുക്കുകയെന്ന ധര്‍മ്മം കൂടിയുണ്ട് അധ്യാപകന്. കേവലം പരീക്ഷയെ നേരിടാന്‍ മാത്രമുള്ള അറിവല്ല, മറിച്ച് സഹജീവിബന്ധവും സ്‌നേഹവും കരുണയും എല്ലാം പഠിക്കുന്നതും അധ്യാപകനില്‍ നിന്നു തന്നെ. ഇന്നോളമുണ്ടായിട്ടുള്ള വിദ്യാഭ്യാസ ജീവിതത്തില്‍ ആദ്യത്തേതാണ് കൊറോണക്കാലത്ത് കുരുന്നുകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരിടേണ്ടി വന്നത്.
എന്നാല്‍ ദുഷ്‌കരമായി തോന്നിയ ആ അവസ്ഥയും തരണം ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിച്ചത് അധ്യാപകരുടെ പിന്‍ബലമാണ്. എല്ലാ നന്മയുടെയും ഉറവിടമായി അധ്യാപനം ഇന്നും മഹത്വപൂര്‍ണ്ണമായ ആദരവ് ഏറ്റുവാങ്ങുന്നു. ഏത് ദുഷ്‌കരമായ സാഹചര്യത്തിലും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് അധ്യാപകര്‍. സമൂഹത്തിന് അധ്യാപകര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെ അംഗീകരിക്കുന്നതിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. അവര്‍ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായി മാറുകയും യുവതലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അടിത്തറയിടുകയും യുവാക്കളുടെ വിജയം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നുണ്ട് അധ്യാപകര്‍. സമൂഹത്തില്‍ അവരുടെ പങ്ക് വളരെ വലുതാണ്. തലമുറകളെ വിദ്യാസമ്പരും രാജ്യ സ്‌നേഹികളുമാക്കി എടുക്കാന്‍ അധ്യാപകര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. ഈ ദിനം അധ്യാപകരുടെ അശ്രാന്ത പരിശ്രമത്തെ തിരിച്ചറിയുക മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തന ശക്തിയെ അടിവരയിടുകയും ചെയ്യുന്നു. അവര്‍ നാളെയുടെ നല്ല പൗരന്മാരെ സൃഷ്ടിക്കുന്നവരാണ്. അവരുടെ അറിവും സ്നേഹവും ചുറ്റുപാടിനോടുള്ള ഉത്തരവാദിത്തവും ഊട്ടി ഉറപ്പിക്കുന്ന. വിദ്യാര്‍ഥികളുടെ ഭാവി നിര്‍മിക്കാന്‍, അവര്‍ക്ക് പാഠങ്ങള്‍ പഠിപ്പിക്കുന്നതിലുപരി, ജീവിതത്തില്‍ വിജയിക്കാന്‍ ആവശ്യമായ മൂല്യങ്ങളും പിന്തുണയും നല്‍കുന്നു.
ഒരു അധ്യാപകന്‍ ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലേക്കും മനസ്സിലേക്കും കരുത്തും ആത്മവിശ്വാസവും നല്‍കുന്നു. അവര്‍ കുട്ടികളുടെ ചിന്താശേഷി വികസിപ്പിക്കുകയും അവര്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയാനും വളര്‍ത്താനും സഹായിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം ഒരു ജനതയുടെ പുരോഗതിക്കുള്ള അടിസ്ഥാന മൂല്യമാണ്. ഇതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസ്തുലവും. മികച്ച അധ്യാപകര്‍ എപ്പോഴും കുട്ടികളെ പ്രചോദിപ്പിക്കുകയും, സവിശേഷതകളാല്‍ പൂര്‍ണ്ണമായ വ്യക്തിത്വങ്ങള്‍ ആകാനും സഹായിക്കുന്നു. അവരുടെ അറിവും നൈപുണ്യവും വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സമൂഹത്തിനും പകര്‍ന്നു നല്‍കുന്നു. ഗുരുവിനെ ദൈവ തുല്യമായി കാണുന്ന സംസ്‌ക്കാരമാണ് ഇന്ത്യ പിന്തുടരുന്നത്.
അധ്യാപക ദിനത്തിന്റെ ഉപജ്ഞാതാവിനെ കുറിച്ച് (ഡോ. എസ് രാധാകൃഷ്ണന്‍)
മദ്രാസിലെ തിരുത്തണി എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്‌മണ കുടുംബത്തിലെ സര്‍വേപ്പള്ളി വീരസ്വാമിയുടേയും സീതമ്മയുടേയും മകനായി 1888 സെപ്റ്റംബര്‍ 5 നാണ് ഡോ. എസ് രാധാകൃഷ്ണന്‍ ജനിച്ചത്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1909ല്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1918 മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും രാധാകൃഷ്ണന്‍ ധാരാളമായി എഴുതുമായിരുന്നു. ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോര്‍’ എന്ന ആദ്യത്തെ പുസ്തകം പൂര്‍ത്തീകരിക്കുന്നത് ഈ കാലയളവിലാണ്.
തന്റെ രണ്ടാമത്തെ പുസ്തകമായ ‘ദ റീന്‍ ഓഫ് റിലീജിയന്‍ ഇന്‍ കണ്ടംപററി ഫിലോസഫി’ പൂര്‍ത്തിയാക്കുന്നത് 1920 ലാണ്. 1921ല്‍ അദ്ദേഹം കല്‍ക്കട്ടാ സര്‍വ്വകലാശാലയില്‍ ഫിലോസഫി പ്രൊഫസറായി ചേര്‍ന്നു. 1926 ജൂണില്‍ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സര്‍വ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തില്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച അദ്ദേഹത്തിന് 1929-ല്‍ ഓക്സ്ഫഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനവും ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പഠനങ്ങളവതരിപ്പിക്കാന്‍ ഈ നിയമനം അദ്ദേഹത്തിന് സഹായകമായി.
താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡില്‍ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങള്‍ നടത്തി. 1931-ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നല്‍കി ആദരിച്ചു. അതോടെ സര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെട്ടു തുടങ്ങി. ഭാരതീയ ദര്‍ശനങ്ങള്‍ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിലെ അദ്ദേഹത്തിന്റെ പ്രഭാഷണമാണ് വാസ്തവത്തില്‍ ഭാരതീയ ദര്‍ശനങ്ങളെപ്പറ്റി പാശ്ചാത്യര്‍ അന്വേഷിച്ചു തുടങ്ങിയത്. 1952ല്‍ സര്‍വേപള്ളി രാധാകൃഷ്ണന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ദേശീയവും അന്തര്‍ദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. നീണ്ട പത്തുവര്‍ഷം ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ 1962 മേയ് 13 ന് ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതി മാത്രമല്ല, പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന പുരസ്‌കാര ജേതാവും കൂടിയായിരുന്നു. ഡോ. രാധാകൃഷ്ണനെ പോലെയുള്ള അധ്യാപകര്‍ രാജ്യത്തിന്റെ ഭാവിയുടെ നിര്‍മാതാക്കളാണ്. അവര്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജീവിതം ഉത്തരവാദിത്തത്തോടെ നയിക്കാന്‍ ശരിയായ അറിവും വിവേകവും കൊണ്ട് സായുധരാണെന്ന് ഉറപ്പാക്കുന്നു.
എല്ലാ നേട്ടങ്ങളും സംഭാവനകളും നല്‍കിയിട്ടും, ഡോ. രാധാകൃഷ്ണന്‍ ജീവിതത്തിലുടനീളം അധ്യാപകനായി തുടര്‍ന്നു. ഒരിക്കല്‍ തന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ ശിഷ്യരെയും സുഹൃത്തുക്കളെയും അതില്‍ നിന്ന് പിന്തിരിപ്പിച്ച അദ്ദേഹം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി തന്റെ ജന്മദിനം മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആ മാതൃകാധ്യാപകന്റെ സ്വപ്നമാണ് പിന്നീട് നമ്മുടെ ജീവിതത്തില്‍ അധ്യാപകരുടെ പ്രാധാന്യത്തെ അനുസ്മരിക്കുന്ന ദിവസമായി സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുന്നതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്.
CONTENT HIGHLIGHTS; Don’t forget the teachers who opened the doors of knowledge: Today is Teacher’s Day