വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകര്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് ഓര്‍ത്തു വെച്ചിരിക്കുന്ന ഒരു ടിവി പരിപാടിയാണ് നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍. ഒരുപാട് പേര്‍ ജീവിതത്തിലേക്ക് കരകയറി വന്ന ഒരു പരിപാടി കൂടിയായിരുന്നു അത്. അതിന്റെ ഹോസ്റ്റ് ആയിരുന്ന സുരേഷ് ഗോപി തന്നെയായിരുന്നു ആ ഷോയുടെ പ്രധാന ആകര്‍ഷണവും. ഇപ്പോള്‍ ഇതാ എങ്ങനെയാണ് താന്‍ നിങ്ങള്‍ക്കും ആകാന്‍ കോടീശ്വരന്‍ എന്ന പരിപാടിയിലേക്ക് എത്തിയത് എന്ന് പറയുകയാണ് താരം.
‘ഹു വാണ്‍സ് ടു ബി എ മില്ല്യനെയര്‍ എന്ന ലോകം കീഴടക്കിയ പരമ്പരയുടെ ഭാരതീയ വേര്‍ഷന്‍ വന്നപ്പോള്‍ അമിതാഭ്ബച്ചന്‍ അത് ചെയ്തത്. എനിക്ക് തോന്നുന്നു 2001ലോ 2002 ലോ ആണ് ആണത്. ബോംബെ നഗരത്തില്‍ ട്രാഫിക് എന്ന് പറയുന്നത് തീരെ ഇല്ലാതായ ചരിത്രപരമായ ദിനം ആയിരുന്നു ആദ്യത്തെ എപ്പിസോഡ് ചെയ്യുന്ന ദിവസം. അവിടുത്തെ ഡിജിപി പറഞ്ഞതാണ്, ഉച്ചമുതല്‍ ബോംബെ റോഡ് എല്ലാം ഫ്രീ ആയിരുന്നു എന്ന്. അന്ന് ഞാനും എന്റെ ശ്രീമതിയും കൂടെ എവിടെയും പോകാതെ ഇരുന്ന് കണ്ടു ഒരു നിനവ് എന്ന് പറയുന്ന തിളക്കത്തോടെ. കാരണം ഇത് എന്റെ ജീവിതത്തിലേക്ക് വന്ന് ഭവിക്കാന്‍ പോവുകയാണ് എന്ന് എനിക്ക് സത്യത്തില്‍ അറിയില്ലായിരുന്നു. പിന്നെ അത് കഴിഞ്ഞ് ഞങ്ങള്‍ ഇതിന്റെ സ്ഥിരം പ്രേക്ഷകരായി. മക്കളൊക്കെ ചെറുതാണ്. ആദ്യത്തെ ഒരു സീരീസ് അവസാനിക്കുന്ന ദിവസം രാധിക പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഏട്ടാ..ഇത് മലയാളത്തില്‍ ചെയ്യണമെന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ ആ പ്രോഗ്രാം ചെയ്യുന്നത് ഏട്ടന്‍ ആയിരിക്കും, ആ പ്രോഗ്രാമിന്റെ ഹോസ്റ്റ് ഏട്ടന്‍ ആയിരിക്കും എന്ന്. ഇപ്പോഴും അത് പറയുമ്പോള്‍ എനിക്ക് ഇപ്പോള്‍ രോമാഞ്ചം വരുന്നു. അത് ഒരു പ്രവചനം പോലെയായി.’
‘2011ല്‍ മാധവന്‍ജി ആദ്യമായി എന്നെ ഇതിനുവേണ്ടി സമീപിച്ചപ്പോള്‍ അന്ന് ഞാന്‍ ഇത് ചെയ്യില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. അന്ന് മോഹന്‍ലാലാണ് പറഞ്ഞത് അത് ചെയ്യാന്‍ അവന്‍ ഒരുത്തനേ ഉള്ളൂ എന്ന്. അവന്‍ തന്നെയാണ് അത് ചെയ്യേണ്ടത് എന്ന്. അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍, അതിന് ആദരവ് പകര്‍ന്നുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടുന്നത്. ഞാനിപ്പോള്‍ സിദ്ധാര്‍ത്ഥ്ജിയെ ഓര്‍ക്കുകയാണ്. എന്റെ വിരലുകള്‍ എപ്പോഴും സ്‌ക്രീനില്‍ ഉണ്ടാകണമെന്ന പുതിയൊരു ക്ലാസ് എനിക്ക് എടുത്തു തന്നത് അദ്ദേഹമാണ്. എപ്പോഴെങ്കിലും എന്റെ കൈ താഴെ പോയാല്‍ അദ്ദേഹം എന്നോട് പറയും എന്റെ നീളമുള്ള വിരലുകള്‍ അദ്ദേഹത്തിന് ആ സ്‌ക്രീനില്‍ വേണം എന്ന്. നിങ്ങള്‍ വേണമെങ്കില്‍ ക്രോണോളജി ചെക്ക് ചെയ്‌തോളൂ, അതിന് മുന്‍പ് നിങ്ങള്‍ എന്റെ കൈയ്യില്‍ ഇത്രയും മോതിരങ്ങള്‍ കണ്ടിട്ടുണ്ടാവുകയില്ല’, സുരേഷ് ഗോപി പറഞ്ഞു.
STORY HIGHLIGHTS: Suresh Gopi about Ningalkkum Aakaam Kodeeshwaran