തിരുവനന്തപുരം: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടി.ടി.സി. വിദ്യാർഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കരിമ്പളളിക്കര സ്വദേശി ഷൈജുവിന് (30) എതിരെയാണ് ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം വിഴിഞ്ഞം പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ട് 4:15-ഓടെ വിഴിഞ്ഞം-മുക്കോല-ഉച്ചക്കട റോഡിൽ കിടാരക്കുഴിയിലായിരുന്നു അപകടം. അപകടമുണ്ടാക്കിയശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുക പോലും ചെയ്യാതെ ഷൈജു ഓട്ടോറിക്ഷയുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബി.എൻ.എസ് നിലവിൽ വന്നശേഷം വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ ആദ്യമായാണ് നരഹത്യക്ക് കേസെടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.