ദക്ഷിണ കേരളത്തിൽ പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിൽ നിലവിലുള്ള ഒരു കലാരൂപമാണ് പടയണി. യുദ്ധവിന്യാസത്തെ കുറിക്കുന്ന ‘പടശ്രേണി’ എന്ന പദത്തിൽ നിന്നും ഉത്ഭവിച്ചതാണ് പടയണി അഥവാ പടേനി. ഭദ്രകാളീ ദേവി ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു അനുഷ്ഠാന കലയാണിത്. ദാരികനെ വധിച്ചിട്ടും തീരാതെയിരുന്ന കാളിയുടെ കോപം ശമിപിപ്പിക്കുവാൻ ശ്രീ പരമേശ്വരനും ദേവന്മാരും കോലം കെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ് ഐതീഹ്യം.
ഒട്ടു മിക്ക ദേവീക്ഷേത്രങ്ങളിലും പടയണി നടത്താറുണ്ടെങ്കിലും കടമ്മനിട്ട പടയണി പ്രശസ്തമാണ്. പടയണിയുടെ നാടായതുകൊണ്ട് പടയണി ഗ്രാമമെന്നാണ് കടമ്മനിട്ടയെ അറിയപ്പെടുന്നത്.
തിരുവല്ല, പന്തളം തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭഗവതി ക്ഷേത്രങ്ങളിൽ ഈ അനുഷ്ഠാന കലാരൂപം ഇന്നും പതിവുണ്ട്. പണ്ട് പതിമൂന്നു ദിവസങ്ങളിലായി നടത്തിയിരുന്ന പടയണി ഇന്ന് ഏക ദിനമായി ചുരുങ്ങിയിട്ടുമുണ്ട്.
പടയണിയുടെ ആദ്യത്തെ ചടങ്ങ് ‘കാച്ചിക്കെട്ടാ’ണ്. പടയണിയുള്ള വിവരം ദേശവാസികളെ തപ്പുകൊട്ടി അറിയിക്കലാണിത്. ‘കാപ്പൊലി’യാണ് അടുത്തത്. മരത്തൂപ്പകളോ ( ഇലകളോട് കൂടിയ മരച്ചില്ല ), വെള്ള തോർത്തുകളോ വീശിക്കൊണ്ട് ആർത്തു വിളിച്ച് താളം ചവിട്ടുന്നതാണ് ഇതിന്റെ സ്വഭാവം. കൈമണിയുമായി താളം തുള്ളുകയാണ് അടുത്ത ചടങ്ങ് ( താവടി തുള്ളൽ ). ‘പന്നത്താവടിയും’ പതിവുണ്ട്. താവടി തുള്ളലിൽ ചെണ്ട തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കുമ്പോൾ പന്നത്താവടിക്ക് പാളയും മറ്റും കൊണ്ടുള്ള വാദ്യമാതൃകകളാണ് ഉപയോഗിക്കുക. തുടർന്ന് വെളിച്ചപ്പാട്, പരദേശി മുതലായ ഹാസ്യാനുകരണങ്ങളും ഉണ്ടാകും. കാപ്പൊലി തുടങ്ങുന്ന ദിവസം തന്നെ തുള്ളലും തുടങ്ങും.
ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷിക്കോലം, കാലക്കോലം, പിശാചുക്കോലം, മാടൻകോലം, മറുതക്കോലം, ഭൈരവി കോലം, ഗന്ധർവ്വൻ കോലം, മുകിലൻ കോലം തുടങ്ങിയ ദേവതകളുടെ കോലങ്ങൾ തലയിൽ വെച്ച് കൊണ്ട് തുള്ളുന്നു. തുള്ളലിനനുസരിച്ച് പാട്ടുകളും പാടും. പച്ച പാളയിൽ കോലമെഴുതി മുഖത്ത് കൊട്ടും. പാലാ കൊണ്ടുള്ള മുടിയിലും രൂപങ്ങൾ ( കോലങ്ങൾ ) ചിത്രീകരിക്കും. പ്രകൃതിയിൽ നിന്നും എളുപ്പത്തിൽ ലഭിക്കുന്ന കരി, ചെങ്കല്ല് തുടങ്ങിയ വസ്തുക്കൾ കൊണ്ടാണ് കോളമെഴുതുന്നതിനുള്ള ചായങ്ങൾ ഉണ്ടാക്കുന്നത്. കോലം തുള്ളുന്നതിൽ മെയ്യ് വഴക്കം സിദ്ധിച്ചവരും പാരമ്പര്യ വഴിക്ക് അഭ്യാസം സിദ്ധിച്ചവരുമാണ് പടയണിയിൽ പ്രായേണ ഏർപ്പെട്ടു പോരുന്നത്. കാലം കോലം തുടങ്ങിയ ചില കോലങ്ങൾ തുള്ളുവാൻ പ്രത്യേകം വ്രതാനുഷ്ഠാനങ്ങൾ കൂടിയിരിക്കണം എന്നുണ്ട്.
ചിത്രീകരിച്ച കോലങ്ങൾ കാഴ്ചയിൽ ഭീകരങ്ങൾ ആയിരിക്കും. കാലൻ കോലം തുള്ളുമ്പോൾ കൈകളിൽ വാളും പന്തവുമെടുത്തിരിക്കും. കൂടാതെ കൈയിൽ കയറും ചുറ്റിയിരിക്കും. ഭൈരവിക്കോലമാണ് ഏറ്റവും വലുത്. നൂറ്റൊന്ന് പാള കൊണ്ടാണ് അതുണ്ടാക്കുന്നത്. അവസാനമാണ് ഈ കോലം തുള്ളുക. പന്തലിനു പുറത്ത് കുറച്ചകലെയായി തുള്ളി ഒഴിയും. പടയണിക്ക് താപ്പണ് പ്രധാന വാദ്യം. ചെണ്ടയും കൈമണിയും ഉപയോഗിക്കുന്ന്ന സന്ദർഭങ്ങളുമുണ്ട്. തീ വെട്ടികളുടെയും ഓലച്ചൂട്ടുകളുടെയും വെളിച്ചത്തിലാണ് കോലങ്ങൾ തുള്ളുന്നത്. ദേവി പ്രീണനം, പിശാചുക്കളെ ഉച്ചാടനം ചെയ്യൽ എന്നിവയത്രെ ഈ അനുഷ്ഠാന കലയുടെ ലക്ഷ്യം.
പടയണിയിൽ ആളുകളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്ന രംഗങ്ങളുണ്ട്. ജാതി മത ഭേത്യമെന്യേ സ്വദേശിയരും വിദേശികളും ഭക്ത്യാദര പൂർവ്വം പടയണി ആസ്വദിക്കുന്നു.
STORY HIGHLIGHT: PADAYANI