പണിയൊന്നും എടുക്കാതെ കിടന്നുറങ്ങി കൊണ്ട് ശമ്പളം വാങ്ങാൻ സാധിച്ചാൽ എങ്ങനെ ഇരിക്കും ? വെറുതെ 8 മണിക്കൂർ ഉറങ്ങുക, എന്നിട്ട് 10 ലക്ഷം വരെ ശമ്പളം വാങ്ങുക.. കേട്ടിട്ട് വട്ടായെന്നൊന്നും തോന്നേണ്ട.. ഉള്ള കാര്യം തന്നെയാണ് പറഞ്ഞത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ വേക്ക്ഫിറ്റ് ആണ് ഇത്തരം ഒരു ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.
നാലാം തവണയാണ് കമ്പനി ഇത്തരത്തിൽ ‘സ്ലീപ്പ് ഇൻ്റേൺ’ ആയി ഉദ്യോഗാർത്ഥികളെ എടുക്കുന്നത് . മൂന്നാം സീസണിൽ ബാംഗ്ലൂരിൽ നിന്നുള്ള സായിശ്വരി പാട്ടീലായിരുന്നു സ്ലീപ്പ് ചാമ്പ്യൻ പട്ടം സ്വന്തമാക്കി. 9 ലക്ഷമായിരുന്നു അവർ പ്രതിഫലമായി നേടിയത്. ജോലി നിങ്ങൾക്ക് യോജിച്ചതാണെന്ന് തോന്നുന്നുണ്ടെങ്കിൽ ഇനിയൊന്നും ആലോചിക്കേണ്ട, വേക്ക്ഫിറ്റിന്റെ ഔദ്യോഗിക പേജിൽ കയറി മറ്റ് വിവരങ്ങൾ കൂടി പരിശോധിച്ച് അപേക്ഷിച്ചേക്കൂ.
കമ്പനിയുടെ സ്ലീപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാമിനെ കുറിച്ച് വിശദമായി തന്നെ അറിയാം.
രണ്ട് മാസത്തേക്കാണ് ജോലി. ‘പണി’ എടുക്കേണ്ട സ്ഥലം ‘കിടക്ക’ തന്നെ. സ്റ്റൈപ്പെന്റായി 1 മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും. വെറുതെ ഉറങ്ങിയാൽ പത്ത് ലക്ഷമോ എന്നാണോ? എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം. രാത്രിയിൽ കുറഞ്ഞത് 8 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം. രാവിലെ ഒരു 20 മിനിറ്റ് കൂടി മയങ്ങാൻ സാധിച്ചാൽ അത്തരക്കാർക്ക് മുൻഗണന ഉണ്ട്. വാരാന്ത്യങ്ങളിൽ ഉറക്കസമയം അൽപം നീട്ടേണ്ടി വരും. പരിചയസമ്പന്നരായ ‘സ്ലീപ്പ് മെൻ്റർമാരുടെ’, വർക്ക് ഷോപ്പുകളിൽ പങ്കെടുക്കേണ്ടി വരും.
എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുന്നവർക്ക് അപേക്ഷിക്കാം. ഉറക്കം സന്തുലിതമായി കൊണ്ടുപോകാൻ സാധിക്കുന്നവർക്കാണ് മുൻഗണന. നല്ല അച്ചടക്കം പാലിക്കണം. അതായത് ഔദ്യോഗിക കോളുകളോ അല്ലെങ്കിൽ മറ്റ് സോഷ്യൽ ആക്ടിവിറ്റികളോ ഒന്നും തന്നെ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാൻ പാടില്ല. സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യാനും കഴിയണം. മാനസികവും ശാരീരികവുമായ എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് വേക്ക്ഫിറ്റിൻ്റെ അത്യാധുനിക മെത്തകളിൽ ഉറങ്ങണം.
അപേക്ഷകർ 22 വയസിന് മുകളിലുള്ളവർ ആയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയിരിക്കണം.തിരഞ്ഞെടുത്ത സ്ലീപ്പ് ഇൻ്റേണുകൾക്ക് 1 ലക്ഷവും ഈ വർഷത്തെ സ്ലീപ്പ് ചാമ്പ്യനായി അംഗീകരിക്കപ്പെടുന്ന ഇൻ്റേണിന് 10 ലക്ഷവും ശമ്പളമായി ലഭിക്കും.
content highlight: sleep intern